സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമത്; മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍

author img

By

Published : Sep 24, 2021, 4:00 PM IST

Kerala ranks  Three national awards  Kerala ranks first in free treatment  സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമത്  സൗജന്യ ചികിത്സ  ദേശീയ പുരസ്‌കാരം  Kerala state  കേന്ദ്ര സര്‍ക്കാര്‍  ആരോഗ്യ മന്തന്‍  സൗജന്യ ചികിത്സ

കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ മന്തന്‍ 3.0 ല്‍ കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനാണ് സംസ്ഥാനത്തിന് പുരസ്‌കാരം.

തിരുവനന്തപുരം: സൗജന്യ ചികിത്സയില്‍ രാജ്യത്ത് ഒന്നാമതെത്തിയതിന് സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ മന്തന്‍ 3.0 ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം അവാര്‍ഡിന് അര്‍ഹത നേടിയത് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് അറിയിച്ചത്.

കൂടാതെ, ആയുഷ്‌മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എ.ബി - പി.എം - ജെ.എ.വൈ - കാസ്‌പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടി.ഡി മെഡിക്കല്‍ കോളജിലെ എ. അശ്വതി സ്വന്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്‌പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ രണ്ട് കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍ 27.5 ലക്ഷം (മൊത്തം ചകിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തില്‍ നിന്നുമാത്രമാണ്.

കാസ്‌പ് പദ്ധതി വഴി ആജീവനാന്തം രണ്ട് ലക്ഷം

ശ്രദ്ധേയമായ ഈ നേട്ടത്തിനാണ് സംസ്ഥാനത്തിന് പുരസ്‌കാരം നേടിത്തന്നതെന്നും മന്ത്രി വ്യക്തമാക്കി. കാസ്‌പ് പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയ്ക്ക്‌ (എസ്.എച്ച്.എ) രൂപം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ എസ്.എച്ച്.എയെ ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷ കാലയളവില്‍ 27.5 ലക്ഷം സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്.

കാരുണ്യ ബെനവലന്‍റ് ഫണ്ട് (കെ.ബി.എഫ്) പദ്ധതി പ്രകാരം ലഭ്യമാക്കുന്ന സൗജന്യ ചികിത്സയുടെ മുഴുവന്‍ തുകയും കേരള സര്‍ക്കാരാണ് വഹിക്കുന്നത്. കാസ്‌പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും കെ.ബി.എഫ് പദ്ധതി പ്രകരമാണെങ്കില്‍ ആജീവനാന്തം രണ്ട് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭ്യമാകുന്നത്.

കാസ്‌പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങള്‍ക്കും കെ.ബി.എഫ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതാണ്. നിലവില്‍ കേരളത്തില്‍ ഈ പദ്ധതികളുടെ ആനുകൂല്യം 192 സര്‍ക്കാര്‍ ആശുപത്രികളിലും 569 സ്വകാര്യ ആശുപത്രികളിലൂടെയും നല്‍കി വരുന്നു.
ALSO READ: പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.