ETV Bharat / state

'ജാഗ്രത വേണം'; 60 വയസിന് മുകളിലുള്ളവർ ബൂസ്‌റ്റർ ഡോസ് എടുക്കാൻ നിർദേശം

author img

By

Published : Dec 30, 2022, 6:17 PM IST

ബൂസ്‌റ്റർ ഡോസ്  60 വയസിന് മുകളിലുള്ളവർ ബൂസ്‌റ്റർ ഡോസ്  people over sixty years should take booster dose  മുഖ്യമന്ത്രി  വാക്‌സിന്‍  വീണാ ജോര്‍ജ്  ആരോഗ്യ മന്ത്രി  പിപിഇ കിറ്റ്  covid review meeting  covid review meeting kerala
ബൂസ്‌റ്റർ ഡോസ്

ആള്‍ക്കൂട്ടങ്ങൾ ഉള്ള സ്ഥലങ്ങൾ, എസി മുറികള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് രോഗ വ്യാപനം തടയുമെന്ന് യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിന് വലിയ വ്യാപനശേഷി ഉള്ളതിനാല്‍ ജാഗ്രതയും കരുതലും കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 60 വയസുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കൊവിഡ് മുന്നണി പ്രവര്‍ത്തകരും കരുതല്‍ ഡോസ് വാക്‌സിനെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗം നിര്‍ദേശിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.

474 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതില്‍ 13 പേര്‍ ഐസിയുവിലും 72 പേര്‍ ആശുപത്രിയിൽ ചികിത്സയിലുമാണ്. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 7000 കൊവിഡ്‌ പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആവശ്യത്തിന് ഓക്‌സിജന്‍ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ല ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. കൊവിഡ് മോണിറ്ററിങ് സെല്‍ പുനഃരാരംഭിച്ചിട്ടുണ്ട്.

റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഐഇസി ബോധവത്ക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന പ്രദേശങ്ങള്‍, എസി മുറികള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിന് വലിയതോതില്‍ വ്യാപനശേഷി ഉള്ളതിനാല്‍ ജാഗ്രതയും കരുതലും ആവശ്യമാണ്.

ആരോഗ്യവകുപ്പിന്‍റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അതേ രീതിയില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ല കലക്‌ടര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.