ETV Bharat / state

ബോട്ട്‌ സർവീസ് പ്രതിസന്ധിയിൽ; ജലപാതയിൽ അശാസ്ത്രീയമായി നിർമിച്ച പൊക്കുപാലം നീക്കണമെന്ന് നാട്ടുകാർ

author img

By

Published : May 5, 2023, 2:32 PM IST

kottayam alappuzha boat service  kottayam alappuzha boat service bridge  kottayam alappuzha boat service bridge issue  bridge issue in kottayam boat service  ബോട്ട്‌ സർവീസ് പ്രതിസന്ധിയിൽ  കോട്ടയം കോടിമത ആലപ്പുഴ ജലപാത  കോട്ടയം കോടിമത  കോട്ടയം ആലപ്പുഴ ജലപാത  കോട്ടയം പൊക്കുപാലം  കോടിമത ബോട്ട് സർവീസ്  പാറേച്ചാൽ പൊക്കുപാലം  ചുങ്കത്തിൽ മുപ്പത് പാലം  ചുങ്കത്തിൽ മുപ്പത് ഇരുമ്പ് പാലം
ബോട്ട്‌ സർവീസ്

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചുങ്കത്തിൽ മുപ്പത് പാലം തകരാറിലായതോടെ ബോട്ട് സർവീസ് പ്രതിസന്ധിയിൽ. പാലം ബോട്ട് വരുമ്പോൾ ഉയർത്താൻ കഴിയാത്തതിനാൽ കോടിമതയിൽ നിന്നുള്ള ബോട്ട് സർവീസ് നിർത്തിവച്ചു.

നാട്ടുകാരുടെ പ്രതികരണം

കോട്ടയം : കോട്ടയം കോടിമത - ആലപ്പുഴ ജലപാതയിലെ അശാസ്ത്രീയമായി നിർമിച്ച പൊക്കുപാലം നീക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. ജലപാതയിലെ പാറേച്ചാലിലാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചുങ്കത്തിൽ മുപ്പത് പാലം സ്ഥിതി ചെയ്യുന്നത്. പാലം തകരാറിലായതിനാൽ കോട്ടയത്ത് നിന്ന് ആലപ്പുഴയ്‌ക്കുള്ള ജലഗതാഗത വകുപ്പിന്‍റെ സർവീസ് ബോട്ടുകൾ കോടിമത ജെട്ടിയിലേക്ക് എത്തുന്നില്ല.

അതിനാൽ, കോടിമതയിൽ നിന്നുള്ള ബോട്ട് സർവീസ് നിർത്തിവച്ചു. ഇപ്പോൾ, കാഞ്ഞിരത്ത് നിന്നുമാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. കോട്ടയം ആലപ്പുഴ ജലപാതയിൽ അഞ്ചോളം പൊക്കുപാലങ്ങളാണ് ഉള്ളത്. ഇതിൽ ചുങ്കത്തിൽ മുപ്പത് ഇരുമ്പുപാലം വൈദ്യുതി ഉപയോഗിച്ച് ബോട്ട് വരുമ്പോൾ ഉയർത്തുന്ന വിധത്തിലുള്ള പാലമാണ്. എന്നാൽ, 2013 ൽ സ്ഥാപിച്ച പാലം അടിക്കടി തകരാറിലാകുന്നതുകൊണ്ട് ബോട്ട് സർവീസ് തടസപ്പെടുന്നു.

വൈദ്യതി ഇല്ലാതെ വരുമ്പോൾ പാലം ഉയർത്താൻ കഴിയില്ല. കറണ്ട് വരുന്നത് വരെ ബോട്ട് നിർത്തിയിടേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇരുമ്പ് ഗർഡറുകൾ കൊണ്ട് നിർമിച്ച ഭാരമേറിയ പാലം ആളുകൾക്ക് വലിച്ചുയർത്താൻ പറ്റില്ല. പാലം കേടാകുന്നത് മൂലം ബോട്ടുകൾക്ക് തോട്ടിലൂടെ സഞ്ചരിക്കാനാവില്ല. നിലവിൽ പാലം കേടായതുകൊണ്ടു തോട്ടിലെ പോള ശല്യം മൂലവും ബോട്ടിന് കോടിമതയിലെ ജലഗതാഗത വകുപ്പിന്‍റെ ജെട്ടിയിലേക്ക് എത്താൻ കഴിയുന്നില്ല.

നിലച്ചത് അഞ്ച് സർവീസുകൾ : പോള മാറ്റിയാലും പാലം തകരാറിലായത് കൊണ്ട് അടുത്ത കാലത്തൊന്നും ബോട്ട് സർവീസ് പുനരാരംഭിക്കാൻ കഴിയില്ല. ചുങ്കത്ത് മുപ്പതിലെ അശാസ്ത്രീയമായ പൊക്കുപാലം പൊളിച്ച് നീക്കി ആളുകൾക്ക് ഉയർത്താനാകുന്ന പാലം നിർമിച്ചാൽ ബോട്ട് സർവീസിന് തടസം നേരിടില്ല. കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കുള്ള അഞ്ച് സർവീസാണ് ഇപ്പോൾ പാലം തകരാറിലതുകൊണ്ട് നിലച്ചത്. മാത്രമല്ല, പാലം കേടായത് ടൂറിസത്തെയും ബാധിച്ചു. അവധിക്കാലത്ത് കായൽ ഭംഗി ആസ്വദിക്കാനെത്തിയിരുന്ന വിനോദ സഞ്ചാരികളും വരാതെയായി. ഇതോടെ വലിയ വരുമാന നഷ്‌ടമാണ് സർക്കാരിന് ഉണ്ടായിരിക്കുന്നത്.

പാലം നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ : നെൽ കർഷകർക്കും പ്രദേശവാസികൾക്കും പാലം ദുരിതമാണ് നൽകി കൊണ്ടിരിക്കുന്നത്. 2019 പ്രളയകാലത്ത് രക്ഷപ്രവർത്തനത്തിനും പാലം തടസമായി. നഗരസഭയാണ് പാലത്തിന്‍റെ പ്രവർത്തന ചുമതല ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും അറ്റകുറ്റപ്പണികൾ സമയത്ത് നടത്താൻ നഗരസഭയ്ക്ക് കഴിയാതെ വരുന്നുണ്ട്. കാലങ്ങളായി ഈ പ്രശ്‌നം ഉണ്ടാകുന്നത് മൂലം പൊക്കുപാലം ഒരു തലവേദനയായി മാറിയിരിക്കുകയാണ്. പാലം നിർമാണം അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ജലപാതയിലെ മറ്റു പൊക്കുപാലങ്ങൾ ആളുകൾക്ക് വലിച്ച് ഉയർത്താൻ കഴിയുന്ന വിധം ഉള്ളതാണ്. തെങ്ങിൻ കുറ്റികളിൽ ഉറപ്പിച്ച പാലം കപ്പിയും കയറിലുമാണ് പ്രവർത്തിക്കുന്നത്. അതിനാൽ, ബോട്ട് വരുമ്പോൾ ആളുകൾക്ക് കയർ വലിച്ച് പാലം ഉയർത്താനാകും. അതുകൊണ്ട് തന്നെ ബോട്ട് സർവീസിന് തടസമുണ്ടാകുന്നില്ല. എന്നാൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചുങ്കത്തിൽ മുപ്പത് പാലം തകരാറിലാകുന്നത് ബോട്ട് സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു.

ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച പാലം നിർമാണത്തിലെ അപാകത മൂലം നിരവധി തവണയാണ് തകരാറിലായത്. പാടശേഖരങ്ങളിൽ നിന്ന് കർഷകർക്ക് നെല്ല് വള്ളത്തിൽ കരയ്‌ക്കെത്തിക്കുന്നതിനും പാലം കേടായതിനാൽ സാധിക്കുന്നില്ല. ബോട്ട് സർവീസ് ഇല്ലാത്തത് വിദ്യാർഥികൾക്കും യാത്രാ ക്ലേശം സൃഷ്‌ടിച്ചിരിക്കുകയാണ്. അതിനാൽ, അശാസ്ത്രീയമായി നിർമിച്ച പാലം പൊളിച്ച് ആളുകൾക്ക് ഉയർത്താനാകുന്ന പാലം നിർമിക്കാൻ അധികൃതർ തയാറകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.