Omicron Home Care: ഒമിക്രോണ്‍, കൊവിഡ്: രോഗികളും ക്വാറന്‍റൈനില്‍ ഉള്ളവരും ശ്രദ്ധിക്കേണ്ടവ

author img

By

Published : Jan 13, 2022, 7:56 PM IST

omicron home care guidelines  kerala omicron updates  omicron updates india  guidelines for covid omicron quarantine  ഒമിക്രോണ്‍ ഗൃഹ പരിചരണം  ഒമിക്രോണ്‍ ഹോം കെയര്‍ മാനേജ്മെന്‍റ്‌  കൊവിഡ്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  ഒമിക്രോണ്‍ കേരളം  ഒമിക്രോണ്‍ ഇന്ത്യ  കൊവിഡ്‌ ഇന്ത്യ  കൊവിഡ്‌ കേരളം

Omicron Home Care: ശ്വാസം പിടിച്ചു വയ്ക്കൻ 15 - 25 സെക്കൻഡ് വരെയേ പറ്റുന്നുള്ളൂവെങ്കില്‍ മഞ്ഞ കാറ്റഗറിയില്‍. 15 സെക്കൻഡ് പോലും പറ്റിയില്ലെങ്കില്‍ ചുവപ്പ് കാറ്റഗറി

തിരുവനന്തപുരം: Omicron Home Care: സംസ്ഥാനത്ത് ഒമിക്രോണ്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹപരിചരണത്തിനുള്ള മാര്‍ഗ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. ക്വാറന്‍റൈനിലിരിക്കുന്നവര്‍ക്കും കൊവിഡ് ബാധിച്ചവര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ ഗൃഹ പരിചരണം തന്നെയാണ് ഏറ്റവും നല്ലത്. ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ശരിയായ സമയത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌താല്‍ രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയാന്‍ സഹായിക്കും. ഒരു കൊവിഡ് രോഗിയെ വീട്ടില്‍ പരിചരിക്കുമ്പോള്‍, രോഗിയും വീട്ടിലുള്ളവരും ഒരുപാട്‌ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്‌.

സുരക്ഷ ഏറെ പ്രധാനം

ഗൃഹ പരിചരണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ടോയിലറ്റ് സൗകര്യമുള്ള ഒരു മുറിയിലേക്ക് മാറി താമസിക്കണം. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുക. കൊവിഡ് രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയെ പരിചരിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതുമാണ്. മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ മാസ്‌ക്കിന്‍റെ മുന്‍ഭാഗത്ത് കൈകള്‍ കൊണ്ട് തൊടുകയോ ചെയ്യരുത്.

സാധനങ്ങള്‍ കൈമാറരുത്

ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്‌തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകണം. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ലീച്ചിങ്‌ ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്‌പൂണ്‍ ബ്ലീച്ചിങ്‌ പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

വെള്ളവും ആഹാരവും വളരെ പ്രധാനം

വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്‌ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കണം. പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.

ALSO READ: Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 5 മരണം: video

സ്വയം നിരീക്ഷണം മറക്കരുത്

വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് ദിവസേന ഓക്‌സിജന്‍റെ അളവും പള്‍സ് നിരക്കും സ്വയം പരിശോധിക്കുക. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് 96ന് മുകളിലായിരിക്കും. ഓക്‌സിജന്‍റെ അളവ് 94ല്‍ കുറവായാലും നാഡി മിടിപ്പ് 90ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.

ഇതുകൂടാതെ വാക്ക് ടെസ്‌റ്റ്‌ കൂടി നടത്തേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം പള്‍സ് നിരക്ക് 90ന് മുകളില്‍ പോകുന്നുണ്ടോ എന്നും ഓക്‌സിജന്‍റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. അങ്ങനെ കാണപ്പെടുന്നു എങ്കില്‍ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം ശരിയല്ല എന്നാണു അത് സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുക.

പള്‍സ് ഓക്‌സീമീറ്റര്‍ ലഭ്യമല്ലെങ്കില്‍

പള്‍സ് ഓക്‌സീമീറ്റര്‍ ലഭ്യമല്ലെങ്കില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യം ഉള്ള ബ്രെത്ത് ഹോള്‍ഡിങ് ടെസ്‌റ്റ്‌ ചെയ്‌ത്‌ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതാണ്. സാധാരണ രീതിയിലുള്ള ശ്വാസം ഉള്ളിലേക്ക് വലിച്ചു 25 സെക്കൻഡ് നേരം പിടിച്ചു വയ്ക്കുമ്പോള്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ ശ്വാസകോശം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കാം. 15 മുതല്‍ 25 സെക്കൻഡ് വരെയേ പറ്റുന്നുള്ളൂ എങ്കില്‍ അത്തരം ആളുകള്‍ മഞ്ഞ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരാണ്‌. അവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമില്ലെങ്കിലും ആശുപത്രിയിലെ ചികിത്സ ആവശ്യമുള്ള വിഭാഗം ആണെന്ന് മനസിലാക്കേണ്ടതാണ്.

അതേസമയം 15 സെക്കൻഡ് പോലും ശ്വാസം പിടിച്ചു വയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത്തരം രോഗികള്‍ ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുകയും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക.

ALSO READ: ഒമിക്രോൺ കുതിപ്പിലും മരണനിരക്കിന് മാറ്റമില്ലെന്ന് ലോകാരോഗ്യ സംഘടന

അവബോധം വളരെ പ്രധാനം

ഗൃഹ ചികിത്സയിലോ ഗൃഹ പരിചരണത്തിലോ ആയ രോഗികള്‍ക്ക് കൊവിഡിന്‍റെ രോഗ ലക്ഷണങ്ങളേയും സങ്കീര്‍ണതകളേയും കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടതാണ്. അപകട സൂചന ലക്ഷണങ്ങളായ ശക്തിയായ ശ്വാസംമുട്ടല്‍, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്‍റെ അംശം, കൈകാലുകള്‍ നീല നിറം ആകുക, നെഞ്ചു വേദന, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ് എന്നിവ കാണുന്ന പക്ഷം ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച് വൈദ്യസഹായം തേടേണ്ടതാണ്.

ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ വീട്ടില്‍ ഇരുന്നു തന്നെ ചികിത്സിക്കുകയും അത്യാവശ്യമെങ്കില്‍ സര്‍ക്കാരിന്‍റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. www.esanjeevaniopd.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഇ സഞ്ജീവനി സേവനം ലഭ്യമാകുന്നതാണ്. കൊവിഡ് ഒപി യുടെ സേവനം 24 മണിക്കൂറും ഇ സഞ്ജീവനിയില്‍ ലഭ്യമാണ്.

കൊവിഡും ഗൃഹപരിചരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ദിശ 1056, 104, 0471 2552056, 2551056 എന്നീ നമ്പരിലേക്ക് വിളിക്കാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.