ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപെടാൻ: കെ.സുധാകരൻ

author img

By

Published : Jan 25, 2022, 5:02 PM IST

kpcc president k sudhakaran on lokayuktha Amendment ordinance  k sudhakaran responds lokayuktha  ലോകായുക്ത ഭേദഗതി കെ സുധാകരൻ പ്രതികരണം  കെപിസിസി പ്രസിഡന്‍റ് ലോകായുക്ത

ലോക്‌പാല്‍ ബില്ലിനു മൂര്‍ച്ച പോരെന്നും ലോകായുക്തയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വാ തോരാതെ പ്രസംഗിച്ചവരാണ് ഇപ്പോള്‍ സ്വന്തം കാര്യം വന്നപ്പോള്‍ അതെല്ലാം വിഴുങ്ങിയത്. അഴിമതിക്കെതിരേയുള്ള സിപിഎമ്മിന്‍റെ ഗീര്‍വാണം അധരവ്യായാമം മാത്രമാണെന്നും കെ.സുധാകരൻ പരിഹസിച്ചു.

തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യഗ്രത കാട്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ലോകായുക്തയെ ഇല്ലാതാക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും കെ. സുധാകരൻ പറഞ്ഞു.

ലോകായുക്തയെ ഇല്ലാതാക്കുന്നവര്‍ നാളെ ജുഡീഷ്യറിയെയും മറ്റ് നിയമസംവിധാനങ്ങളെയും ഇല്ലാതാക്കും. ലോക്‌പാല്‍ ബില്ലിനു മൂര്‍ച്ച പോരെന്നും ലോകായുക്തയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വാ തോരാതെ പ്രസംഗിച്ചവരാണ് ഇപ്പോള്‍ സ്വന്തം കാര്യം വന്നപ്പോള്‍ അതെല്ലാം വിഴുങ്ങിയത്. അഴിമതിക്കെതിരേയുള്ള സിപിഎമ്മിന്‍റെ ഗീര്‍വാണം അധരവ്യായാമം മാത്രമാണെന്നും കെ.സുധാകരൻ പരിഹസിച്ചു.

കണ്ണൂര്‍ വി.സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ആരോപണ വിധേയയായി പ്രതിസ്ഥാനത്താണ്. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് സഹായം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരായ പരാതിയും ലോകായുക്തയുടെ പരിഗണനയിലാണ്. ഇവയില്‍ തിരിച്ചടി ഉണ്ടായാല്‍ അതിനെ മറികടക്കാനുള്ള തന്ത്രപ്പാടാണ് ഓര്‍ഡിനന്‍സ് ഭേദഗതിക്ക് പിന്നിലുള്ളതെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു.

അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ശേഷം അതില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തുന്ന ഈ തട്ടിപ്പിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ലോകായുക്തയുടെ അധികാരം കവര്‍ന്ന് അതിനെ തീരെ ദുര്‍ബലമാക്കി പൂര്‍വാധികം ശക്തിയായി അഴിമതി നടത്താനുള്ള ശ്രമമാണ് ഓര്‍ഡിനന്‍സിന് പിന്നില്‍. ജുഡീഷ്യറിയെ പോലും നോക്കുകുത്തിയാക്കുന്ന ഫാസിസ്റ്റ് ശൈലി അംഗീകരിക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Also Read: ലോകായുക്തയ്ക്ക് നിർദേശം നൽകാനുള്ള അധികാരം മാത്രം; ന്യായീകരിച്ച് മന്ത്രി പി.രാജീവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.