ETV Bharat / state

വിവാദങ്ങൾ നിരവധി; പോര് മുറുക്കാൻ പ്രതിപക്ഷം: നിയമസഭ സമ്മേളനം പുനരാരംഭിച്ചു

author img

By

Published : Feb 27, 2023, 9:21 AM IST

15th Kerala Legislative Assembly  Kerala Legislative Assembly  ലൈഫ് കോഴക്കേസ്  ഗവർണർ  V D Satheesan  LDF  Pinarayi vijayan  kerala politics  നിയമസഭ സമ്മേളനം  സിഎംഡിആർഎഫ്
The eighth session of the 15th Kerala Legislative Assembly

സിഎംഡിആർഎഫ് തട്ടിപ്പ് അടക്കമുള്ള വിവാദ വിഷയങ്ങൾ ഇന്ന് ചർച്ചയാകും. സഭക്കുള്ളിലും പുറത്തും പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ് നീക്കം. ഗവർണർ അനുമതി നൽകാത്തതിനാൽ ലിസ്‌റ്റ് ചെയ്‌തിരുന്ന കാലിക്കറ്റ് സർവ്വകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ ചർച്ച ചെയ്യില്ല.

തിരുവനന്തപുരം: നിയമസഭ സമ്മേളനം രണ്ടാഴ്‌ചകൾക്ക് ശേഷം പുനരാരംഭിച്ചു. സിഎംഡിആർഎഫ് തട്ടിപ്പ് അടക്കമുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സഭ ഇന്ന് വീണ്ടും ചേരുന്നത്. ഇന്ധന സെസ് പിൻവലിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഈ മാസം 9ന് സഭ താത്കാലികമായി പിരിഞ്ഞത്.

വിവാദ വിഷയങ്ങൾ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. ലൈഫ് കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശം വന്ന സാഹചര്യത്തിൽ ഇതടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നീക്കം.

അതേസമയം ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നു ലിസ്‌റ്റ് ചെയ്‌തിരുന്ന കാലിക്കറ്റ് സർവകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രകളുടെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നതിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയം നൽകിയേക്കും. ബജറ്റ് പാസാക്കാനായി ചേരുന്ന സമ്മേളനം നികുതി വര്‍ധന, ഇന്ധന സെസ് എന്നിവയിലെ പ്രതിഷേധങ്ങള്‍ക്കും വേദിയാകും.

ഒരു ലക്ഷം പുത്തന്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്ന സര്‍ക്കാരിന്‍റെ അവകാശവാദം തകര്‍ത്ത മാധ്യമ വാര്‍ത്തകള്‍, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ യുവജന സംഘടന പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്ന സംഭവങ്ങൾ എന്നിവയും ചര്‍ച്ചയാവും. അതേസമയം സര്‍വകലാശാല വിസി നിയമനത്തിലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും സഭയില്‍ ഉന്നയിക്കപ്പെടും. ഈ മാസം 6ന് നടന്ന ബജറ്റ് ചർച്ചയിലും പ്രതിപക്ഷം സഭയ്ക്ക് പുറത്ത് വൻ പ്രതിഷേധമായിരുന്നു ഉയർത്തിയത്. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ നിയമസഭ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.