ETV Bharat / state

AI Camera Issue | 'ഹൈക്കോടതി വിധി സർക്കാരിനെതിരല്ല, പ്രതിപക്ഷം പറയുന്നത് നിലനിൽപ്പിനായി' ; പ്രതികരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു

author img

By

Published : Jun 20, 2023, 5:56 PM IST

Antony Raju response  Antony Raju response over AI Camera issue  AI Camera issue High Court verdict  AI Camera Issue  High Court verdict  High Court  ഹൈക്കോടതി വിധി സർക്കാരിനെതിരല്ല  ഹൈക്കോടതി വിധി  ഹൈക്കോടതി  പ്രതിപക്ഷം പറയുന്നത് നിലനിൽപ്പിനായി  പ്രതികരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു  ഗതാഗത മന്ത്രി  ആന്‍റണി രാജു  പദ്ധതിയിൽ ഒരു അഴിമതിയും നടന്നിട്ടില്ല  എഐ ക്യാമറ  പ്രതിപക്ഷം  പ്രതിപക്ഷ അഭിഭാഷകരുടെ വാദം  ഗതാഗത വകുപ്പ്
'ഹൈക്കോടതി വിധി സർക്കാരിനെതിരല്ല, പ്രതിപക്ഷം പറയുന്നത് നിലനിൽപ്പിനായി'; പ്രതികരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു

പദ്ധതിയിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നാണ് ഗതാഗത മന്ത്രി എന്ന നിലയിൽ താൻ മനസിലാക്കിയിരിക്കുന്നതെന്ന് ആന്‍റണി രാജു

പ്രതികരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയുടെ നടത്തിപ്പിന് തടസ്സമാകുന്ന ഒന്നും ഹൈക്കോടതി വിധിയിൽ ഉണ്ടായിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിധി സർക്കാരിനെതിരല്ല. തങ്ങൾക്ക് അനുകൂലമായി എന്തോ ഹൈക്കോടതിയിൽ നിന്നുണ്ടായി എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും അത് വെറുതെ നിലനിൽപ്പിനായി ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു.

പ്രതിപക്ഷത്തെ വിമര്‍ശിച്ച് : പദ്ധതി നിർത്തിവയ്ക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ ഹൈക്കോടതി ഇത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. പ്രതിപക്ഷ അഭിഭാഷകരുടെ വാദം കേൾക്കുക മാത്രമാണ് ഹൈക്കോടതി ചെയ്‌തതെന്നും ആരോപണങ്ങൾക്ക് തെളിവ് കൊണ്ടുവരാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആന്‍റണി രാജു പറഞ്ഞു. ഇതിനെ സർക്കാരിനുള്ള തിരിച്ചടിയായി ചിത്രീകരിക്കാനാവുക എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു.

നിലവിൽ സെപ്റ്റംബറിൽ മാത്രമാണ് ഗതാഗത വകുപ്പ് പണം നൽകേണ്ടത്. ഹൈക്കോടതി മൂന്ന് ആഴ്‌ചത്തേക്കാണ് പണം നൽകുന്നത് തടഞ്ഞിരിക്കുന്നത്. ഹൈക്കോടതിയിൽ സർക്കാർ എല്ലാ വിവരങ്ങളും അറിയിക്കുമെന്നും എഐ പദ്ധതിയിൽ എല്ലാ വശവും പരിശോധിച്ച ശേഷം സമഗ്രമായ കരാറിൽ ഒപ്പിടാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ സമഗ്രമായ കരാർ ഒപ്പിട്ട ശേഷമേ പണം നൽകൂ. പദ്ധതിയിൽ ഒരു അഴിമതിയും നടന്നിട്ടില്ല എന്നാണ് ഗതാഗത മന്ത്രി എന്ന നിലയിൽ താൻ മനസിലാക്കിയിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പദ്ധതിയില്‍ വിശദീകരണം : ഒരു സർക്കാരിതര കമ്പനിയുമായും കരാർ ഒപ്പിട്ടിട്ടില്ല. സർക്കാരിന്‍റെ തന്നെ സ്ഥാപനമായ കെൽട്രോണും ഗതാഗത വകുപ്പും തമ്മിലാണ് സർവീസ് എഗ്രിമെന്‍റ് ഉണ്ടാക്കിയിരിക്കുന്നത്. കെല്‍ട്രോണുമായി സമഗ്ര കരാർ ഏര്‍പ്പെടുന്നതിന് മുമ്പ് വിശദമായ പരിശോധന എന്നാണ് സർക്കാർ നിലപാടെന്നും ഒരു അഴിമതിയും പദ്ധതിയിൽ നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിലേക്ക് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായാണ് പദ്ധതിയിലെ അഴിമതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതിയുടെ അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഖജനാവിന് പണം നഷ്‌ടമായിട്ടുണ്ടോ, അധിക സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പൊതുതാത്പര്യ ഹർജിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി എടുത്തിരിക്കുന്നത്. എതിർകക്ഷികൾക്ക് നോട്ടിസ് അയയ്ക്കാ‌നും കോടതി നിർദേശിച്ചിരുന്നു. പദ്ധതിക്കെതിരായ ആരോപണങ്ങൾ വിശദമായ സത്യവാങ്‌മൂലം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് കെൽട്രോണുമായാണ് പദ്ധതി സംബന്ധിച്ച് കരാർ ഉണ്ടാക്കിയത്. കെൽട്രോണ്‍ ചട്ടങ്ങൾക്ക് വിരുദ്ധമായി ടെന്‍ഡർ യോഗ്യതയില്ലാത്ത എസ്ആർഐടി, പ്രസാഡിയോ, അശോക തുടങ്ങിയ കമ്പനികൾക്ക് ഉപകരാർ നൽകി. ഇതുവഴി ചാർജിനത്തിൽ പണം തട്ടിയെടുത്തുവെന്നാണ് പ്രതിപക്ഷ ആരോപണം.

Also read: AI camera | എഐ ക്യാമറ: സർക്കാരിന് തിരിച്ചടി, അനുമതി ഇല്ലാതെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത പദ്ധതി സംസ്ഥാനത്ത് നടപ്പിലായി. എഐ ക്യാമറ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചലാനും അയച്ചുതുടങ്ങിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കി തുടങ്ങിയതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.