ETV Bharat / state

Widespread damage in Thiruvananthapuram due to Rain : മഴക്കെടുതിയില്‍ തലസ്ഥാനത്ത് വ്യാപക നാശനഷ്‌ടം

author img

By ETV Bharat Kerala Team

Published : Oct 15, 2023, 1:37 PM IST

Updated : Oct 15, 2023, 7:16 PM IST

damage in Thiruvananthapuram due to Rain  Widespread damage in Thiruvananthapuram  Damage in the capital due to rain  Heavy Rain in Thiruvananthapuram  Heavy Rain in kerala  Heavy Rain  rain alerts  rain update  മഴക്കെടുതിയില്‍ തലസ്ഥാനത്ത് വ്യാപക നാശനഷ്‌ടം  തലസ്ഥാനത്ത് മഴക്കെടുതി  തിരുവനന്തപുരം ജില്ലയിൽ മഴ  തിരുവനന്തപുരം ജില്ലയിൽ വ്യാപക മഴ
Widespread damage in Thiruvananthapuram due to Rain

Heavy Rain in Thiruvananthapuram : 2018ലെ പ്രളയത്തിലും വെള്ളം കയറാത്ത സ്ഥലങ്ങളില്‍ ഇപ്പോൾ വെള്ളം കയറിയിട്ടുണ്ട്. അടിയന്തര യോഗം ചേർന്ന് മന്ത്രിമാർ

തിരുവനന്തപുരം : മഴക്കെടുതിയില്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത് വ്യാപക നാശനഷ്‌ടം. ഇന്നലെ (ഒക്‌ടോബർ 14, ഞായറാഴ്‌ച) രാത്രി മുതല്‍ ഇന്ന് രാവിലെ വരെ തുടർച്ചയായ മഴയായിരുന്നു തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്. നിലവിൽ മഴയ്‌ക്ക് ശമനമുണ്ടെങ്കിലും താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ കണ്ണന്മൂല, തേക്കൂമൂട്, ഉള്ളൂര്‍, ചാക്ക, പാറ്റൂര്‍, വഞ്ചിയൂര്‍ ചാലക്കുഴി റോഡ് എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. മലയോര മേഖലകളിലും ജില്ലയിലെ മറ്റിടങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുകയാണ്.

കുറ്റിച്ചല്‍, നെടുമങ്ങാട്, പോത്തന്‍കോട്, പാപ്പനംകോട് എന്നിവടങ്ങളില്‍ പാടശേഖരങ്ങളിലും വെള്ളം കയറി. പോത്തന്‍കോട് മഴയില്‍ വീടിന്‍റെ മതില്‍ ഇടിഞ്ഞു വീണു. വേളി പൊഴിക്കരയില്‍ മൂന്ന് വീടുകള്‍ മഴയില്‍ തകര്‍ന്നു.

ശ്രീകാര്യം മണ്‍വിള പ്രകൃതി പാര്‍ക്കില്‍ മതില്‍ ഇടിഞ്ഞു വീണു. പാറശാല പരശുവയ്‌ക്കലില്‍ നെയ്യാര്‍ ഡാമിന്‍റെ കനാല്‍ തകര്‍ന്നു. അഞ്ചുതെങ്ങിലും വെള്ളം കയറി വീടുകള്‍ക്ക് നാശനഷ്‌ടമുണ്ടായി. ടെക്‌നോപാര്‍ക്കില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ പാര്‍ക്കിങ് ഏരിയയിലെ നിരവധി വാഹനങ്ങള്‍ വെള്ളം കയറി നശിച്ചിട്ടുണ്ട്.

നഗര പ്രദേശത്താണ് കൂടുതല്‍ പേരെ നേരിട്ട് വെള്ളക്കെട്ട് ബാധിച്ചത്. കരിമണല്‍, പൗണ്ട് കടവ്, കഴക്കൂട്ടം, കുളത്തൂര്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് നിരവധി പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. അസാധാരണമായി ഉണ്ടായ വെള്ളക്കെട്ടില്‍ വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്കും സ്‌കൂളുകളില്‍ ആരംഭിച്ച ക്യാമ്പുകളിലേക്കും മാറിയവർ നിരവധിയാണ്.

അതേസമയം തലസ്ഥാനത്ത് ഉണ്ടായ അസാധാരണമായ വെള്ളക്കെട്ട് സംബന്ധിച്ച് വിശകലനം ചെയ്യാന്‍ മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്‍റണി രാജു തുടങ്ങിയവര്‍ അടിയന്തര യോഗം ആരംഭിച്ചിട്ടുണ്ട്. 2018ൽ ഉണ്ടായ പ്രളയത്തിലും വെള്ളം കയറാത്ത സ്ഥലങ്ങളില്‍ ഇപ്പോൾ വെള്ളം കയറിയിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോടിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരെ മഴ ഗുരുതരമായി ബാധിച്ചു. നിരവധി പേര്‍ രാത്രി തന്നെ വീടുകള്‍ ഉപേക്ഷിച്ച് മാറി താമസിക്കാന്‍ ആരംഭിച്ചിരുന്നു.

സുരക്ഷാസേനയെത്തി വീടുകളിൽ കുടുങ്ങിക്കിടക്കുന്ന രോഗികളെയും വൃദ്ധരെയും മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വീടുകളിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തി അധികൃതര്‍ എത്തിക്കുന്നുണ്ട്. കുന്നുകുഴി സ്‌കൂൾ, കൗൺസിലർ ഓഫിസ്, പിഎസ്‌സി കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ഇന്നുമുതൽ പതിനെട്ടാം തീയതി വരെ മഴ മുന്നറിയിപ്പുണ്ട്.

ALSO READ: Heavy Rain in Trivandrum | കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം ; വിവിധയിടങ്ങളിൽ വെള്ളക്കെട്ടുകൾ, ജനജീവിതം ദുരിതത്തിൽ

തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഒക്‌ടോബര്‍ 16) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

Last Updated :Oct 15, 2023, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.