കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

By

Published : Mar 12, 2023, 2:56 PM IST

thumbnail

കാസർകോട്: കാസർകോട് പുല്ലൊടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്‌നാച്ചി സ്വദേശിയായ വേണു ഗോപാലനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. യാത്രക്കാരായ അഞ്ച് പേരും രക്ഷപെട്ടു. സ്ത്രീകളും കുട്ടികളും കാറിൽ ഉണ്ടായിരുന്നു. കാറിൽ നിന്ന് പുകയുരുന്നത് തുടക്കത്തിലെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. അഞ്ചംഗ കുടുംബം മാലോത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം. കൊന്നക്കാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ. അഗ്നിരക്ഷ സേനയെത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണമായി കത്തിനശിച്ചു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. എഞ്ചിനിൽ നിന്നാണ് പുക തീ വന്നതെന്ന് പറയപ്പെടുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നേരത്തെയും സമാനമായ അപകടം ഉണ്ടായിരുന്നു. സമീപ പ്രദേശമായ വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചിരുന്നു. അന്നും കാറിലുണ്ടായിരുന്ന അഞ്ചു പേരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറിനുള്ളിൽനിന്നു പുക ഉയരുന്നത് കണ്ട് ഇവർ പുറത്തിറങ്ങുകയായിരുന്നു. അന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് തീയണച്ചത്.

കഴിഞ്ഞ മാസം കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് അന്ന് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ല ആശുപത്രിക്ക് സമീപമായിരുന്നു ദാരുണ സംഭവമുണ്ടായത്. 

പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായിരുന്നില്ല.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.