ETV Bharat / state

'ഇ.പി ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹത'; വിമാനത്താവള മാനേജരുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്

author img

By

Published : Jun 16, 2022, 1:06 PM IST

Updated : Jun 16, 2022, 9:39 PM IST

vd satheesan indigo
വിമാനത്താവള മാനേജരുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്

റിപ്പോര്‍ട്ട് തയ്യാറാക്കിയ വിമാനത്താവള മാനേജര്‍ കണ്ണൂര്‍ സ്വദേശിയാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍ഡിഗോ വിമാന കമ്പനിയുടെ തിരുവനന്തപുരം വിമാനത്താവള മാനേജര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ ടി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഇ.പി ജയരാജന്‍റെ പേരുപോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവി വരുണ്‍ ദിവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നല്‍കി. കണ്ണൂര്‍ സ്വദേശിയായ വിജിത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read പ്രതിഷേധം മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോള്‍, മൂന്ന് പേര്‍ പാഞ്ഞടുത്തുവെന്ന് ഇന്‍ഡിഗോ റിപ്പോര്‍ട്ട്

സത്യ വിരുദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് യുവാക്കള്‍ പാഞ്ഞടുത്തുവെന്നാണ് ഇന്‍ഡിഗോയുടെ എയര്‍ പോര്‍ട്ട് മാനേജര്‍ പൊലീസിനുനല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി പ്രതീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്തിനുള്ളിലെ വധശ്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണ സംഘത്തിനാണ് ഇന്‍ഡിഗോ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Last Updated :Jun 16, 2022, 9:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.