ETV Bharat / state

'സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല'; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ റെയിൽ

author img

By

Published : Nov 21, 2022, 3:22 PM IST

സിൽവർലൈൻ പദ്ധതി  കെ റെയിൽ  news against silver line project  K Rail clarifies on news against silver line  silver line project  കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ്  Kerala Rail Development Corporation Limited
'സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല'; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ റെയിൽ

കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കെ റെയില്‍ വ്യക്തമാക്കിയത്

തിരുവനന്തപുരം: കാസര്‍കോട് - തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയായ സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ്. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സിൽവര്‍ലൈനിന്‍റെ പ്രവര്‍ത്തനങ്ങൾ തത്‌കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്ന തരത്തിൽ മാധ്യമവാർത്തകൾ വന്നതിന് പിന്നാലെയാണ് കെ റെയില്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിശദീകരണം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് കേരളത്തിന്‍റെ 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌ക്കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും. അന്തിമാനുമതിയ്ക്ക്‌ മുന്നോടിയായി ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ദക്ഷിണ റെയില്‍വേയ്‌ക്ക് കൈമാറിയത് വിശദവിവരങ്ങള്‍: പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ലൈന്‍ അലൈന്‍മെന്‍റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെയും നിലവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍വേ ക്രോസുകളുടെയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ - റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്.

2020 സെപ്റ്റംബര്‍ ഒന്‍പതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ റെയിലും സതേണ്‍ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിന് ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതെന്നും കെ റെയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.