ETV Bharat / state

Kerala Rain | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

author img

By

Published : Jul 24, 2023, 9:50 AM IST

Kerala Rain  Kerala Rain Alert  Today Rain Alert  Kerala Weather  Kerala Weather Report  Rain  മഴ  മഴ മുന്നറിയിപ്പ്  കേരളത്തിലെ മഴ  കേരളത്തിലെ മഴ മുന്നറിയിപ്പുകള്‍  യെല്ലോ അലര്‍ട്ട്
Kerala Rain

എറണാകുളം മുതലുള്ള ഒന്‍പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം : ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ ഒറ്റുപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്കാണ് സാധ്യത. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ വരുന്ന മണിക്കൂറുകളില്‍ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ രീതിയില്‍ മഴ ഭീഷണി നിലനില്‍ക്കുന്നത്. ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുടെ സാന്നിധ്യവും കാരണമാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും (26 ജൂലൈ) കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വടക്കന്‍ ജില്ലകളില്‍ മഴ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ശക്തമായ മഴയ്ക്ക്‌ സാധ്യതയുള്ള വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (24 ജൂലൈ) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ജില്ല കലക്‌ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.

കനത്ത മഴ തുടരുന്ന വയനാട്ടില്‍ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്കൊന്നും അവധി ബാധകമല്ല. പിഎസ്‌സി പരീക്ഷകളും നടക്കും. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പ്രവേശന നടപടികളെല്ലാം മാറ്റിവച്ചു.

More Read : കനത്ത മഴ; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇന്നലെ (23 ജൂലൈ) രാത്രിയില്‍ മലയോര മേഖലകളില്‍ ഇടവിട്ട് വ്യാപകമായി മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ തീരദേശ മേഖലകളില്‍ ഉള്ളവരും പുഴയോരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യത: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ നാളെ (25 ജൂലൈ) രാത്രി 11:30 വരെ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 2.8 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകാനാണ് സാധ്യത. കടല്‍ക്ഷോഭം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളില്‍ നിന്നും അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Also Read : കോഴിക്കോട്ട് വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു ; അപകടം ട്യൂഷന് പോകവെ

മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിത അകലത്തില്‍ കെട്ടിയിട്ട് സൂക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം. ബീച്ചുകളിലേക്കുള്ള യാത്രകള്‍ക്ക് പുറമെ കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.