ETV Bharat / state

കെഎസ്‌ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം; മാനേജ്‌മെൻ്റ് നീക്കം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയനുകൾ

author img

By

Published : Feb 16, 2023, 1:08 PM IST

KSRTC trade union meeting  കെ എസ്‌ ആർ ടി സി  ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം  KSRTC salary issue  KSRTC plan to link salary to target  ksrtc news  കെ എസ്‌ ആർ ടി സി ശമ്പളം  Ksrtc management news  Trade unions against Salary on a target basis
മാനേജ്മെൻ്റ് നീക്കം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയനുകൾ

വരുമാനം കണക്കാക്കി ജീവനക്കാർക്ക് ശമ്പളം നൽകാമെന്ന നിർദേശത്തിൽ മാനേജ്‌മെന്‍റ് തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് യോഗം പിരിയുകയായിരുന്നു. എന്നാൽ തീരുമാനത്തിൽ ഉറച്ച് നിൽക്കാനാണ് കെഎസ്‌ആർടിസിയുടെ തീരുമാനം

തിരുവനന്തപുരം: കെഎസ്‌ആർടിസി മാനേജ്‌മെന്‍റ് തൊഴിലാളി യൂണിയനുകളുമായി നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജീവനക്കാർക്ക് ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന നിർദേശത്തിൽ ചർച്ച നടത്താനായിരുന്നു യോഗം ചേർന്നിരുന്നത്. ഭരണ - പ്രതിപക്ഷ സംഘടനകൾ മാനേജ്മെൻ്റ് നീക്കം അംഗീകരിക്കില്ലെന്ന് യോഗത്തിൽ അവർത്തിച്ചു. എന്നാൽ വരുമാനത്തിനനുസരിച്ച് ശമ്പളം എന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് കെഎസ്‌ആർടിസി മാനേജ്മെൻ്റും അറിയിച്ചു.

നിലവിലെ നിർദേശത്തിൽ ആലോചിച്ച് തീരുമാനം പറയാൻ മാനേജ്മെൻ്റ് അറിയിച്ചു. ഇക്കാര്യത്തിൽ ഒന്നും ആലോചിക്കാനില്ലെന്നും ഒരു കാരണവശാലും മാനേജ്മെൻ്റ് നീക്കത്തെ അംഗീകരിക്കില്ലെന്നും ചർച്ചയിൽ പങ്കെടുത്ത തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ശമ്പളയിനത്തില്‍ നല്‍കി വന്ന സര്‍ക്കാര്‍ സഹായം കുറയുമെന്ന് മാനേജ്മെൻ്റ് മൂന്ന് അംഗീകൃത യൂണിയനുകളെയും അറിയിച്ചു.

ദിവസം എട്ട് കോടി രൂപ വച്ച് മാസം 240 കോടി രൂപയാണ് വരുമാനമായി കെഎസ്‌ആർടിസി ആലോചിക്കുന്നത്. ഓര്‍ഡിനറി ബസുകള്‍ ദിവസം 12,752 രൂപ, ഫാസ്റ്റിന് 25,225, സൂപ്പര്‍ ഫാസ്റ്റിന് 46,345 രൂപ എന്നിങ്ങനെയാണ് കെഎസ്‌ആർടിസി ടാര്‍ഗറ്റ് നിശ്ചയിച്ചിരിക്കുന്നത്. പരമാവധി ബസുകളോടിച്ച് വരുമാനം കണ്ടെത്തണം. നിർദേശം നടപ്പിലാക്കുന്നതിന് മുൻപ് ഉടക്കി നിൽക്കുന്ന തൊഴിലാളി യൂണിയനുകളുമായി വീണ്ടും ചർച്ചകളുണ്ടാകാനാണ് സാധ്യത.

ജീവനക്കാരെ തിരിച്ചുവിളിച്ച് മാനേജ്മെൻ്റ്; കെഎസ്‌ആർടിസിയിലെ ജീവനക്കാർക്ക് 50% ശതമാനം വേതനം നൽകി അഞ്ച് വർഷം അവധി നല്‍കുന്ന 'മധ്യപ്രദേശ് മോഡൽ' ഫലോ അവധി ആനുകൂല്യം നിർത്തലാക്കി മാനേജ്മെൻ്റ്. അവധിയിൽ പോയ ജീവനക്കാർ മൂന്ന് മാസത്തിനകം സർവീസിൽ തിരിച്ചുകയറണമെന്നും മാനേജ്മെൻ്റ് ഉത്തരവിട്ടു. കഴിഞ്ഞ വർഷത്തെ ശമ്പള പരിഷ്‌കരണത്തിനൊപ്പമാണ് ഫലോ അവധി നടപ്പാക്കിയത്.

പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല; 7000ത്തിലധികം അധിക ജീവനക്കാരുള്ള കെഎസ്‌ആർടിസിയില്‍ 3000 പേരെങ്കിലും അവധിയിൽ പോകുമെന്നും അതുവഴി ശമ്പള ഇനത്തിൽ ആറു കോടി രൂപ ലാഭിക്കാനാകുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് ഫലോ അവധി ആനുകൂല്യം മാനേജ്മെന്‍റ് നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കി വെറും ഏഴ് മാസം പിന്നിടുമ്പോഴാണ് ഇത് പിൻവലിക്കുന്നത്. പദ്ധതി ആരംഭിച്ചു ഏഴ് മാസം പിന്നിടുമ്പോൾ വെറും 150 ജീവനക്കാർ മാത്രമാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പദ്ധതിയിലൂടെ കോർപ്പറേഷൻ പ്രതീക്ഷിച്ച സമ്പത്തിക ലാഭം നേടാനാകാത്ത സാഹചര്യത്തിൽ ഭരണസമിതിയുടെ അംഗീകാരത്തിന് വിധേയമായി നിർത്തലാക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. നോട്ടിസ് കൈപ്പറ്റി 15-05-2023ന് ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാർ അന്നുമുതൽ ജോലിയിൽ നിന്നും അനധികൃതമായി വിട്ടുനിൽക്കുന്നതായി കണക്കാക്കി 1960ലെ കേരള സിവിൽ സർവീസ് ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.