ETV Bharat / state

ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ എ എസ്‌ എന്ന് ചേര്‍ക്കാം ; അനുമതി നല്‍കി മന്ത്രിസഭായോഗം

author img

By

Published : Jun 27, 2023, 7:16 PM IST

k a s  officals can add k a s  k a s after their name  kerala administrative service  civil service  thiruvananthapuram  pinarayi vijayan  കെ എ എസ്‌  പേരിനൊപ്പം കെ എ എസ്‌  ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ എ എസ്‌  മന്ത്രിസഭ യോഗം  അഖിലേന്ത്യ സര്‍വീസ്  ഐഎഎസ്‌  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ എ എസ്‌ എന്ന് ചേര്‍ക്കാം; അനുമതി നല്‍കി മന്ത്രിസഭ യോഗം

അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്‌തുത സര്‍വീസിന്‍റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയാണ് കെ എ എസിലും സ്വീകരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്‍ കെ എ എസിനെ കുറിച്ച്

തിരുവനന്തപുരം : സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്ന കെ എ എസ് ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ എ എസ് എന്ന് ചേര്‍ക്കാന്‍ അനുമതി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്‌തുത സര്‍വീസിന്‍റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയാണ് കെ എ എസിലും സ്വീകരിക്കുന്നത്.

ആദ്യ ബാച്ചിലായി 104 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ സ്വന്തം ഭരണ സര്‍വീസായാണ് സര്‍ക്കാര്‍ കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസ് കൊണ്ടുവന്നത്. ആദ്യമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പതിനെട്ടുമാസത്തെ പരിശീലനമാണ് നല്‍കിയിരിക്കുന്നത്.

എട്ട് വര്‍ഷത്തെ സര്‍വീസിന് ശേഷം ഐഎഎസ്‌ : എട്ടുവര്‍ഷത്തെ സര്‍വീസ് കഴിയുമ്പോള്‍ തന്നെ ഐഎഎസിലേക്ക് കടക്കാന്‍ കഴിയുന്ന തരത്തിലാണ് കെ എ എസ് വിഭാവനം ചെയ്‌തിരിക്കുന്നത്. കെ എ എസിന്‍റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ ഒന്നിന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും. രണ്ടാം ഗസറ്റഡ് പോസ്‌റ്റിലേക്കാണ് ഇവരെ നിയമിക്കുക. 2019ലാണ് കെ എ എസിന്‍റെ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്.

സംസ്ഥാനത്തിന്‍റെ അഭിമാന നേട്ടമായാണ് സര്‍ക്കാര്‍ ഇതിനെ വിലയിരുത്തിയത്. പരീക്ഷയിലൂടെ നേരിട്ടുള്ള നിയമനത്തിന് പുറമേ പൊതുവിഭാഗത്തില്‍ നിന്നുള്ള തസ്‌തിക മാറ്റത്തിലൂടേയും ഒന്നാം ഗസറ്റഡ് ഓഫിസര്‍മാരില്‍ നിന്ന് രണ്ടാം തസ്‌തിക മാറ്റത്തിലൂടേയും കെ എ എസില്‍ പ്രവേശിക്കാം. അംഗീകൃത ബിരുദമാണ് കെ എ എസിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

200 മാര്‍ക്കിന്‍റെ പ്രാഥമിക പരീക്ഷ, 300 മാര്‍ക്കിന്‍റെ മെയിന്‍ പരീക്ഷ ഇന്‍റര്‍വ്യൂവിന് 50 മാര്‍ക്ക് എന്നിങ്ങനെയാണ് പരീക്ഷ ഘടന. മെയിന്‍ പരീക്ഷയുടേയും ഇന്‍റര്‍വ്യൂവിന്‍റേതുമുള്‍പ്പടെ 350 മാര്‍ക്കാണ് റാങ്കിന് പരിഗണിക്കുക. പ്രാഥമിക പരീക്ഷ 100 മാര്‍ക്ക് വീതമുളള രണ്ട് പരീക്ഷകളാണ്.

നിയമനം 30ഓളം വകുപ്പുകളില്‍ : മെയിന്‍ പരീക്ഷ 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളുമാണ്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള മുപ്പതോളം വകുപ്പുകളിലേക്കാണ് ഇവരെ നിയമിക്കുക. കേരളത്തിന്‍റെ ഏറ്റവും വലിയ സ്വപ്‌നമാണ് യാഥാര്‍ഥ്യമായതെന്ന് കെ എ എസ് ആദ്യ ബാച്ചിന്‍റെ പരിശീലനം പൂര്‍ത്തിയാക്കിയ പ്രഖ്യാപനം നടത്തവേ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ അടുത്തറിയുന്നവര്‍ ഭരണ സിരാകേന്ദ്രത്തിലിരിക്കുമ്പോള്‍ മുന്നില്‍ വരുന്ന ആളുകളുടെ മുഖത്ത് വിരിയുന്ന പ്രസന്നതയാകും സിവില്‍ സര്‍വീസിന് നല്‍കേണ്ട ഏറ്റവും പ്രാധാനപ്പെട്ട സംഭാവന. സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജ്ഞാപനത്തില്‍ മൗനം പാലിച്ച് സര്‍ക്കാര്‍: ആദ്യഘട്ടത്തില്‍ ജോലി നേടിയവര്‍ പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഒഴിവുകള്‍ കണക്കാക്കാന്‍ വൈകുന്നതാണ് വിജ്ഞാപനം വൈകാന്‍ കാരണം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കെ എ എസിലെ വ്യവസ്ഥ.

ആദ്യ വിജ്ഞാപനം 2019ലാണ് പുറത്തിറങ്ങിയത്. വ്യവസ്ഥ പ്രകാരം 2021ല്‍ അടുത്ത് വിജ്ഞാപനം വരേണ്ടതായിരുന്നു. എന്നാല്‍, ഇത് നടന്നില്ല എന്ന് മാത്രമല്ല എന്ന് നടക്കും എന്നറിയാതെ വൈകുകയുമാണ്. ആഘോഷമായാണ് കെ എ എസിന്‍റെ ആദ്യ ബാച്ചിന്‍റെ നിയമനവും പരിശീലനം പൂര്‍ത്തിയാക്കിയ പ്രഖ്യാപനവുമെല്ലാം സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ അടുത്ത വിജ്ഞാപനം എന്നതില്‍ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.