ETV Bharat / state

ആര് മണികെട്ടും, തരൂര്‍ പ്രകമ്പനത്തില്‍ ആടിയുലഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ; അടുത്ത പര്യടനം വി.ഡി സതീശന്‍റെ തട്ടകത്തില്‍

author img

By

Published : Nov 25, 2022, 3:54 PM IST

Shashi Tharoor effect in congress party  Tharoor effect in state congress what next  Shashi Tharoor  Shashi Tharoor effect  Shashi Tharoor effect in Kerala politics  congress party  സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം  കോണ്‍ഗ്രസ്  യുഡിഎഫ്  UDF  നവീന്‍ പട്‌നായിക്  ശശി തരൂര്‍  തിരുവനന്തപുരം കോര്‍പറേഷന്‍  കെ സി വേണുഗോപാല്‍  വി ഡി സതാശന്‍  എന്‍എസ്‌എസ്  മുസ്‌ലിം ലീഗ്  ബിജെപി
ആര് മണികെട്ടും, തരൂര്‍ പ്രകമ്പനത്തില്‍ ആടിയുലഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം; അടുത്ത പര്യടനം സതീശന്‍റെ തട്ടകത്തിലേക്ക്

പാര്‍ട്ടിയെ തിരികെ കേരളത്തില്‍ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ഒരു പുതു നേതൃത്വം വേണമെന്ന് യുഡിഎഫ് ഘടക കക്ഷികളും മുന്നണിയെ പ്രതീക്ഷയോടെ നോക്കുന്നവരും ആഗ്രഹിക്കുന്നു. ഒറീസയില്‍ നവീന്‍ പട്‌നായിക് രാഷ്‌ട്രീയത്തില്‍ ഇറങ്ങിയതിന് സമാനമായ സാഹചര്യം ശശി തരൂര്‍ എന്ന വിശ്വ പൗരന്‍ കേരളത്തിലും സൃഷ്‌ടിക്കുമെന്ന് കരുതുന്നവരും ഏറെയാണ്

തിരുവനന്തപുരം : പാര്‍ട്ടി അച്ചടക്കത്തിന്‍റെ വടിയോങ്ങി മെരുക്കി നിര്‍ത്താമെന്ന കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കളുടെ വ്യാമോഹം തകര്‍ത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുനീങ്ങുന്ന ശശി തരൂരിനെ എങ്ങനെ തളയ്ക്കുമെന്ന ചിന്തയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തരൂര്‍ പ്രഹരത്തില്‍ ശരിക്കും വിയര്‍ത്തുകുളിച്ചു നില്‍ക്കുന്നത്. സതീശന്‍റെ തട്ടകമായ കൊച്ചിയില്‍ അടുത്ത പര്യടനം നിശ്ചയിച്ചുകൊണ്ട് സതീശന് മറ്റൊരു ആഘാതം കൂടി ഏല്‍പ്പിക്കുകയാണ് തരൂര്‍.

കൊച്ചിയില്‍ സംസ്ഥാന പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് തരൂരിനെ സംഘാടകര്‍ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 3ന് കോട്ടയത്ത് തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുമുണ്ട്. താന്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ശശി തരൂര്‍ മുന്നോട്ടുകുതിക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനുമായി ബന്ധപ്പെട്ട കത്ത് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തരൂര്‍ ഇന്ന് സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്നും സമരം ഉപേക്ഷിച്ച് അദ്ദേഹം ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷിക്കുകയാണെന്നും വിമര്‍ശനം ഉയരുമ്പോഴാണ് നേതൃത്വത്തിന് തരൂരിന്‍റെ മറ്റൊരു ഷോക്ക്.

തരൂരിന്‍റെ ലക്ഷ്യം കെ സി വേണുഗോപാല്‍ : ഹൈക്കമാന്‍ഡില്‍ പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയിലുള്ള സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ കോണ്‍ഗ്രസില്‍ സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ശ്രമിക്കുന്നു എന്ന മുറുമുറുപ്പ് പൊതുവേ സംസ്ഥാന കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ നാളുകളായുണ്ട്. പാര്‍ലമെന്‍റില്‍ കഴിഞ്ഞ രണ്ടുതവണയായി തുടര്‍ച്ചയായി കോണ്‍ഗ്രസ് പ്രതിപക്ഷത്തായിട്ടും തരൂരിനെപ്പോലെ മികച്ച വ്യക്തിത്വവും കഴിവുമുള്ള ഒരാളെ പാര്‍ലമെന്‍ററി താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനുപിന്നില്‍ വേണുഗോപാലാണ് എന്നത് പരസ്യമായ രഹസ്യമാണ്. 2019ലെ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തായപ്പോള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ശശി തരൂരിനെ പ്രതീക്ഷിച്ചവര്‍ നിരവധിയായിരുന്നു.

പ്രത്യേകിച്ചും തരൂരിനെ പോലൊരു നേതാവിന്‍റെ നിരന്തര സാന്നിധ്യം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ആവശ്യമായ ഘട്ടത്തില്‍. അവിടെയും നറുക്കുവീണത് തികച്ചും അപ്രസക്തനായ അധീര്‍ രഞ്ജന്‍ ചൗധരിക്കായിരുന്നു. കേരളത്തിലാകട്ടെ കോണ്‍ഗ്രസിന്‍റെ നിര്‍ണായക വേദിയായ രാഷ്‌ട്രീയ കാര്യ സമിതിയില്‍ പോലും, അത്രയേറെ അനുഭവ സമ്പന്നനായ തരൂരിന് ഇടമില്ല.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇത്രയേറെ നിര്‍വികാരമാകുന്നത്, വേണ്ട സമയത്ത് വേണ്ട രീതിയില്‍ തീരുമാനങ്ങളെടുക്കാത്തതിനാലാണെന്നും ഇതിന്‍റെ പ്രധാന കാരണം കെ സി വേണുഗോപാലിന്‍റെ സംഘടനാ പാടവമില്ലായ്‌മയും ഹിന്ദി ഭൂമികയിലെ അറിവില്ലായ്‌മയുമാണെന്ന അഭിപ്രായവും നേരത്തെ ജി-23 നേതാക്കള്‍ക്കുണ്ടായിരുന്നു. ഈ സംഘത്തിലെ പ്രധാനിയായിരുന്നു തരൂര്‍.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍, അശോക് ഗെലോട്ട് താത്പര്യമില്ലെന്നറിയിച്ച് മാറിയപ്പോഴും തരൂരിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവിടെയും തഴയപ്പെട്ടു. പക്ഷേ 1072 വോട്ടുനേടി തരൂര്‍ തലയുയര്‍ത്തി നിന്നപ്പോള്‍ ഞെട്ടിപ്പോയത് സാക്ഷാല്‍ കെ സി വേണുഗോപാലായിരുന്നു. ഫലത്തില്‍ കേന്ദ്രത്തിലും കേരളത്തിലും തന്നെ ഇടം വലം കെ സി വേണുഗോപാല്‍ വെട്ടുന്നു എന്നുകണ്ടാണ് തരൂര്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയത്.

അതിനുപറ്റിയ സമയം ഇതിലും മികച്ചത് മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ശശി തരൂര്‍ കളത്തിലിറങ്ങി. തരൂരിനെ തളയ്ക്കാന്‍ കെ സി വേണുഗോപാല്‍ സതീശനെ ഇറക്കിയെങ്കിലും അദ്യ റൗണ്ടില്‍ തന്നെ സതീശന്‍ ഗോദയില്‍ ഇടിയേറ്റു വീണു. തരൂരിനെ കുറച്ചുകാണേണ്ടിയിരുന്നില്ലെന്ന തിരിച്ചറിവ് വൈകിയാണ് സതീശനുണ്ടായത്. ഏതായാലും തരൂരിനെ അച്ചടക്കത്തിന്‍റെ മുനയില്‍ നിര്‍ത്താന്‍ നോക്കിയ സംഭവത്തില്‍ സതീശനുണ്ടായ ചേതം ചെറുതല്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ലീഗും കേരള കോണ്‍ഗ്രസും തരൂരിനൊപ്പം, കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണം:കോണ്‍ഗ്രസ് നേതാക്കളെ ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്ന കാലമൊക്കെ എന്നേ പോയി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കാരുണ്യത്തിലാണ് പലരും മുന്‍ കൂര്‍ അനുവാദം വാങ്ങി എന്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. എന്നാല്‍ 2023 ജനുവരി 2 ന് പെരുന്നയില്‍ നടക്കുന്ന മന്നം സമാധി സമ്മേളനത്തില്‍ മുഖ്യാതിഥിയായി തരൂരിന് ക്ഷണം ലഭിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം പകച്ചുപോയി.

മന്നം സമാധി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാറുണ്ടെങ്കിലും സദസിലാണ് അവര്‍ക്ക് സ്ഥാനം. എന്നാല്‍ ഇത്തവണ ശശി തരൂര്‍ വേദിയിലിരിക്കുമ്പോള്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താഴെ വേദിയിലിരിക്കേണ്ടി വരും. എന്‍എസ്എസ് നല്‍കുന്ന ഈ സന്ദേശം കോണ്‍ഗ്രസിന് അവഗണിക്കാന്‍ കഴിയുന്നതല്ല.

സമീപകാലത്ത് വി ഡി സതീശനെതിരെ അദ്ദേഹത്തിന്‍റെ മണ്ഡലമായ പറവൂരില്‍ വച്ച് സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അതുപോലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അപ്രതീക്ഷിത ആഘാതം നല്‍കിയത് യുഡിഎഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ മുസ്‌ലിം ലീഗ് ആണ്. കോണ്‍ഗ്രസിന്‍റെ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് അവര്‍ തരൂരിനെ ചുവപ്പുപരവതാനി വിരിച്ച് പാണക്കാട് തറവാട്ടിലേക്ക് സ്വീകരിച്ചു.

ദേശീയതലത്തില്‍ തന്നെ തരൂരിന്‍റെ ബിജെപി വിരുദ്ധ നിലപാടില്‍ ലീഗ് മുന്‍പേ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന പരാതിയാണ് അവര്‍ക്കുള്ളത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ലീഗ് നേതൃത്വം കാണുന്ന പുത്തന്‍ പ്രതീക്ഷയാണ് തരൂര്‍ എന്നത് ഒട്ടും അതിശയോക്തിപരമല്ല.

ഡിസംബര്‍ 3ന് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാനെത്തും തരൂര്‍. അന്ന് പാലായില്‍ കെ എം ചാണ്ടി ഫൗണ്ടേഷന്‍റെ ചടങ്ങില്‍ മുഖ്യാതിഥി ശശി തരൂരാണ്. ഉദ്ഘാടകന്‍ പാലാ ബിഷപ്പും. ഇതില്‍ നിന്നുതന്നെ തരൂരിന് ഇതര വിഭാഗങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യത വ്യക്തം.

അന്നു തന്നെ അദ്ദേഹം പാലാ ബിഷപ്പ് ഹൗസും സന്ദര്‍ശിക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് അവിടെ നിന്നും അനുകൂല മറുപടിയാണ് ലഭിച്ചത്. നേരത്തെ മലബാര്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം താമരശേരി ബിഷപ്പിനെയും സന്ദര്‍ശിച്ചിരുന്നു. തരൂര്‍ നേതൃത്വത്തിലേക്കുവരുന്നത് നല്ലതാണെന്ന അഭിപ്രായം ബിഷപ്പ് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈയൊരു സാഹചര്യത്തില്‍ മറ്റൊരു ഘടക ക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ക്കും തരൂരിന്‍റെ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനാകില്ല.

ഇതൊക്കെ കാണിക്കുന്നത് പരമ്പരാഗത തട്ടിക്കൂട്ട് വിദ്യകളില്‍ നിന്നെല്ലാം മാറി ദിശാബോധത്തോടെ കോണ്‍ഗ്രസിനെ തിരികെ കേരളത്തില്‍ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ഒരു പുതു നേതൃത്വം വേണമെന്ന് യുഡിഎഫ് ഘടക കക്ഷികളും യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നവരും ആഗ്രഹിക്കുന്നുവെന്നാണ്. അധികാരത്തില്‍ നിന്ന് രണ്ടു തവണ പുറത്തായതിന്‍റെ നിരാശയില്‍ നില്‍ക്കുന്ന ഘടക കക്ഷികളും യുഡിഎഫ് അനുഭാവികളും ഒരു പുതു വെളിച്ചം തരൂരില്‍ കാണുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വെറുതേ അസ്വസ്ഥമാകാമെന്നേയുള്ളൂ. തരൂര്‍ ഇഫക്‌ട് ഇത്രത്തോളമുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിരുന്നുമില്ല, അതൊട്ടു പ്രകടമാക്കാന്‍ തരൂര്‍ ഇതുവരെ ശ്രമിച്ചിട്ടുമില്ല.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തരൂര്‍ ഏറ്റെടുത്താല്‍ അത്‌ഭുതാവഹമായ മാറ്റമായിരിക്കുമുണ്ടാവുക, പ്രത്യേകിച്ചും യുവാക്കളിലും വിദ്യാര്‍ഥികളിലും പ്രൊഫഷണലുകളിലുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരുപക്ഷേ ഒറീസയില്‍ നവീന്‍ പട്‌നായിക് രാഷ്‌ട്രീയത്തില്‍ ഇറങ്ങിയതിന് സമാനമായ സാഹചര്യം ശശി തരൂര്‍ എന്ന വിശ്വ പൗരന്‍ കേരളത്തിലും സൃഷ്‌ടിക്കാമെന്ന് കരുതുന്നവര്‍ ഒട്ടും കുറവല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.