ETV Bharat / state

'സർക്കാർ ബോര്‍ഡ് ദുരുപയോഗം തടയും' ; കാര്യവട്ടത്ത് കാണികളില്ലാഞ്ഞത് ഗതാഗത വകുപ്പിന്‍റെ പോരായ്‌മകൊണ്ടല്ലെന്ന് ആന്‍റണി രാജു

author img

By

Published : Jan 16, 2023, 6:09 PM IST

Antony Raju on govt name board misuse  govt name board misuse Thiruvananthapuram  Thiruvananthapuram todays news  സർക്കാർ ബോര്‍ഡ് ദുരുപയോഗം തടയും  സർക്കാർ ബോര്‍ഡ് ദുരുപയോഗം തടയുമെന്ന് ആന്‍റണി രാജു  ആന്‍റണി രാജു
സർക്കാർ ബോര്‍ഡ് ദുരുപയോഗം തടയും

മ്യൂസിയം, കുറവന്‍കോണം എന്നീ സംഭവങ്ങള്‍ ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം തടയാന്‍ ഗതാഗത മന്ത്രിയുടെ ഇടപെടല്‍

ഫീഡര്‍ സര്‍വീസ് ഉദ്‌ഘാടന വേദിയില്‍ മന്ത്രി സംസാരിക്കുന്നു

തിരുവനന്തപുരം : സർക്കാർ ബോർഡ് വച്ച് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. നമ്പർ കണ്ടാൽ അത് സർക്കാർ വാഹനമാണോ സ്വകാര്യ വാഹനമാണോ എന്ന് മനസിലാകുന്ന തരത്തിൽ സംവിധാനം ഏർപ്പെടുത്തും. ഇതുസംബന്ധിച്ച ചർച്ചയ്ക്കായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

മണ്ണന്തല - തിരുമല ഫീഡർ സർവീസ് രാവിലെ ഉദ്ഘാടനം ചെയ്‌ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യവട്ടം ഏകദിനത്തിന് ഗതാഗത വകുപ്പിന്‍റെ പോരായ്‌മകൊണ്ട് കളികാണാൻ ആളുകൾ എത്താതിരുന്നിട്ടില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്നലെ നടന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ അതുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കണ്ടക്‌ടര്‍ ഇല്ലാത്ത സര്‍വീസ്..! : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നാല് പ്രധാന റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പുതിയ സംവിധാനമാണ് ഫീഡർ സർവീസ്. ഇടറോഡുകളിൽ നിന്ന് യാത്രക്കാരെ മെയിൻ റോഡുകളിലേയ്ക്ക് എത്തിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫീഡർ സർവീസിൽ കണ്ടക്‌ടര്‍ ഉണ്ടാവില്ല. ട്രാവൽ കാർഡുപയോഗിച്ച് മാത്രമേ ഇതിൽ യാത്ര ചെയ്യാനാകൂ. 100 രൂപ മുതൽ 2,000 രൂപ വരെയുള്ള ട്രാവൽ കാർഡുകൾ ബസുകളിൽ നിന്നും കെഎസ്‌ആർടിസി ഓഫിസുകളിൽ നിന്നും വാങ്ങുന്നതിനും റീചാർജ് ചെയ്യുന്നതിനും സൗകര്യമൊരുക്കും.

250 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുമ്പോൾ 10 ശതമാനം അധികം ലഭിക്കുകയും ചെയ്യും. സിറ്റി സർക്കുലർ, സിറ്റി റേഡിയൻ, സിറ്റി ഷട്ടിൽ ബസുകളിലും ട്രാവൽ കാർഡ് ഉപയോഗിക്കാനാകും. മണ്ണന്തല - കുടപ്പനക്കുന്ന് - പേരൂർക്കട - ഇന്ദിര നഗർ - മണികണ്‌ഠേശ്വരം - നെട്ടയം - വട്ടിയൂർക്കാവ് - കുമൺകടവ് - തിരുമല ഫീഡർ സർവീസിന്‍റെ ഉദ്ഘാടനമാണ് മന്ത്രി ആൻ്റണി രാജു നിർവഹിച്ചത്. കെഎസ്ആർടിസി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനുവേണ്ടിയാണ് നൂതനമായ ഫീഡർ സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചതെന്നും ആന്‍റണി രാജു പറഞ്ഞു.

ലക്ഷ്യം അപകടം ഒഴിവാക്കാന്‍ : ന​ഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റസിഡൻസ് ഏരിയകളിൽ ഉള്ളവർക്കും കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്‌ടിവിറ്റി ഉറപ്പുവരുത്താൻ കഴിയാത്ത സാഹചര്യമുണ്ട്. പുറമെ, സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കുറയുകയും ഇരുചക്ര വാഹനമടം സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി പെരുകുകയും ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ അമിതമായ പെരുപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമായാണ് കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്‌ടിവിറ്റി ഉറപ്പാക്കുന്ന ഫീഡർ സർവീസുകൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കി വിജയിച്ച സിറ്റി സർക്കുലർ സർവീസിന് അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെഎസ്‌ആർടിസി ഫീഡർ പേരൂർക്കടയിൽ ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങൾ ഉപയോ​ഗിച്ച് യാത്ര ചെയ്യുന്നതിനേക്കാൾ ലാഭകരമാണ് പൊതുഗതാ​ഗത സംവിധാനത്തിലെ യാത്ര. ഡീസൽ വിലവർധനവ്, സ്പെയർ പാർട്‌സുകളുടെ വില വർധനവ് എന്നിങ്ങനെ പ്രതികൂലമായ സമയത്ത് പോലും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്താതെ സർവീസ് നടത്താനാണ് സർക്കാരും കെഎസ്ആർടിസിയും ശ്രമിക്കുന്നത്. കെഎസ്ആർടിസിക്ക് പുതുതായി ഇലക്ട്രിക് ബസുകൾ വരുമ്പോൾ ഫീഡർ സർവീസുകളിലും അവ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.