ETV Bharat / state

കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; ഉത്തരവാദി പിണറായി സര്‍ക്കാരെന്ന് കെ സുരേന്ദ്രന്‍

author img

By ETV Bharat Kerala Team

Published : Dec 10, 2023, 8:31 AM IST

NDA  k surendran  surendran against pinarayi  farmers suicides in kerala  suicide  reasons for suicide  കെ സുരേന്ദ്രന്‍  എന്‍ഡിഎ മുന്നണി  പ്രധാനമന്ത്രി ക്രിസ്‌മസ് സന്ദേശം  ജനുവരി ആവസാനം പദയാത്ര
Nda Meeting At Kottayam K surendran

Nda Meeting At Kottayam: കാര്‍ഷിക മേഖലയ്‌ക്കും കര്‍ഷകര്‍ക്കും വേണ്ടി മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരവാദി പിണറായി സര്‍ക്കാരാണെന്നും ആരോപണം. പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് സന്ദേശം എല്ലാ ക്രൈസ്‌തവ ഭവനങ്ങളിലും എത്തിക്കുമെന്നും കെ സുരേന്ദ്രന്‍.

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദിയെന്ന് എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ. എൻഡിഎ നേതാക്കളോടൊപ്പം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം(Nda Meeting At Kottayam). കർഷകരുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തടരുന്നതിന് കാരണം. നരേന്ദ്രമോദി സർക്കാരിന്‍റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനം അട്ടിമറിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

നെൽ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാഗ്‌ദാനം ചെയ്‌ത തുക നൽകുന്നില്ല. ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തതിനാൽ മോദി സർക്കാരിന്‍റെ കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കുന്നില്ല. നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കുന്നത്.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നാണ് കോൺ​ഗ്രസ് പറയുന്നത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോൾ കോൺ​ഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺ​ഗ്രസ് മാറി നിൽക്കുന്നത് ശരിയല്ലെന്ന് പരിഹാസവും സുരേന്ദ്രന്‍ തൊടുത്ത് വിട്ടു. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺ​ഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങൾ എല്ലാം കേന്ദ്രധനമന്ത്രിയുടെ കൃത്യമായ കണക്കുകൾ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയി. കേരളത്തിന് കൊടുക്കാൻ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും പാർലമെന്‍റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സർക്കാരിൻ്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ വികസിത സങ്കൽപ്പയാത്രയോട് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. കേന്ദ്രസർക്കാരിന്‍റെ വികസന പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിർബന്ധ ബുദ്ധിയാണ് പിണറായി സർക്കാരിനുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് സന്ദേശം എല്ലാ ക്രൈസ്‌തവ ഭവനങ്ങളിലും എത്തിക്കാൻ എൻഡിഎ പ്രവർത്തകർ ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്‍റെ പേരിൽ ഒരു വിഭാ​ഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻഡിഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോകസഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും.

ശിവസേന ഷിൻഡെ വിഭാ​ഗത്തിനെ കേരളത്തിലെ എൻഡിഎയിൽ ഉൾപ്പെടുത്തുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു. എൻഡിഎ വൈസ് ചെയർമാൻമാരായ പികെ കൃഷ്ണദാസ്, എ.പത്മകുമാര്‍, ജെആർപി സംസ്ഥാന അദ്ധ്യക്ഷ സികെ ജാനു, എൻകെസി അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്ജെഡി അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, രമ ജോർജ്, എജി തങ്കപ്പൻ, കെഎ ഉണ്ണികൃഷ്ണൻ, റാഫി മേട്ടുതറ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ജോണി കെ ജോൺ, ബിടി രമ, സന്തോഷ് കാളിയത്ത്, സുധീഷ് നായർ, എഎൻ അനുരാ​ഗ്, പ്രദീപ് കെ കുന്നുകര, എംഎസ് സതീശൻ, പ്രദീപ് ബാബു, രതീഷ്, എംഎൻ ​ഗിരി, ജേക്കബ് പീറ്റർ തുടങ്ങിയ എൻഡിഎ നേതാക്കൾ നേതൃയോ​ഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.