ETV Bharat / state

മക്കള്‍ രാഷ്ട്രീയം അരങ്ങു തകര്‍ക്കുന്ന സംസ്ഥാന കോണ്‍ഗ്രസ്, അനില്‍ ആന്റണിയുടെ കൂറുമാറ്റത്തോടെ ചര്‍ച്ചകളില്‍ നിറഞ്ഞ് മക്കള്‍ വാഴ്ച

author img

By

Published : Apr 10, 2023, 3:51 PM IST

dynasty politics in congress kerala row family politics
മക്കള്‍ രാഷ്ട്രീയം അരങ്ങു തകര്‍ക്കുന്ന സംസ്ഥാന കോണ്‍ഗ്രസ്

പിൻഗാമികളായി മക്കളെ വളർത്തിക്കൊണ്ടുവരികയും ജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിപ്പിച്ച് ജയിപ്പിക്കുയും ചെയ്യുന്നത് കോൺഗ്രസില്‍ പതിവാണ്. അതുകൊണ്ടു തന്നെ മക്കൾ രാഷ്‌ട്രീയം എന്നും കോൺഗ്രസില്‍ വിവാദവും ചർച്ചയുമാണ്.

തിരുവനന്തപുരം: അനില്‍ ആന്റണിക്കു പിന്നാലെ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവു കൂടി തങ്ങളുടെ പാളയത്തിലെത്തുമെന്ന ബിജെപിയുടെ പ്രഖ്യാപനം കാര്യമാക്കുന്നില്ലെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ചെറിയ അങ്കലാപ്പ് ഇല്ലാതില്ല. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവേദിയിലെ അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന വടകര എംപി കെ. മുരളീധരന്‍ ബിജെപിയിലെത്തുമെന്നായിരുന്നു ആദ്യ പ്രചാരണമെങ്കിലും അങ്ങനെയില്ലെന്ന് മുരളീധരന്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

അപ്പോള്‍ ആ പ്രമുഖന്‍ ആരെന്ന ഊഹാപോഹമാണ് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉയരുന്നത്. പി.എസ്.ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ഇതുപോലെ വീമ്പുപറഞ്ഞ് നടന്നെങ്കിലും അന്ന് അദ്ദേഹത്തിന് ബിജെപിയിലെത്തിക്കാനായത് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാമന്‍ നായരെ മാത്രമാണെന്നും രാമന്‍നായരുടെ ബിജെപിയിലെ ഗതി എന്താണെന്ന് പോലും അറിയില്ലെന്ന വാദമുയര്‍ത്തിയാണ് ഇപ്പോഴത്തെ ബിജെപി അവകാശവാദത്തെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രഹണ കാലത്ത് ഞാഞൂലും തലപൊക്കും എന്ന പോലെയാണ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുന്നത്. ഒന്നുമല്ലാത്ത അനില്‍ ആന്റണിയെ എകെ ആന്റണിയുടെ മകന്‍ എന്ന പരിഗണന മാത്രം കണക്കിലെടുത്ത് കെപിസിസി ഐടി സെല്‍ തലവനാക്കി വളര്‍ത്തി ബിജെപിക്കു താലത്തില്‍ വച്ചു നല്‍കി എന്നൊരു വിമര്‍ശനം പൊതുവിലുണ്ട്.

മുരളിയുടെ വരവും മുറുമുറുപ്പും: നേതാക്കളുടെ മക്കളെ മറ്റൊന്നും നോക്കാതെ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ അമര്‍ഷം പുകയുകയാണ്. ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസില്‍ ശക്തമായ വേരോട്ടവുമുള്ള നേതാവാണെങ്കിലും കെ.മുരളീധരനും കെ.കരുണാകരന്റെ മകന്‍ എന്ന പേരില്‍ പിന്‍വാതിലിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുന്നണിയിലെത്തിയ നേതാവു തന്നെയായിരുന്നു. കെഎസ്‌യു, യൂത്ത്കോണ്‍ഗ്രസ് പാരമ്പര്യമൊന്നുമില്ലാത്ത കെ.മുരളീധരന്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലെത്തി സേവാദള്‍ കോഴിക്കോട് ജില്ലാ ചെയര്‍മാനായപ്പോള്‍ അന്ന് പ്രവര്‍ത്തകര്‍ മൂക്കത്ത് വിരല്‍ വച്ചു.

കരുണാകരന്റെ അന്നത്തെ കേന്ദ്രത്തിലെയും കേരളത്തിലെയും ശക്തമായ സ്വാധീനം കാരണം നേതാക്കള്‍ മുറുമുറുപ്പ് ഉള്ളിലൊതുക്കി. പിന്നാലെ മുരളീധരന്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് ഡല്‍ഹിക്ക് വണ്ടികയറി. 1992ലെ കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ കരുണാകരന്റെ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കെപിസിസി പ്രസിഡന്റായ വയലാര്‍ രവി അന്ന് അഞ്ച് ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ അതിലൊരാള്‍ മുരളീധരനായിരുന്നു.

സംഘടനയില്‍ വീണ്ടും മുറുമുറുപ്പ് ഉയര്‍ന്നു. പിന്നാലെ അന്നത്തെ തെരഞ്ഞെടുക്കപ്പെട്ട കെപിസിസി വൈസ് പ്രസിഡന്റ് ജി.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് മകനെ കരുണാകരന്‍ ഇത്തരത്തില്‍ ഉയര്‍ത്തുന്നതിനെതിരെ ഐ ഗ്രൂപ്പിനുള്ളില്‍ പടനീക്കം ശക്തമാക്കി. തിരുത്തല്‍ വാദം രൂപം കൊണ്ടു. കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നിടത്താണ് ആ പ്രക്ഷോഭം ചെന്നെത്തിയത്. സ്ഥാനം നഷ്ടമായ കരുണാകരനു പകരം എകെ ആന്റണി മുഖ്യമന്ത്രിയായി. എന്നിട്ടും ദേശീയ രാഷ്ട്രീയത്തിലെ തന്റെ സ്വാധീനം ഉപയോഗിച്ച് കരുണാകരന്‍ മുരളീധരനെ വീണ്ടും ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു.

1998ല്‍ തെന്നല ബാലകൃഷ്ണന്‍ പ്രസിഡന്റായപ്പോള്‍ മുരളീധരന്‍ കെപിസിസിയുടെ ഏക വൈസ് പ്രസിഡന്റായി. 2001ല്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മുരളീധരന്‍ കെപിസിസി പ്രസിഡന്റുമായി. അന്ന് അദ്ദേഹത്തിന് വെറും 41 വയസ്, രാഷ്ട്രീയത്തിലെത്തിയിട്ട് കഷ്ടിച്ച് 10 വര്‍ഷം മാത്രം. അന്ന് കെപിസിസി പ്രസിഡന്റായ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയില്‍ തന്നെ അവഗണിച്ചു എന്ന പരാതിയുമായി നടക്കുന്നത്. ഇനി മുഖ്യമന്ത്രി പദവി മാത്രമേ മുരളീധരന് ലഭിക്കേണ്ടതായുള്ളൂ. മറ്റെല്ലാ പദവികളും കെ.കരുണാകരന്റെ മകന്‍ എന്ന പരിഗണനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുരളീധരനു ലഭിച്ചു കഴിഞ്ഞു.

അനില്‍ ആന്റണി കോണ്‍ഗ്രസിനെ തള്ളി ബിജെപിയിലെത്തിയതോടെ മുരളീധരന്റെയും അനവസരത്തിലുള്ള സ്ഥാന ലബ്ധി കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചര്‍ച്ചയാണ്. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലും കെ.കരുണാകരന്റെ മകള്‍ എന്ന പരിഗണനയില്‍ തന്നെയാണ് കോണ്‍ഗ്രസ് തലപ്പത്തെത്തിയത്. കെപിസിസി വൈസ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി പദങ്ങള്‍ വഹിച്ച അവര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കെ.കരുണാകരന്‍ ജിവിച്ചിരിക്കെ 2004ല്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ മുകുന്ദപുരത്തു നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലോനപ്പന്‍ നമ്പാടന്‍ അന്ന് അവിടെ പത്മജയെ അട്ടിമറിച്ചു. മുകുന്ദപുരം പിന്നീട് ചാലക്കുടി ലോക്‌സഭ മണ്ഡലമായി.

ജെബിയും ഹൈബിയും: കേരളത്തില്‍ നിന്ന് എകെ ആന്റണിയുടെ ഒഴിവില്‍ ജെബി മേത്തര്‍ രാജ്യസഭയിലെത്തിയപ്പോള്‍ നെറ്റി ചുളിക്കാത്ത കോണ്‍ഗ്രസുകാരുണ്ടാകാന്‍ സാദ്ധ്യതയില്ല. മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായി മാസങ്ങള്‍ തികയും മുന്‍പായിരുന്നു ജെബിയുടെ അപ്രതീക്ഷിത സ്ഥാന ലബ്ധി. ജെബിക്കു തുണയായതും പിതാവിന്റെയും മുത്തച്ഛന്റെയും രാഷ്ട്രീയ പാരമ്പര്യമാണ്. പിതാവ് കെ.എം.ഐ മേത്തര്‍ കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും മുത്തച്ഛന്‍ ടി.ഒ.ബാവ മുന്‍ കെപിസിസി അദ്ധ്യക്ഷനുമായിരുന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം.ലിജുവിന്റെ പേര് ഏറെക്കുറെ അംഗീകരിക്കപ്പെട്ട ശേഷമാണ് അപ്രതീക്ഷിതമായി ലിജുവിനെ വെട്ടി ജെബി രാജ്യസഭ സ്ഥാനാര്‍ത്ഥിയാകുന്നത്.

എറണാകുളം എംപി ഹൈബി ഈഡൻ, പിതാവും ഏറെക്കാലം കോണ്‍ഗ്രസ് എംഎല്‍എയും എംപിയുമായിരുന്ന ജോര്‍ജ് ഈഡന്റെ മകനാണ്. അപ്രതീക്ഷിതമായി ജോര്‍ജ് ഈഡന്‍ മരിച്ചപ്പോള്‍ കെഎസ്‌യുവിലൂടെ കോണ്‍ഗ്രസിലെത്തി വൈകാതെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായി. 2011 ല്‍ എന്‍എസ്്യു പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ എറണാകുളം നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടു തവണ എംഎല്‍എയായി. എംഎല്‍എ ആയിരിക്കേ 2019ല്‍ എറണാകുളത്തു നിന്നു മത്സരിച്ച് ലോക്‌സഭാംഗമായി.

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി രംത്തെത്തിയില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍റെ കണ്ണ് പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലേക്കാണ്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നില മോശമായ സാഹചര്യം കൂടി പരിഗണിച്ചാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലോ നിയമസഭ തെരഞ്ഞെടുപ്പിലോ ചാണ്ടി ഉമ്മന്‍ മത്സരിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇവിടെ ചാണ്ടി ഉമ്മനും തുണയാകുന്നത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ എന്ന പരിഗണന തന്നെ.

അരുവിക്കരയും തൃക്കാക്കരയും: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അരുവിക്കര നിന്ന് രണ്ടു തവണ എംഎല്‍എ ആകാന്‍ കെഎസ് ശബരിനാഥന് പാര്‍ട്ടില്‍ പിടിവള്ളിയായത് മുതിര്‍ന്ന നേതാവ് ജി കാര്‍ത്തികേയന്റെ മകന്‍ എന്ന പരിഗണനയായിരുന്നു. കാര്‍ത്തികേയന്റെ മരണത്തിന്റെ സഹതാപം നേടാനെന്ന ന്യായമുയര്‍ത്തിയാണ് ശബരിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസിന് ഏറെ വിജയ സാദ്ധ്യതയുള്ള അരുവിക്കരയില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ തന്നെ അരഡസനളം യോഗ്യരായവര്‍ ഉണ്ടായിരുന്നിട്ടും അവരെയെല്ലാം ഒഴിവാക്കി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥനെ അരുവിക്കരയില്‍ മത്സരിപ്പിക്കുകയായിരുന്നു. ഇവിടെയും പരിഗണന പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെയായിരുന്നു.

ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിച്ചത് പ്രമുഖ നേതാവും മന്ത്രിയും ദീർഘകാലം എംഎല്‍എയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ പാരമ്പര്യമായിരുന്നു. കെപിസിസി ഒബിസി വിഭാഗം തലവന്‍ സുമേഷ് അച്യുതന്‍ ദീര്‍ഘകാലം ചിറ്റൂര്‍ എംഎല്‍എ ആയിരുന്ന എം അച്യുതന്റെ മകനാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ അമൃത രാമകൃഷ്ണന്‍, സൂരജ് രവി, പി.എം. നിയാസ് എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയതും നേതാക്കളായ പിതാക്കന്‍മാരുടെ പിന്‍ബലത്തില്‍ തന്നെ. പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവിടെയും മുന്‍ തൂക്കം കുടുംബരാഷ്ട്രീയമായിരുന്നു. ഭാര്യ ഉമ തോമസിനെ സഹതാപ തരംഗത്തിന്റെ പേരില്‍ അവിടെ സ്ഥാനാര്‍ത്ഥിയായപ്പോള്‍ വര്‍ഷങ്ങളുടെ പരിചയമുള്ള മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നിശബ്ദമായി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.