ജനവാസ കേന്ദ്രത്തിലെ കടുവ ശല്യം: പ്രതിഷേധം അറിയിച്ച് ചീരാൽ വില്ലേജിൽ ഇന്ന് ജനകീയ ഹർത്താൽ

ജനവാസ കേന്ദ്രത്തിലെ കടുവ ശല്യം: പ്രതിഷേധം അറിയിച്ച് ചീരാൽ വില്ലേജിൽ ഇന്ന് ജനകീയ ഹർത്താൽ
രണ്ടാഴ്‌ചക്കിടെ ഏഴ് പശുക്കളെ കടുവ കൊന്നതോടെയാണ് ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കിയത്.
വയനാട്: കടുവ ശല്യത്തെ തുടർന്ന് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു. സുൽത്താൻ ബത്തേരി, ചീരാൽ, പഴൂർ, മുണ്ടക്കൊല്ലി ഭാഗങ്ങളിൽ ആഴ്‌ചകളായി കടുവ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ മാസം 25 മുതൽ ഇതുവരെ ഏഴ് പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർക്ക് ആകുന്നില്ലെന്ന് ആരോപിച്ചാണ് ആക്ഷൻ കമ്മിറ്റി ഉപരോധം നടത്തിയത്. വളർത്തുമൃഗങ്ങൾക്കു നേരെ കടുവയുടെ ആക്രമണം പതിവായതോടെ വെള്ളിയാഴ്‌ച ജനങ്ങൾ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
ഇതേതുടർന്ന് വനം വകുപ്പ് പ്രദേശത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ലെങ്കിലും ഇന്നലെ(ഒക്‌ടോബര്‍ 10) രാത്രിയും പ്രദേശത്ത് കടുവയിറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു.
