ETV Bharat / state

'കാസർകോടേക്കാണോ വരുന്നില്ലെന്ന് ഡോക്‌ടർമാർ': ആരോഗ്യ മേഖല പ്രതിസന്ധിയിൽ, വിഷയം ശ്രദ്ധയിലെന്ന് മുഖ്യമന്ത്രി

author img

By

Published : Aug 11, 2023, 2:32 PM IST

health staff issue  Lack of health staff in Kasaragod medical sector  health staff  medical staff kasaragod issue  കാസർകോട് ഡോക്‌ടർമാർ ഇല്ല  ആരോഗ്യ മേഖല പ്രതിസന്ധിയിൽ  കാസർകോട് ആരോഗ്യമേഖല  ഡോക്‌ടർമാരില്ല
Lack of health staff

കാസർകോട്ടെ ആരോഗ്യ മേഖലയിൽ ഡോക്‌ടർമാരില്ലെന്ന പ്രശ്‌നം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജില്ല കലക്‌ടർ മാധ്യമങ്ങളോട്

കാസർകോട് : കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധിയാകുന്നു. വിവിധ സർക്കാർ ആശുപത്രികളിലേക്ക്‌ ഡോക്‌ടർമാരെയും മറ്റു മെഡിക്കൽ ജീവനക്കാരെയും ആവശ്യമുണ്ടെങ്കിലും ജില്ലയിലേയ്‌ക്ക് വരാൻ ആരും തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. അതേസമയം, ആരോഗ്യ മേഖലയെ വലച്ച് ഡോക്‌ടേഴ്‌സിന്‍റെ ക്ഷാമം ദിനം പ്രതി രൂക്ഷമാവുകയാണ്.

ജില്ലയിലെ ആരോഗ്യ വകുപ്പിൽ 300 ഓളം ഒഴിവുകളിൽ നിയമനമില്ലാതെ കിടക്കുകയാണ്. സർക്കാർ ആശുപത്രികളിൽ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്നവർക്ക് അനുസരിച്ച് പകരക്കാർ എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിൽ 52 ഡോക്‌ടേഴ്‌സിന്‍റെയും 40 അസിസ്റ്റന്‍റ് സർജൻമാരുടേതും ഒഴിവുകളാണ് പ്രധാനപ്പെട്ടത്.

ഇതിന് പുറമെ വിവിധയിടങ്ങളിൽ മറ്റ് തസ്‌തികകളിലും കസേരകൾ ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരുടെ 92 ഒഴിവുകൾ നിലവിലുണ്ട്. 40 ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബാക്കിയുള്ളത് സ്ഥാനക്കയറ്റം ലഭിക്കുന്നവർക്ക് നൽകാൻ മാറ്റിവച്ചിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ മുപ്പതോളം നഴ്‌സുമാർക്ക് സ്ഥലംമാറ്റ ഉത്തരവ് കിട്ടി. എന്നാൽ അതിനനുസരിച്ച് പകരം നിയമനമില്ല.

നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവർത്തനം തുടങ്ങിയ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ ആകെ നിയമിച്ചത് 12 ജീവനക്കാരെ മാത്രമാണ്. 100 ഓളം ജീവനക്കാർ ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമാണ്. അതിനിടെ ആരോഗ്യ വകുപ്പിലെ ഒഴിവുകളുടെ കണക്ക് ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ജില്ല കലക്‌ടർ കെ.ഇമ്പശേഖർ പറഞ്ഞു. ജില്ലയിൽ ജോലി ചെയ്യുന്നതിനായി എത്താൻ ഉദ്യോഗസ്ഥർ മടികാണിക്കുന്നുവെന്നും കലക്‌ടർ തന്നെ വ്യക്തമാക്കിയിരുന്നു.

സെക്രട്ടറിമാരും ഇല്ല : പുതിയ നിയമന ഉത്തരവ് ഇറങ്ങിയിട്ടും കാസർകോട്ടെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ സെക്രട്ടറിമാരില്ല. വിരമിക്കൽ ഒഴിവ്, വിരമിക്കലിനു മുന്നോടിയായുള്ള അവധി ഒഴിവ് തുടങ്ങിയവ നികത്തുന്നതിന് നിലവിലുള്ള ജീവനക്കാർക്ക് പ്രമോഷൻ നൽകിയതുൾപ്പെടെയുള്ള നിയമന പട്ടികയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്. ജില്ലയിൽ 12 പഞ്ചായത്തുകളിൽ സെക്രട്ടറിമാരുടെ നിയമന പട്ടികയാണ് ഇറങ്ങിയത്.

മീഞ്ചെ, ദേലംപാടി, പിലിക്കോട്, കള്ളാർ, എൻമകജെ, മൊഗ്രാൽപുത്തൂർ, മംഗൽപാടി, വോർക്കാടി, പനത്തടി, ചെറുവത്തൂർ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിൽ കോടോം–ബേളൂർ, കുമ്പള, മധൂർ, പൈവളിഗെ, പുല്ലൂർ–പെരിയ, ബളാൽ പഞ്ചായത്തുകളിലും കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിലും സെക്രട്ടറിമാരുടെ ഒഴിവുകൾ തുടരുകയാണ്. വിഷയം ചർച്ച ചെയ്യാൻ ആഗസ്‌റ്റ് അഞ്ചിന് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നു.

വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി : അതേസമയം, കാസർകോട് സർക്കാർ ഓഫിസുകളിൽ നിയമിക്കുന്ന ജീവനക്കാർ സ്ഥലം മാറിയും ഡപ്യൂട്ടേഷനിലുമായി ഇതര ജില്ലകളിലേക്ക് പോകുന്നതും അവധിയെടുക്കുന്നതും സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സബ്‌മിഷന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്‍റെ പശ്ചാത്തലത്തിൽ എൻജിനീയർ, ഡോക്‌ടർ, പാരാ മെഡിക്കൽ സ്റ്റാഫ്, വെൽഫെയർ വർക്കർമാർ തുടങ്ങി വിവിധ തസ്‌തികകൾ ജില്ലയിൽ ഒ​ഴി​ഞ്ഞു കിടക്കുന്ന വിഷയം ചീഫ് സെക്രട്ടറി തലത്തിൽ സർവീസ് സംഘടനകളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

സർവീസ് കാലാവധി കർശനമാക്കും : കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലെ ഒഴിവുകൾ നികത്തുന്നതിനു നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ അഭാവം വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കാസർകോട് ഉൾപ്പെടെയുള്ള മൂന്ന് ജില്ലകളിൽ നിയമനം ലഭിക്കുന്നവർ നിശ്ചിത കാലയളവിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ 2022 മാർച്ച് 14ന് എല്ലാ വകുപ്പ് മേധാവികൾക്കും കർശന നിർദേശം നൽകിയിരുന്നതായി മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

ഓരോ പദ്ധതിയുടെയും ആവശ്യകതയെ അടിസ്ഥാനമാക്കി കാലാവധി നിർണയിച്ച് പ്രസ്‌തുത കാലാവധി വരെ ഉദ്യോഗസ്ഥർ ജില്ലയിൽ ജോലിയിൽ തുടരണമെന്ന നിയമന ഉത്തരവ് പുറപ്പെടുവിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇക്കാര്യം സംബന്ധിച്ച വിവരം ലഭ്യമാക്കാൻ കലക്‌ടർമാരോടും വകുപ്പ് മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.