ETV Bharat / state

Sabarimala Temple Opening: തുലാമാസ പൂജകള്‍ക്കായി ശബരിമല ചൊവ്വാഴ്‌ച തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്

author img

By ETV Bharat Kerala Team

Published : Oct 16, 2023, 7:46 PM IST

Sabarimala Temple Opening  Sabarimala Temple Doors Will Open For Pooja  Sabarimala Latest Updates  Sabarimala Makaravilakku Date  Sabarimala Pilgrimage starts from  തുലാമാസ പൂജകള്‍ക്കായി ശബരിമല  ശബരിമല മകരവിളക്ക് എന്ന്  ശബരിമല മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്  ശബരിമല ശ്രീ ധര്‍മ്മശാസ്‌ത ക്ഷേത്രനട  ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നത് എന്ന്
Sabarimala Temple Opening

Sabarimala Temple Doors Will Open For Pooja: ഒക്‌ടോബര്‍ 18ന് ഉഷപൂജയ്‌ക്ക് ശേഷമാണ് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്‌ത ക്ഷേത്രനട ഒക്ടോബര്‍ 17 ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടയും തുറക്കും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. തുലാം ഒന്നായ ഒക്ടോബര്‍ 18 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മണ്ഡപത്തില്‍ മഹാഗണപതിഹോമം നടക്കും. പുലര്‍ച്ചെ 5.30 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജയ്ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

മേല്‍ശാന്തി നറുക്കെടുപ്പ് ഇങ്ങനെ: ആദ്യം ശബരിമല മേല്‍ശാന്തി നറുക്കെടുപ്പാണ് നടക്കുക. 17 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 12 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശബരിമല മേല്‍ശാന്തി അന്തിമപട്ടികയില്‍ ഇടം നേടിയ 17 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത് അയ്യപ്പസ്വാമിയുടെ ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക.

മാളികപ്പുറം മേല്‍ശാന്തി അന്തിമപട്ടികയില്‍ ഇടം നേടിയ 12 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത്
മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷം അതില്‍ നിന്ന് പുതിയ മാളികപ്പുറം
മേല്‍ശാന്തിയെയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തില്‍ നിന്നെത്തുന്ന വൈദേഹ് വര്‍മ്മ ശബരിമല മേല്‍ശാന്തിയെ നറുക്കെടുക്കുമ്പോള്‍ നിരുപമ ജി വര്‍മയായിരിക്കും മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കുക. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

നറുക്കെടുപ്പിന് ആരെല്ലാമെത്തും: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ് ജീവന്‍, ജി സുന്ദരേശന്‍‍, ദേവസ്വം കമ്മിഷണര്‍ ബി.എസ് പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം.മനോജ്, ദേവസ്വം സെക്രട്ടറി ജി.ബൈജു, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ടേര്‍ഡ് ജസ്‌റ്റിസ് പത്മനാഭന്‍ നായര്‍, ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി.കൃഷ്‌ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്‌പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയില്‍ സന്നിഹിതരാകും.

തുലാമാസ പൂജകളുടെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ 22 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും ഭക്തര്‍ക്കായി സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബര്‍ 10 ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. 11നാണ് ആട്ട ചിത്തിര. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോത്സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം അഞ്ച് മണിക്കാണ് തുറക്കുക. നവംബര്‍ 17 നാണ് വൃശ്ചികം ഒന്ന്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.