ETV Bharat / state

മണ്ഡല പൂജ 27 ന്‌, തങ്കയങ്കി ഘോഷയാത്ര 23 ന്‌ ആറന്മുളയില്‍ നിന്ന്‌; തിരക്ക് പരിഗണിച്ച് മണ്ഡലപൂജ വരെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി

author img

By ETV Bharat Kerala Team

Published : Dec 21, 2023, 5:17 PM IST

sabarimala mandalavilakku virtual queue updates
sabarimala mandalavilakku virtual queue updates

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 23ന്‌ രാവിലെ ഏഴിന്‌ ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്തിനു സമാപനം കുറിച്ച്‌ ഡിസംബർ 27 ന്‌ മണ്ഡലപൂജ നടക്കും. രാവിലെ 10.30 നും 11.30 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 23ന്‌ രാവിലെ ഏഴിന്‌ ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുമെന്ന് ആറന്മുള അസിസ്‌റ്റന്‍റ് ദേവസ്വം കമ്മിഷണര്‍ ആര്‍. പ്രകാശ്‌ അറിയിച്ചു.

തിരുമുഖം, തിരുഉടല്‍, കിരീടം, തൃപ്പാദം തുടങ്ങിയവ അടങ്ങുന്നതാണു തങ്കയങ്കി. 416 കിലോയോളം തൂക്കമുള്ള ഇവ തിരുവിതാംകൂര്‍ മഹാരാജാവ്‌ നടയ്‌ക്കു വച്ചതാണ്‌. 23 ന്‌ ആറന്മുളയില്‍ നിന്ന്‌ പുറപ്പെടുന്ന ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി എട്ടിന്‌ ഓമല്ലൂര്‍ രക്‌തകണ്‌ഠസ്വാമി ക്ഷേത്രത്തില്‍ വിശ്രമിക്കും. 24 ന്‌ രാവിലെ എട്ടിന്‌ ഇവിടെനിന്നു പുറപ്പെട്ട്‌ രാത്രി 8.30 ന്‌ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ തങ്ങും. 25 ന്‌ രാവിലെ 7.30 ന്‌ ആരംഭിക്കുന്ന ഘോഷയാത്ര രാത്രി 8.30 ന്‌ പെരുനാട്‌ ശാസ്‌താക്ഷേത്രത്തിലെത്തി വിശ്രമിക്കും.

26 ന്‌ രാവിലെ എട്ടിന്‌ പുറപ്പെടുന്ന ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്‌ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി പമ്പയിലെത്തും. ദേവസ്വം സ്‌പെഷല്‍ ഓഫീസര്‍ മനോജ്‌ കുമാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ സതീഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ പമ്പ ഗണപതി ക്ഷേത്രത്തിലേക്കാനയിക്കും. വൈകിട്ട്‌ മൂന്ന്‌ വരെ ഗണപതി ക്ഷേത്രത്തില്‍ ഭക്‌തര്‍ക്ക്‌ തങ്കയങ്കി ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടാകും.

പമ്പയില്‍ നിന്ന്‌ പുറപ്പെട്ട്‌ വൈകിട്ട് അഞ്ചിന്‌ ശരംകുത്തിയിലെത്തുന്ന തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബി. കൃഷ്‌ണകുമാര്‍, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വിനോദ്‌ കുമാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ഒ.ജി. ബിജു, സോപാനം സ്‌പെഷല്‍ ഓഫീസര്‍ അരവിന്ദ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ച്‌ സന്നിധാനത്തേക്കാനയിക്കും.

വൈകിട്ട് 6.15ന്‌ പതിനെട്ടാം പടിക്ക്‌ മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി സോപാനത്തേക്കാനയിക്കും. സോപാനത്ത്‌ വച്ച്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌, മേല്‍ശാന്തി പി.എന്‍. മഹേഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി ഭഗവാന്‌ ചാര്‍ത്തി ദീപാരാധന നടത്തും. 27 ന്‌ രാത്രി 10 ന്‌ ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന്‌ സമാപനമാകും. തുടര്‍ന്ന്‌ മകരവിളക്ക്‌ ഉത്സവത്തിനായി 30 ന്‌ വൈകിട്ട്‌ അഞ്ചിന്‌ ശബരിമല നട വീണ്ടും തുറക്കും.

വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി: ശബരിമലയില്‍ തിരക്ക് പരിഗണിച്ചു മണ്ഡലപൂജ വരെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി. ബുക്കിംഗ് 80,000ത്തില്‍ നിലനിര്‍ത്താൻ ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ട്. വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്. ബുക്കിംഗ് നിയന്ത്രിക്കും മുൻപേ പല ദിവസത്തേയും 80,000 കടന്നിരുന്നു. 80,000ത്തിന് മുകളില്‍ ബുക്കിംഗ് അനുവദിക്കരുതെന്ന് പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 27 വരെയുളള പരമാവധി അനുവദിക്കാവുന്ന സ്ലോട്ടുകള്‍ പൂര്‍ണമായിരിക്കുകയാണ്.

ഒരുക്കങ്ങളുമായി കെ.എസ്‌.ആര്‍.ടി.സി: മണ്ഡല മകരവിളക്ക്‌ മഹോത്സവുമായി ബന്ധപ്പെട്ട്‌ പമ്പ, നിലയ്‌ക്കല്‍ ബസ്‌ സ്‌റ്റേഷനുകളില്‍ നിന്ന്‌ വിപുലമായ ഒരുക്കങ്ങളാണ്‌ കെ.എസ്‌.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്‌. പമ്പയില്‍ നിന്നു നിലയ്‌ക്കലിലേക്ക്‌ ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജംങ്‌ഷനില്‍ നിന്ന്‌ ലഭ്യമാണ്‌. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ്‌ സ്‌റ്റേഷനില്‍ നിന്നാണ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്ബം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ട്‌. അയ്യപ്പഭക്‌തരുടെ ആവശ്യപ്രകാരം അവര്‍ ആവശ്യപ്പെടുന്ന സ്‌ഥലങ്ങളിലേക്ക്‌ പ്രത്യേക ചാര്‍ട്ടേഡ്‌ ബസുകളും ലഭ്യമാണ്‌.

കുട്ടികള്‍ക്ക് ക്യുആർ ബാന്‍ഡ് സുരക്ഷ: തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ടെലികോം സേവനദാതാക്കളായ വിയുടെ സഹകരണത്തോടെ ക്യൂ ആർ കോഡ് റിസ്റ്റ് ബാന്‍ഡ് സംവിധാനമൊരുക്കി പൊലീസ്. തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്ന സാഹചര്യങ്ങളിൽ, എത്രയും വേഗം കണ്ടെത്താൻ ഉപകരിക്കും വിധം ക്യൂ ആർ കോഡുള്ള റിസ്റ്റ് ബാൻഡ് വൊഡാഫോൺ ഐഡിയ കമ്പനി ജില്ല പൊലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ന് രാവിലെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് മേധാവിയും വൈസ് പ്രസിഡന്‍റുമായ ബിനു ജോസിന്‍റെ സാന്നിധ്യത്തിലാണ് ജില്ലാ പൊലീസ് മേധാവി ഇവ പുറത്തിറക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.