ETV Bharat / state

KSRTC | 'കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഉയരുന്നത് അനാവശ്യ വിമർശനം' ; അതൃപ്‌തി അറിയിച്ച് ധനവകുപ്പ്

author img

By

Published : Jul 17, 2023, 11:53 AM IST

finance department against ksrtc  kerala finance department  finance department and ksrtc  ksrtc  ksrtc cmd biju prabhakar  ksrtc salary crisis  cmd biju prabhakar facebook live  കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പളപ്രതിസന്ധി  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ  കെഎസ്ആർടിസി ധനവകുപ്പ് വിവാദം  ധനവകുപ്പിനെതിരെ കെഎസ്ആർടിസി  ഗതാഗത മന്ത്രി ആന്‍റണി രാജു ധനവകുപ്പ് വിമർശനം  ധനവകുപ്പിന് വിമർശനവുമായി കെഎസ്ആർടിസി
KSRTC

ഗതാഗത മന്ത്രി ആന്‍റണി രാജുവും സിഎംഡി ബിജു പ്രഭാകറും ധനവകുപ്പിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ശമ്പളം വൈകുന്നത് ധനവകുപ്പ് പണം അനുവദിക്കാത്തതിനാലാണെന്നായിരുന്നു വിമർശനം.

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെയും സിഎംഡി ബിജു പ്രഭാകറിന്‍റെയും പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്‌തി. ഉയർന്നത് അനാവശ്യ വിമർശനമാണെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് ശമ്പളം വൈകാൻ കാരണമെന്ന് മന്ത്രി ആന്‍റണി രാജുവും ബിജു പ്രഭാകറും ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. ഇതാണ് ധനവകുപ്പിനെ ചൊടിപ്പിച്ചത്.

ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം കെഎസ്ആർടിസിക്ക് 50 കോടി രൂപ ധനസഹായം നൽകുന്നത്. എന്നാൽ, ധനവകുപ്പ് എല്ലാ മാസവും വൈകിയാണ് സഹായധനമായ 50 കോടി അനുവദിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി 30 കോടി രൂപ മാത്രമാണ് അനുവദിക്കുന്നത്.

ജൂൺ മാസത്തെ ശമ്പള വിതരണത്തിനും 30 കോടിയാണ് ധനവകുപ്പ് നൽകിയത്. 80 കോടി രൂപ ധനവകുപ്പ് ഇനി നൽകാനുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയും സിഎംഡിയും ധനവകുപ്പിനെതിരെ പരസ്യവിമർശനം ഉന്നയിച്ചത്. ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ജൂലൈ 14ന് രാത്രിയാണ് നൽകിയത്.

അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടതിനെ തുടർന്ന് തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് മാർച്ച് നടത്തുകയും ചെയ്‌തിരുന്നു. ബിഎംഎസ് ചീഫ് ഓഫിസിലെ ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിക്കുകയും ചെയ്‌തു.

തുടർന്ന്, പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌താണ് നീക്കിയത്. ഉന്തും തള്ളലിനുമിടെ ഓഫിസിന്‍റെ ഒരു ഭാഗത്തെ ചില്ല് പൊട്ടിയിരുന്നു. സിഐടിയുവും ചീഫ് ഓഫിസ് ഉപരോധിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പദവി ഒഴിയാൻ തയാറാണെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ നേരിൽ കണ്ട് അറിയിച്ചു.

അതേസമയം കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്കെതിരെ വീണ്ടും ഗുരുതര ആരോപണമുന്നയിച്ച് ബിജു പ്രഭാകർ രംഗത്തെത്തി. കെഎസ്ആർടിസി ജീവനക്കാരിൽ, മാഹിയിൽ നിന്ന് മദ്യം കടത്തുന്നവരും നാഗർകോവിലിൽ നിന്ന് അരി കടത്തുന്നവരുമുണ്ടെന്ന് ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാം ഭാഗത്തിൽ അദ്ദേഹം ആരോപിച്ചു.

കെഎസ്ആർടിസി മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഗതാഗത മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം പിന്നിൽ കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വിഫ്റ്റ്, കെഎസ്ആർടിസിക്ക് ഭീഷണിയാണെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ സ്വന്തമായി കൊറിയർ സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ നിന്ന് സാധനം വാങ്ങി കച്ചവടം നടത്തുന്നവർക്കാണ് സ്വിഫ്റ്റ് വന്നതിൽ വിഷമം. ജീവനക്കാർക്ക് എതിരെ നടപടിയെടുത്താൽ ആരും പണി ചെയ്യില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ബിജു പ്രഭാകർ പറഞ്ഞു.

Also read : 'മദ്യവും അരിയും കടത്തുന്ന ജീവനക്കാര്‍ കെഎസ്ആർടിസിയിലുണ്ട്'; മന്ത്രിയേയും എംഡിയേയും വില്ലന്മാരാക്കാന്‍ ശ്രമമെന്ന് ബിജു പ്രഭാകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.