ETV Bharat / state

'ലൗ ജിഹാദ്' പരാമര്‍ശം ; ജോര്‍ജ് എം തോമസിനെതിരേ പാര്‍ട്ടി നടപടിക്ക് സാധ്യത

author img

By

Published : Apr 19, 2022, 4:55 PM IST

ലൗ ജിഹാദ്' പരാമര്‍ശത്തില്‍ നടപടിക്ക് സാധ്യത  ജോര്‍ജ് എം. തോമസിനെതിരേ പാര്‍ട്ടി നടപടിക്ക് സാധ്യത  സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ബുധനാഴ്ച ചേരും  കോടഞ്ചേരി മിശ്രവിവാഹം  CPM Taken Action Against George M Thomas  CPM District Secretariat Meeting
'ലൗ ജിഹാദ്' പരാമര്‍ശം; കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരേ പാര്‍ട്ടി നടപടിക്ക് സാധ്യത

മുൻ എം.എൽ.എ കൂടിയായ ജോർജ് എം തോമസിന്‍റെ ലൗ ജിഹാദ് പരാമർശം സി.പി.എമ്മിന്‍റെ മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ

കോഴിക്കോട് : കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട പ്രസ്‌താവനയില്‍ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരെ നടപടിക്ക് സാധ്യത. വിഷയം ചർച്ച ചെയ്യാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ബുധനാഴ്ച ചേരും. മുൻ എം.എൽ.എ കൂടിയായ ജോർജ് എം തോമസിന്‍റെ ലൗ ജിഹാദ് പരാമർശം മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

സമുദായ സ്പർധയിലേക്കടക്കം എത്തി വിഷയം വഷളായെന്നുമാണ് പാർട്ടിയുടെ കണ്ടെത്തൽ. ബി.ജെ.പി അടക്കമുള്ള മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് ഈ വിഷയം ആയുധമായെന്നും സി.പി.എം കരുതുന്നു. 'ലൗ ജിഹാദ്' യാഥാർഥ്യമാണെന്നും, വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടി രേഖകളിലുണ്ടെന്നുമായിരുന്നു ജോര്‍ജ് എം തോമസിന്‍റെ പരാമര്‍ശം.

'അങ്ങനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ മിശ്രവിവാഹം കഴിക്കാൻ പാർട്ടിയോട് ആലോചിച്ച്, പാർട്ടി സഖാക്കളുമായി സംസാരിച്ച്, ഉപദേശവും നിർദേശവുമെല്ലാം സ്വീകരിച്ച് വേണമായിരുന്നു ചെയ്യാൻ. പാർട്ടിയിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. ഓടിപ്പോവുക എന്നത് പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നതാണ്. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്നാൽ, നടപടി ആലോചിക്കേണ്ടി വരും' - ജോർജ് എം തോമസ് പറഞ്ഞു.

ഒടുവിൽ സി.പി.എം ജില്ല നേതൃത്വം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ചതിന്‍റെ പേരിൽ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്നും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ, സി.പി.എം നേതൃത്വത്തിലുള്ള പലരും ജോയ്‍സ്നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്തുവന്നു. സംഭവം കൈവിട്ട് പോയതോടെ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിൽ ജോർജ് എം തോമസ് തെറ്റ് ഏറ്റുപറയുകയും ചെയ്‌തു.

More Read: 'കേരളത്തിൽ ലൗ ജിഹാദ് ഇല്ല'; വിഷയം വിശദീകരിച്ചതിൽ പിശക് പറ്റിയെന്ന് ജോർജ് എം തോമസ്

ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്നും അടഞ്ഞ അധ്യായമാണെന്നും ജില്ല സെക്രട്ടറിയും പറഞ്ഞു. എന്നാൽ ഇപ്പോൾ, നാക്ക് പിഴയ്ക്കപ്പുറം പാർട്ടിക്ക് അപചയം സംഭവിക്കുന്ന പ്രസ്‌താവനയാണ് ജോർജ് എം തോമസ് നടത്തിയതെന്ന മറുചിന്തയിലേക്ക് സി.പി.എം എത്തിച്ചേർന്നിരിക്കുന്നത്. ശാസനയോ അതിനപ്പുറത്തേയ്ക്കുള്ള നടപടിയോ, എന്തായിരിക്കും എന്നത് ജില്ല സെക്രട്ടറിയേറ്റ് തീരുമാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.