കേരള ബാങ്കില്‍ ലീഗിനെന്ത് കാര്യം; ലീഗിനെ പാട്ടിലാക്കാനുള്ള ഇടതു തന്ത്രം ഫലം കാണുമോ?

കേരള ബാങ്കില്‍ ലീഗിനെന്ത് കാര്യം; ലീഗിനെ പാട്ടിലാക്കാനുള്ള ഇടതു തന്ത്രം ഫലം കാണുമോ?
Decision to nominate Muslim League MLA to Kerala Bank Board of Directors: മുസ്‌ലിം ലീഗ് എംഎൽഎ പി അബ്‌ദുൽ ഹമീദിന്‍റെ പേര് കേരള ബാങ്ക് ഡയറക്‌ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്യാൻ തീരുമാനം.
കോഴിക്കോട്: കേരള ബാങ്ക് ഡയറക്‌ടർ ബോർഡിലേക്ക് മുസ്‌ലിം ലീഗ് എംഎൽഎയെ നാമനിർദേശം ചെയ്യാൻ തീരുമാനം. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്‌ദുല്‍ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കുന്നത്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡൻ്റാണ് ഹമീദ്.
ഇതാദ്യമായാണ് കേരള ബാങ്കിൽ യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടെയാണ് പുതിയ നീക്കം. കേരള ബാങ്ക് ഡയറക്‌ടർ ബോർഡ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
അബ്‌ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിർദ്ദേശം ചെയ്‌തത് ഇടത് മുന്നണിയുടെ തന്ത്രപരമായ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ലീഗിനെ ഭരണവുമായി അടുപ്പിക്കുന്നതിന്‍റെ ആദ്യ പടിയാണിത്. ഇതിനോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കമാണിതെന്നും ആരോപണമുണ്ട്. സിപിഎമ്മിന്‍റെ മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്‌ദുൽ ഹമീദിന്‍റെ നാമനിർദ്ദേശം. ഗോപി കോട്ടമുറിക്കൽ പ്രസിഡെന്‍റായ കേരള ബാങ്ക് ഭരണസമിതിയിൽ സിപിഎം നേതാക്കളും എൽഡിഎഫ് ഘടകകക്ഷി നേതാക്കളും മാത്രമാണ് അംഗങ്ങള്‍.
ഇതിനെല്ലാമപ്പുറം സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന് കേൾക്കുന്ന ക്രമക്കേടുകളുടെ പട്ടിക മൂടിവെക്കാനുള്ള നീക്കം കൂടി പുതിയ നിയമനത്തിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
