പാലക്കാട് ഷോക്കേറ്റ് ചരിഞ്ഞ് കാട്ടാനയുടെ സംസ്‌കാരം നാളെ

author img

By

Published : Sep 14, 2022, 9:21 PM IST

Wild elephant electrocuted Palakkad  പന്നിയെ പിടിക്കാൻ വച്ച ഇലക്‌ട്രിക് കമ്പി  നൊച്ചുപുള്ളിയിൽ ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ സംസ്‌കാരം  Burial of electrocuted elephant at Nochupulli

പന്നിയെ പിടിക്കാൻ വച്ച ഇലക്‌ട്രിക് കമ്പി ചവിട്ടിയതിനെ തുടര്‍ന്നാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. ബുധനാഴ്‌ച പുലര്‍ച്ചയാണ് സംഭവം

പാലക്കാട്: പുതുപ്പരിയാരം നൊച്ചുപുള്ളിയിൽ ഷോക്കേറ്റ് ചെരിഞ്ഞ കാട്ടാനയുടെ സംസ്‌കാരം വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 15) നടക്കും. വാളയാര്‍ നടുപ്പതിക്കാട്ടിലാണ് സംസ്‌കരിക്കുക. ബുധനാഴ്‌ച (സെപ്റ്റംബര്‍ 14) പുലർച്ചെയാണ്‌ സംഭവം. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമുള്ള പാടത്താണ് ഏകദേശം 15 വയസ്‌ പ്രായമുള്ള പിടിയാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്. പന്നിയെ പിടിക്കാൻ വച്ച ഇലക്‌ട്രിക് കമ്പിയിൽ ചവിട്ടി ഷോക്കേറ്റാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ്‌ അറിയിച്ചു.

പാലക്കാട് ഷോക്കേറ്റ് ചെരിഞ്ഞ കാട്ടാനയുടെ സംസ്‌കാരം വ്യാഴാഴ്‌ച

കൊമ്പനും കുട്ടിയും രക്ഷപ്പെട്ടു: ആനകളുടെ ഉച്ചത്തിലുള്ള ചിന്നംവിളി കേട്ട്‌ നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. വനപാലകർ എത്തിയപ്പോൾ ഒരു കൊമ്പനും കുട്ടിയും ചിന്നം വിളിച്ച്‌ നിൽക്കുന്നുണ്ടായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ഇവയെ കാടുകയറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ്‌ ആനയെ ചെരിഞ്ഞനിലയിൽ കണ്ടത്‌. ആനയാണെന്ന്‌ ആദ്യം വ്യക്തമായില്ലെന്നും പാറയാണെന്ന്‌ ധരിച്ചതായും വനപാലക സംഘം പറഞ്ഞു.

പിടിയാന ഷോക്കേറ്റ് പിടയുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലാവും കൊമ്പനും കുട്ടിയും ഷോക്കേൽക്കാതെ രക്ഷപ്പെട്ടതെന്നാണ് നിഗമനം. വനം വകുപ്പ് ജീവനക്കാരും ദ്രുതകർമസേനയും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ആനയെ പാടത്തുനിന്നും മാറ്റി. ഡോക്‌ടറെത്തി പോസ്റ്റ്‌മോർട്ടം ചെയ്‌തു. കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാനകളെ വനംവകുപ്പ്‌ അധികൃതർ കാട്ടിലേക്ക്‌ തുരത്തിയിരുന്നു. സ്ഥിരമായി ആനശല്യമുള്ള പ്രദേശമാണ്‌ നൊച്ചുപുള്ളി.

നേരത്തേയും അപകടം: പലപ്പോഴായി പ്രദേശവാസികൾ ആനകളുടെ മുന്‍പില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത്. സമീപ പ്രദേശമായ മലമ്പുഴ വേലാം പൊറ്റയില്‍ നാലുമാസം മുന്‍പ് ആനകൾ ഷോക്കേറ്റ്‌ ചരിഞ്ഞിരുന്നു. ഏതാനും മാസങ്ങൾ മുന്‍പ് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വൈദ്യുതി കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. കാട്ടുപന്നിക്കായി കെട്ടിയിരുന്ന വൈദ്യുതി കമ്പിവേലിയാണ് ഇവരുടെ ജീവനെടുത്തത്. അകത്തേത്തറയ്‌ക്ക്‌ സമീപം നടക്കാനിറങ്ങിയ ഗൃഹനാഥനെ രണ്ട്‌ മാസം മുന്‍പ് കാട്ടാന ചവിട്ടി കൊന്നിരുന്നു.

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സർക്കാർ ഉത്തരവുണ്ട്‌. അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ അധികാരം നൽകുന്നതാണ് ഉത്തരവ്. എന്നാൽ വിഷപ്രയോഗത്തിലൂടെയോ ഷോക്കടിപ്പിച്ചോ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാൻ പാടില്ലെന്നാണ് നിയമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.