ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട വ്യാഴാഴ്‌ച (16.11.2023) വൈകുന്നേരം തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്‌ഠര് മഹേഷ് മോഹനരാണ് നടതുറന്നത്. നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലിലുണ്ടായിരുന്നത്. നിയുക്ത ശബരിമല മേൽശാന്തിയായി മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പിഎന്‍ മഹേഷ്, മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ അഞ്ഞൂര്‍ പൂങ്ങാട്ട് മന പിജി മുരളി എന്നിവരെ തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അവരോധിച്ചു. വൃശ്ചികം ഒന്നായ വെള്ളിയാഴ്‌ച (17.11.2023) പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും. ഡിസംബര്‍ 27 നാണ് മണ്ഡല പൂജ. അന്ന് രാത്രി 10 ന് നട അടയ്‌ക്കും. തുടര്‍ന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30-ന് വൈകുന്നേരം നട തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്. തീര്‍ഥാടനകാലത്തിന് സമാപനം കുറിച്ച് ജനുവരി 20 നാണ് നട അടയ്‌ക്കുക.