ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

By

Published : Jul 1, 2023, 7:41 PM IST

thumbnail

ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. നെടുങ്കണ്ടം തൂവൽ സ്വദേശി കായപ്ലാക്കൽ ബിനോയിക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ശനിയാഴ്‌ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. 

കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടുപന്നി ഇയാളെ ആക്രമിക്കുകയായിരുന്നു. നിലത്തേയ്‌ക്ക് വീണ ബിനോയിക്ക് നേരെ കാട്ടുപന്നി വീണ്ടും പാഞ്ഞടുത്തു. സമീപത്തെ കുഴിയിലേക്ക് ബിനോയ്‌ വീണതോടെയാണ് കാട്ടുപന്നി പിന്മാറിയത്. ബിനോയിയുടെ കാലിലും പുറത്തുമാണ് പരിക്കേറ്റത്. 

ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മേഖലയിൽ കാട്ടുപന്നികൾ ഉണ്ടെങ്കിലും പകൽ സമയത്ത് കാർഷിക മേഖലയിൽ മുൻപ് ശല്യം ഉണ്ടായിട്ടില്ല. അതേസമയം, സീതത്തോട് കൊച്ചുകോയിക്കൽ ഭാഗത്തെ ജനവാസ മേഖലയിൽ നാട്ടുകാർ കണ്ടെത്തിയ ആറ് മാസത്തോളം പ്രായമുള്ള പുലിക്കുട്ടിയെ കഴിഞ്ഞ ദിവസം വനപാലകരെത്തി പിടികൂടിയിരുന്നു. നാട്ടുകാരെ കണ്ടിട്ടും പുലിക്കുട്ടി ആക്രമിക്കാനോ രക്ഷപ്പെടാനോ ശ്രമിച്ചില്ല. 

ഇവിടെയുള്ള വഴി മുറിച്ചുകടന്ന് സമീപമുള്ള അരുവിയുടെ അരികിലേക്കും പുലിക്കുട്ടി എത്തിയിരുന്നു. തുടർന്ന് ഒഴുക്കുള്ള അരുവി മുറിച്ചുകടക്കാൻ പുലിക്കുട്ടി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകർത്തിയിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.