ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് എസ്‌എഫ്‌ഐയുടെ ക്രൂര മര്‍ദനം; വധ ശ്രമത്തിന് കേസെടുത്ത് പൊലീസ്

By ETV Bharat Kerala Desk

Published : Jan 18, 2024, 7:47 PM IST

thumbnail

എറണാകുളം: മഹാരാജാസ് കോളജിലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ  യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റതിന് പിന്നാലെയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ബിലാലിന് നേരെ ആക്രമണമുണ്ടായത്. ആംബുലന്‍സില്‍ കയറിയും ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയും മര്‍ദനമുണ്ടായിട്ടുണ്ട്. പരിക്കേറ്റ ബിലാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ബിലാല്‍ എറണാകുളത്ത് വാടകക്ക് താമസിക്കുകയാണ്. ഇന്ന് (ജനുവരി 18) പുലര്‍ച്ചെ 1.30നാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ബിലാലിനെ മര്‍ദിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് ശരീരമാസകലം വരയുകയും ചെയ്‌തു. ആക്രമണത്തില്‍ പരിക്കേറ്റ ബിലാലിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ആശുപത്രിയില്‍ എത്തിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബിലാലിനെ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ബിലാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതിനായി ആംബുലന്‍സില്‍ കയറ്റിയതിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറിയും മര്‍ദിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ കയ്യേറ്റ ചെയ്‌തുവെന്ന ഡോക്‌ടറുടെ പരാതിയിലും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചു.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.