ETV Bharat / state

VD Satheesan Against CM Over Water Logging ഒറ്റ മഴയില്‍ വീടുകള്‍ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന് പ്രതിപക്ഷ നേതാവ്

author img

By ETV Bharat Kerala Team

Published : Oct 17, 2023, 9:08 PM IST

Opposition Leader On Dutch Model  Measures should be taken to avoid floods  Measures Should Taken To Avoid Floods  വിഡി സതീശന്‍  V D Satheesan  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  floods in state  മഴയില്‍ വീടുകള്‍ വെള്ളത്തിനടിയില്‍  houses under water in rain  Comprehensive measures should be taken  Opposition leader VD Satheesan
Measures Should Taken To Avoid Floods

VD Satheesan Against CM Over Water Logging At Trivandrum : ഒറ്റ രാത്രി പെയ്‌ത മഴയില്‍ തലസ്ഥാനത്തെ വീടുകള്‍ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീടുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയില്‍ വന്നേ മതിയാകൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒറ്റ രാത്രി മഴ പെയ്‌തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ 300 കിലോ മീറ്റര്‍ ദൂരത്തില്‍ എംബാങ്മെന്‍റും 200 കിലോ മീറ്റര്‍ ദൂരത്തില്‍ പത്ത് അടി ഉയരത്തില്‍ രണ്ട് വശത്തും മതിലും കെട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ അവസ്ഥ (VD Satheesan Against CM Over Water Logging).

സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്യേണ്ടത്. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡച്ച് മോഡല്‍ കൊണ്ടുവരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന്‌ വിഡി സതീശന്‍ പറഞ്ഞു. ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായത്. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തര ധനസഹായം സര്‍ക്കാര്‍ നല്‍കണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം.

കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. മഴ പെയ്‌താല്‍ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സര്‍ക്കാരിന്‍റെ മുന്‍ഗണനാ പട്ടികയില്‍ പോലുമില്ല. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയില്‍ നാശനഷ്‌ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

27 കോടിയുടെ കേരളീയം മാമാങ്കം ഭരണപരാജയം മറയ്ക്കാനെന്ന്‌ കെ.സുധാകരന്‍: സംസ്ഥാനം മൂക്കറ്റം കടത്തില്‍ നട്ടം തിരിയുമ്പോഴും മുന്നും പിന്നുമില്ലാത്ത ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കേരളീയം പരിപാടി അത്തരത്തിലൊന്നാണെന്നും കെപിസിസി പ്രസിഡന്‍റ്‌ കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്‍റെ ഭരണപരാജയങ്ങള്‍ മറയ്ക്കാനാണ് ഇത്തരം മാമാങ്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് 27 കോടി രൂപ മുടക്കി കേരളപിറവി ആഘോഷിക്കുന്നത്.

സര്‍ക്കാരിനെതിരേ ജനരോഷം ആഞ്ഞടിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റെന്ന അവസ്ഥയിലേക്ക് സിപിഎം മൂക്കുകുത്തി വീഴുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ പ്രചാരണം നടത്തുന്നത്. കേരളീയം, നവകേരള സദസ്‌ തുടങ്ങിയവയുടെ സംഘാടക സമിതി രൂപീകരിക്കുന്നത് പോലും എല്‍ഡിഎഫ് മുന്നണിയുടെ നേതൃത്വത്തിലാണ്. സെമിനാര്‍, പബ്ലിസിറ്റി, ദീപാലങ്കാരം, ഭക്ഷണം, താമസം, സുരക്ഷ, ഗതാഗതം, വിപണന-പുഷ്‌പ-ഭക്ഷ്യ-ചലച്ചിത്രമേളകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ പ്രതിച്ഛായ നിര്‍മ്മിതിയുടെ ഭാഗമായി പൊതുജനത്തിന്‍റെ പണം സിപിഎം നേതാക്കളുടെ കൈകളിലേക്ക് ഒഴുകുമെന്ന് വ്യക്തം.

ഇതുപോലെ പരാജയപ്പെട്ട ഒരു സര്‍ക്കാരിനെ കേരളം ഇന്നുവരെ കണ്ടിട്ടില്ല. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും മുടങ്ങി. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ സ്വജനപക്ഷപാതം മുഖമുദ്രയാക്കി പിന്‍വാതില്‍ നിയമനം നടത്തി യുവാക്കളെ തുടരെ വഞ്ചിച്ചു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏതുനിമിഷവും താഴുവീഴാവുന്ന അവസ്ഥയാണ്.

പൊതുമേഖലയുടെ തലപ്പത്തുള്ള സിപിഎം നേതാക്കള്‍ക്ക് പഞ്ചനക്ഷത്ര ക്ലബുകളില്‍ പണംവച്ചുള്ള ചൂതാട്ടമാണ് പ്രധാന വിനോദം. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച അഭിമാന താരങ്ങള്‍ കേരളം വിട്ടോടിയിട്ടും തിരിഞ്ഞുനോക്കാന്‍ ആളില്ല. തലസ്ഥാന വാസികള്‍ വെള്ളത്തില്‍ മുങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. സിപിഎം കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമാണ് കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുന്നതെന്നും ഇതുകൊണ്ട് ജനത്തിനെന്താണ് നേട്ടമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ALSO READ: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം; വിഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.