'മനുഷ്യ ജീവന് ഷവര്‍മയുടെ വില പോലും ഇല്ലാത്ത നാട്, വേണ്ടത് ശക്തമായ നിയമവും ശിക്ഷയും'; അഡ്വ. ശ്രീജിത്ത് കുമാര്‍ പ്രതികരിക്കുന്നു
Published: Feb 1, 2023, 3:25 PM


'മനുഷ്യ ജീവന് ഷവര്‍മയുടെ വില പോലും ഇല്ലാത്ത നാട്, വേണ്ടത് ശക്തമായ നിയമവും ശിക്ഷയും'; അഡ്വ. ശ്രീജിത്ത് കുമാര്‍ പ്രതികരിക്കുന്നു
Published: Feb 1, 2023, 3:25 PM

ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. എന്നാല്‍ ഇതുകൊണ്ട് സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഭക്ഷ്യവിഷ ബാധയ്‌ക്ക് പരിഹാരമാകില്ലെന്നാണ് അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനും ഫിറ്റ്‌നസ് ട്രെയിനറുമായ അഡ്വ. ശ്രീജിത്ത് കുമാര്‍ പറയുന്നത്
കോഴിക്കോട്: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലെയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. 2023 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ പറഞ്ഞെങ്കിലും അതിന് 15 ദിവസം കൂടി നീട്ടി നൽകിയിട്ടുണ്ട്. അപകടകാരികളായ വൈറസുകളും ബാക്‌ടീരിയകളും അടക്കമുള്ള സൂക്ഷ്‌മ ജീവികള്‍ പകർന്നുണ്ടാകുന്ന വിവിധ രോഗ സാധ്യതകളെ ഇല്ലായ്‌മ ചെയ്യാനാണ് ഭക്ഷണ ശാലകളിൽ ജോലിക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്നത് എന്നാണ് സർക്കാർ വാദം.
സ്ഥാപനങ്ങൾക്ക് ‘ഓവറോൾ ഹൈജീന്‍ റേറ്റിങ്ങും’ ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ടെന്നും വകുപ്പ് വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് തീരുമോ മനുഷ്യർ വിശ്വസിച്ച് കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നങ്ങൾ..? നടപ്പിലാക്കേണ്ടത് മറ്റ് പല നടപടികളുമാണെന്നാണ് അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും ഫിറ്റ്നസ് ട്രെയിനറുമായ ശ്രീജിത്ത് കുമാർ അരങ്ങാടത്ത് പറയുന്നത്.
ചെക്ക് പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം വേണം: എന്ത് വിഷവും മാലിന്യവും കേരളത്തിൽ തള്ളാൻ കഴിയുന്നു എന്ന വ്യവസ്ഥക്കാണ് ആദ്യം തടയിടേണ്ടത് എന്നാണ് ശ്രീജിത്ത് മുന്നോട്ട് വയ്‌ക്കുന്ന ആശയം. ചെക്ക് പോസ്റ്റുകൾ വഴി നിരന്തരം കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്‌തുക്കൾ അതിർത്തിയിൽ വച്ച് തന്നെ പരിശോധിക്കപ്പെടണം. ഓരോ വസ്‌തുക്കളിലും അടങ്ങിയിരിക്കുന്ന വിഷാംശത്തെ വേർതിരിച്ച് വളരെ പെട്ടെന്ന് കണ്ടെത്താനുള്ള സംവിധാനങ്ങൾ ലോകത്ത് പലയിടത്തുമുണ്ട്.
അത്യാധുനിക രീതിയിലുള്ള ഇത്തരം ലാബുകൾ ചെക്ക് പോസ്റ്റുകളിൽ സ്ഥാപിക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. വിഷമയമുള്ള ഭക്ഷ്യവസ്‌തുക്കൾ കണ്ടു പിടിച്ച് തിരിച്ചയക്കുകയാണ് വേണ്ടത്. ആദ്യ ഘട്ടത്തിൽ ചില പ്രയാസങ്ങൾ നേരിടുമെങ്കിലും ഈ വിഷക്കടത്തിന് വലിയ മാറ്റം ഉണ്ടാകുമെന്നും യാത്രികൻ കൂടിയായ ശ്രീജിത്ത് പറയുന്നു.
നിയമം നടപ്പിലാക്കണം: മറ്റൊരു വിഷയം ശക്തമായൊരു പൊതുജനാരോഗ്യ നിയമം രാജ്യത്തോ സംസ്ഥാനത്തോ ഇല്ല എന്നതാണ്. ഒരു തവണ ഭക്ഷണം വിഷമാക്കി വിളമ്പിയവർ ശിക്ഷിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല, വീണ്ടും അവർ സജീവമാകുന്നു എന്നത് ചിന്തിക്കാൻ കഴിയാത്ത വിഷയമാണ്. ഒറ്റയടിക്ക് കൊലപ്പെടുത്തുന്നത് മാത്രമാണ് ഇവിടം കുറ്റം. ഭക്ഷണത്തിൽ മായം ചേരുന്നതിലൂടെ മനുഷ്യർ ഇഞ്ചിഞ്ചായി മരണപ്പെടുകയാണ്. അതും ക്രിമിനൽ കുറ്റമാണെന്ന് അഡ്വ. ശ്രീജിത്ത് പറയുന്നു.
ഭക്ഷ്യവിഷബാധ മൂലം ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടായാൽ കുറ്റക്കാർക്ക് ആറ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഭക്ഷ്യവിഷബാധയിൽ മരണം സംഭവിച്ചാൽ ജീവപര്യന്തം വരെ തടവിനൊപ്പം 10 ലക്ഷം രൂപ വരെ പിഴയുമടക്കണം. കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതികൾ വേണമെന്ന നിയമം പോലും ഇവിടെ നടപ്പായിട്ടില്ല.
ഭക്ഷ്യ സുരക്ഷ കേസുകൾ കെട്ടിക്കിടക്കുകയാണ്, ഒത്തുതീർപ്പുകളിലൂടെ നിയമം അട്ടിമറിക്കപ്പെടുമ്പോൾ മനുഷ്യന്‍റെ ജീവന് ഒരു ഷവർമയുടെ വില പോലും ഇല്ലാതാകുകയാണ്. ഗുരുതര ഭക്ഷ്യ വിഷബാധ ഉണ്ടായാൽ കേസ് എടുക്കാൻ പോലും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്‌മ തടസമാകുകയാണ്. തദ്ദേശ ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കാൻ പോലും കഴിയുന്നില്ല.
2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്‌ത 1,500 ഓളം കേസുകളിൽ വിചാരണ പൂർത്തിയാക്കാനോ വിധി പറയാനോ കഴിഞ്ഞിട്ടില്ല. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്‌ടു വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും പുറത്ത് വന്നിട്ടില്ല. ഇതെല്ലാം വൈകിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വേണ്ടത് പരിശോധനയ്‌ക്കുള്ള ലാബുകള്‍: ആന്തരിക അവയവങ്ങൾക്ക് രോഗം ബാധിക്കുന്നത് ഇപ്പോൾ ക്രമാതീതമായി കുതിച്ചുയരുകയാണ്. ഭക്ഷണത്തിലൂടെ ദിനംപ്രതി ശരീരത്തിലേക്ക് എത്തുന്ന വിഷം തന്നെയാണ് ഇതിന്‍റെ പ്രധാന വില്ലൻ. കിഡ്‌നി, കരൾ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലാണ് വൻ വർധനവ് വന്നിരിക്കുന്നത്.
സഹായം അഭ്യർഥിച്ച് പലരും നെട്ടോട്ടമോടുകയാണ്. അതിനനുസരിച്ച് ആശുപത്രികൾ പണിതുയർത്തുകയാണ്. അതിന് പകരം ഇവിടെ ഉയരേണ്ടത് ഭക്ഷ്യപരിശോധനക്കുള്ള ലാബുകളും ശിക്ഷ നടപടികളുമാണ്. ജീവൻ സംരക്ഷിക്കുന്ന കാര്യത്തിലെങ്കിലും രാഷ്‌ട്രീയ പാർട്ടികളും ഭരണകർത്താക്കളും അവരുടെ സങ്കുചിത മനോഭാവം മാറ്റി നിർത്തി ഉണർന്ന് പ്രവർത്തിക്കണമെന്നും അഡ്വ. ശ്രീജിത്ത് അഭിപ്രായപ്പെടുന്നു.
