ETV Bharat / state

ഭക്തര്‍ക്ക് നല്‍കാന്‍ പണമേല്‍പ്പിച്ച് സുരേഷ് ഗോപി ; വിഷുക്കൈനീട്ടം വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്

author img

By

Published : Apr 14, 2022, 4:47 PM IST

Suresh Gopi vishu kaineettam row  cochin devaswom board Suresh Gopi  സുരേഷ് ഗോപി വിഷുക്കൈനീട്ടം  വിഷുക്കൈനീട്ടം വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്
വിഷുക്കൈനീട്ടം വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്

സുരേഷ് ഗോപി കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ വിവാദമായിരുന്നു

തൃശൂർ : നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ വിവാദമായ വിഷുക്കൈനീട്ടത്തിന് പിന്നാലെ മേൽശാന്തിമാർ ഭക്തർക്ക് നൽകാനായി മറ്റുള്ളവരിൽ നിന്നും പണം വാങ്ങുന്നത് വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ പക്കൽ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകാനായി ഒരു രൂപയുടെ ആയിരത്തൊന്ന് നോട്ടുകൾ സുരേഷ് ഗോപി നൽകിയിരുന്നു. ഭക്തർക്ക് നൽകാനായി വിഷുക്കൈനീട്ടം വാങ്ങിയത് ശരിയായില്ലെന്ന് വിലയിരുത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് ഇനി ആരും ഇത്തരത്തിൽ തുക സ്വീകരിക്കരുതെന്നും ഉത്തരവിറക്കി.

സിപിഎം, സിപിഐ നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നീക്കം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണൻ വിഷയത്തിൽ ഇടപെട്ട് ബോർഡിന് നിർദേശം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ വിശ്വാസികൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. പ്രതിഷേധ സൂചകമായി ജില്ല ബിജെപി നേതൃത്വം ക്ഷേത്രത്തിന് മുന്നിൽ ഒരു രൂപയുടെ നോട്ട് ജനങ്ങൾക്ക് വിതരണം ചെയ്തു.

നേരത്തെ, സുരേഷ് ഗോപി കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ വിവാദമായിരുന്നു. സ്ത്രീകൾ പണവും അനുഗ്രഹവും വാങ്ങിയ ശേഷം നടനൊപ്പം ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സുരേഷ് ഗോപിയുടെ പ്രവൃത്തികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തുടർന്ന് പ്രതികരണവുമായെത്തിയ സുരേഷ് ഗോപി വണങ്ങുക എന്നത് ആചാരത്തിന്‍റെ ഭാഗമാണെന്നും ‘അതിനു പിന്നിലെ നന്മ മനസിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രി പറ്റങ്ങളോട് എന്ത് പറയാനാണ്’ - എന്നും ചോദിച്ചു.

‘ചില വക്രബുദ്ധികളുടെ നീക്കം അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്‌ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വർഷത്തിനുശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്‍റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ആചാരമാണ്. ഒരു രാജ്യത്തിന്‍റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും’ – സുരേഷ് ഗോപി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.