ETV Bharat / state

അഞ്ചു ദിവസത്തിനകം മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ഓഡിറ്റ് പൂര്‍ത്തിയാക്കണം; കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി

author img

By

Published : May 20, 2023, 7:43 PM IST

medical college security  ആശുപത്രി സംരക്ഷണ നിയമം  health minister  health minister Veena george  health minister press meet  മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ഓഡിറ്റ്  Safety audit in medical colleges
സുരക്ഷ ഓഡിറ്റ് പൂത്തിയാക്കണം കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി

വന്ദന ദാസിന്‍റെ കൊലപാതകത്തിനു പിന്നാലെ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ ഒന്നായ സുരക്ഷ ഓഡിറ്റ് വേഗത്തിൽ പൂർത്തിയാക്കാനാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്ക് നിർദേശം നൽകിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ച് ദിവസത്തിനകം സുരക്ഷ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തിനു പിന്നാലെ സമരം ചെയ്‌ത ഡോക്‌ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ ഒന്നായിരുന്നു സുരക്ഷ ഓഡിറ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നത്. ഇത് നടപ്പാക്കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സുരക്ഷ കാര്യങ്ങൾ പരിശോധിക്കാന്‍ മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ മെഡിക്കല്‍ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം. അറിയിപ്പുകൾ നല്‍കുന്നതിനായി പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിങ് റൂം ഒരുക്കും. വാര്‍ഡുകളില്‍ രോഗിക്കൊപ്പം ഒരു കൂട്ടിരുപ്പുകാരന് മാത്രമേ അനുമതി നല്‍കൂ. അത്യാഹിത വിഭാഗത്തില്‍ രണ്ട് പേരെ അനുവദിക്കും. സാഹചര്യം അനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാമെന്നും യോഗം തീരുമാനിച്ചു.

ആശുപത്രി സുരക്ഷയ്ക്കായി ഒരു നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. രോഗികളും ആശുപത്രി ജീവനക്കാരുമായി സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികളില്‍ ആക്രമണം ഉണ്ടായാല്‍ അത് തടയുന്നതിന് സുരക്ഷ സംവിധാനം അടിയന്തരമായി പ്രവര്‍ത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിക്ക് അകത്തും പുറത്തും പോകാനുമായി ഏകവാതില്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാന്‍ വാക്കി ട്വാക്കി സംവിധാനം ഏര്‍പ്പെടുത്തും. ഇടനാഴികകളില്‍ വെളിച്ചവും സുരക്ഷ സംവിധാനവും ഉറപ്പാക്കാനും സെക്യൂരിറ്റി ജീവനക്കാര്‍ പട്രോളിങ് നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജുകളിലെ സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ മോക് ഡ്രില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഡോ. തോമസ് മാത്യു, എല്ലാ മെഡിക്കല്‍ കോളജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവരും മന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

ആശുപത്രി സംരക്ഷണ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം; കഴിഞ്ഞ ദിവസം സമഗ്രമായ ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ആരോഗ്യ മേഖലയിലെ മിനിസ്‌റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമത്തിനാണ് രൂപം നൽകിയിരിക്കുന്നത്. 2012 ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും സംരക്ഷിക്കൽ നിയമം ഭേദഗതി ചെയ്‌താണ് മന്ത്രിസഭ ഓർഡിനൻസ് പുറപ്പെടുവിച്ചത്.

ശിക്ഷാരീതി ഇങ്ങനെ ; ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിക്രമത്തിന്‍റെ കാഠിന്യത്തിനനുസരിച്ച് ശിക്ഷയും വർധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്ക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിൽ പരമാവധി ലഭിക്കാവുന്ന ശിക്ഷ ഉറപ്പുവരുത്തും. വാക്കാൽ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കുന്നതിനുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.