Pinarayi Vijayan On Onam Celebrations : പൊളി വചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണം, സംസ്ഥാനമെങ്ങുമുള്ളത് നിറഞ്ഞ സന്തോഷം : മുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Aug 28, 2023, 12:41 PM IST

thumbnail

തിരുവനന്തപുരം : 'മാനുഷരെല്ലാം ഒന്നു പോലെ' എന്ന രീതിയിലേക്ക് നാടിനെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങളെ ആശങ്കയിലാക്കാനുള്ള ചിലരുടെ പൊളി വചനം എല്ലാവരും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല രീതിയില്‍ ഓണം ആഘോഷിക്കാന്‍ കഴിയില്ലെന്ന് പ്രചാരണം ഉയര്‍ന്നിരുന്നുവെന്നും അത് ഓണ കഥയില്‍ പറഞ്ഞ പൊളി വചനമാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (Pinarayi Vijayan On Onam Celebrations). നല്ല നാളെയെ കാണുന്ന മനുഷ്യന് ഓണം നല്ലൊരു ഇന്നലെയെയാണ് ഓര്‍മിപ്പിക്കുന്നത്. ഇത്തവണത്തെ  ഓണം വറുതിയുടേതെന്ന് പ്രചരിപ്പിച്ചവരുടെ ചിന്തകള്‍ മാറ്റി മറിക്കുന്നതാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തിരക്ക്. എവിടെയും നിറഞ്ഞ സന്തോഷം മാത്രമാണ് കാണുന്നത്. 18000 കോടി രൂപയാണ് ഓണത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിതരണം ചെയ്‌തത്. വരുമാനം ലഭിക്കുന്നവർക്കും നിലച്ചവർക്കും സഹായമായി സർക്കാർ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരെല്ലാം ഒന്ന് പോലെ എന്ന രീതിയിലേക്ക് നമ്മുടെ നാട് മാറണം. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോള്‍ കേരളത്തിൽ നടക്കുന്നത്. ദേശീയ തലത്തിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കുന്നതാണ് നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം. ഏതാനും സമ്പത്തുള്ളവർക്ക് മാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നതല്ല നമ്മള്‍ സ്വീകരിക്കുന്ന നയം. സംസ്ഥാനത്തെ ആരോഗ്യ രംഗവും മെച്ചപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് എല്ലാവരേയും ഒരുപോലെ പരിഗണിച്ചു. സംസ്ഥാനത്തെ ഭവന രഹിതര്‍ക്ക് 4 ലക്ഷം വീടുകളാണ് നിര്‍മിച്ച് നല്‍കിയത്. അതിദരിദ്രർക്കായി മൈക്രോ പ്ലാൻ രൂപീകരിച്ചു. 2025 നവംബറിൽ കേരളത്തിൽ അതിദരിദ്രര്‍ ഇല്ലാത്ത അവസ്ഥ എന്ന രീതിയിലേക്ക് നാടിനെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം സംസ്ഥാന വാരാഘോഷ ഉദ്‌ഘാടനത്തില്‍ നര്‍ത്തകിയായ ഡോ. മല്ലിക സാരാഭായിയും (Mallika Sarabhai) നടന്‍ ഫഹദ് (Fahad Fasil) ഫാസിലുമാണ് മുഖ്യാതിഥികളായെത്തിയത്. അടുത്ത ഓണക്കാലമാകുമ്പോഴേക്കും താന്‍ മലയാളം സംസാരിക്കുമെന്ന് മല്ലിക സാരാഭായ്‌ പറഞ്ഞു. മലയാള സിനിമ (Malayalam Film) ഏറ്റവും നല്ല കാലഘട്ടത്തിലാണെന്നും അതിന് കാരണം കേരള ടൂറിസമാണെന്നും ഫഹദ് ഫാസിലും പറഞ്ഞു. കേരള ടൂറിസത്തിന്‍റെ പുതിയ പദ്ധതിയായ സിനിമ ടൂറിസത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.