'ഡിവൈഎഫ്ഐയ്‌ക്ക് വേറെ പണിയില്ല'; മനുഷ്യച്ചങ്ങലയെ പരിഹസിച്ച് വി മുരളീധരൻ

By ETV Bharat Kerala Team

Published : Jan 18, 2024, 7:49 PM IST

thumbnail

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan against DYFI Human Chain Protest). ഡിവൈഎഫ്ഐക്കാർക്ക് വേറെ പണിയില്ലാത്തതുകൊണ്ടും അടിക്കാൻ യൂത്ത് കോൺഗ്രസുകാരെ അടുത്തൊന്നും കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ടുമാണ് മനുഷ്യച്ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നതെന്ന് വി മുരളീധരൻ പരിഹസിച്ചു. 'അടിയന്തരാവസ്ഥ കാലത്ത് ഡിവൈഎഫ്ഐക്കാർ എന്താണ് ചെയ്‌തതെന്ന് നമുക്കറിയാം. ഡിവൈഎഫ്‌ഐക്ക് ഇപ്പോൾ ആരെ വേണമെങ്കിലും അടിക്കാവുന്ന സ്ഥിതിയാണ്. ഒരു കുഴപ്പവും ഉണ്ടാകില്ല. അതുകൊണ്ട് അവർ മനുഷ്യച്ചങ്ങല പിടിക്കുന്നു'- വി മുരളീധരൻ പറഞ്ഞു. ഡിവൈഎഫ്‌ഐ ഉയർത്തുന്ന ചോദ്യത്തിന് യാതൊരു കൃത്യതയുമില്ലെന്നും കേന്ദ്ര സഹമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ജനുവരി 20നാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യച്ചങ്ങല അണിനിരക്കുക. വൈകുന്നേരം 4 മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല തീർക്കുക. ആദ്യ കണ്ണിയായി ദേശീയ പ്രസിഡന്‍റ് എ എ റഹീമും അവസാന കണ്ണിയായി ഡിവൈഎഫ്ഐ പ്രഥമ പ്രസിഡന്‍റ് ഇ പി ജയരാജനും അണിചേരും. 20 ലക്ഷത്തിലധികം ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.