ETV Bharat / state

കെ ഫോണിന് കേന്ദ്രത്തിന്‍റെ ഗ്രീന്‍ സിഗ്‌നല്‍ : സേവനങ്ങൾ നൽകുന്നതിനാവശ്യമായ ലൈസന്‍സ് അനുവദിച്ചു

author img

By

Published : Jul 7, 2022, 8:51 PM IST

KERALA FIBER OPTIC NETWORK LIMITED
കെ ഫോണിന് കേന്ദ്രത്തിന്‍റെ ഗ്രീന്‍ സിഗ്‌നല്‍: അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ലൈസന്‍സ് അനുവദിച്ചു

ലൈസന്‍സിലൂടെ കെ ഫോണിന് ഒപ്റ്റിക് ലൈനുകൾ, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല ഉള്‍പ്പടെയുള്ള അവശ്യ സംവിധാനങ്ങള്‍ സ്വന്തമാക്കാനും, തയ്യാറാക്കാനും, നിലനിർത്താനും, വില്‍ക്കാനും, അറ്റകുറ്റപ്പണികള്‍ നടത്താനും അധികാരം

തിരുവനന്തപുരം : കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്‌ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കുള്ള ഇന്‍റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ ഔദ്യോഗിക രജിസ്ട്രേഷൻ പ്രകാരം കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്‌ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.

ഇന്‍റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് സർക്കാരിന്‍റെ കെ ഫോൺ പദ്ധതി. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടെയും പരമാവധി പേർക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ്‌ സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.