ETV Bharat / state

വന്ധ്യംകരണ പദ്ധതി പാളി ; കണ്ണൂരിൽ അനിയന്ത്രിതമായി വർധിച്ച് തെരുവ് നായകൾ, എത്തുംപിടിയുമില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ

author img

By

Published : Jun 13, 2023, 7:19 PM IST

തെരുവ് നായ ശല്യം  തെരുവ് നായ  വന്ധ്യംകരണ പദ്ധതി  കണ്ണൂരിൽ തെരുവ് നായ  കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ  Kannur Corporation Mayor T O Mohanan  T O Mohanan  ടി ഒ മോഹനൻ  stray dogs increase in Kannur  stray dogs in Kannur  stray dogs uncontrollably increased in Kannur  stray dogs issues increased in Kannur
കണ്ണൂരിൽ തെരുവ് നായകൾ വർധിക്കുന്നു

കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ 11776 പേരാണ് നായയുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചത്. ഈ വർഷം ഇതുവരെ 6081 പേർ നായ്‌ക്കളുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്.

കണ്ണൂരിൽ തെരുവ്‌ നായകൾ വർധിക്കുന്നു

കണ്ണൂർ : തെരുവ് നായകളുടെ അക്രമത്തിൽ ഒരു കുട്ടിയുടെ ജീവൻ നഷ്‌ടമായെങ്കിലും വിഷയത്തിൽ നിയമ സംവിധാനങ്ങളും ഭരണകൂടവും കാര്യക്ഷമമല്ല എന്ന് പറയാതെ പറഞ്ഞ് കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ. ഓരോ വിഷയം വരുമ്പോഴും ഉറക്കം എഴുന്നേറ്റ് കുറച്ചുദിവസങ്ങളിൽ അതിൽ സജീവമാകുന്നു എന്നതല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല എന്നതാണ് വസ്‌തുതയെന്നും മുഴുപ്പിലങ്ങാട് സംഭവം ഇനിയും ആവർത്തിക്കപ്പെടില്ലെന്ന് പറയാൻ കഴിയില്ലെന്നും മേയർ വ്യക്‌തമാക്കി.

സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ തെരുവ് നായ ശല്യത്തിന് ഫലപ്രദമായ നിയമ നിർമാണം നടത്തുന്നില്ല. കഴിഞ്ഞ തവണ സുപ്രീം കോടതിയിൽ സർക്കാർ കക്ഷി ചേരുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിൽ കോർപറേഷനും ജില്ല ഭരണകൂടത്തിനും പരിമിതികള്‍ ഉണ്ട്.

പദ്ധതി പൂർണ വിജയം ആയിരുന്നില്ലെന്നും പാപ്പിനിശ്ശേരിയിലെയും തലശ്ശേരിയിലെയും കേന്ദ്രങ്ങൾ പൂട്ടേണ്ടി വന്നുവെന്നും മേയർ വ്യക്തമാക്കി. വന്ധ്യംകരണം നടത്തിയാലും അക്രമ സ്വഭാവം ഉള്ള നായകൾക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കണ്ണൂർ ജില്ലയിൽ നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.

കടിയേൽക്കുന്നത് പതിനായിരത്തോളം പേർക്ക് : 2020ല്‍ 3951 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചത്. 2021 ആകുമ്പോഴേക്കും ഇത് 7927 ആയി. കഴിഞ്ഞ വർഷം 11776 പേരാണ് സർക്കാർ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചത്. ഈ വർഷം ഇതുവരെ 6081 പേര്‍ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടി.

മാലിന്യ നിക്ഷേപം പ്രധാന വില്ലൻ : ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടി കൂട്ടിയാൽ ഈ കണക്ക് വീണ്ടും ഉയരും. തെരുവ് നായ്ക്കൾ ക്രമാതീതമായി വർധിക്കുന്നതിന് പ്രധാന കാരണമായി വരുന്നത് അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങളാണ്.

സംസ്‌കരണ കേന്ദ്രങ്ങൾ ഉണ്ടാകുമ്പോൾ പോലും ഇത്തരം മാലിന്യങ്ങൾ ആളൊഴിഞ്ഞ പറമ്പിൽ നിക്ഷേപിക്കുന്നത് കണ്ണൂരിലെ സ്ഥിരം കാഴ്‌ചയാണ്. ഈ മാലിന്യങ്ങൾക്ക് ചുറ്റും തമ്പടിച്ചാണ് തെരുവുനായ്ക്കൾ അവരുടെ താവളങ്ങൾ തീർക്കുന്നത്. ഇത്തരത്തിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ കോർപറേഷൻ മേയർ പറഞ്ഞു.

പക്ഷേ ചെറുകിട സ്ഥാപനങ്ങൾ ഇതൊന്നും കൂട്ടാക്കാറില്ല. കോഴി മാലിന്യങ്ങൾ പൂർണമായും സംസ്‌കരിക്കേണ്ട നടപടികൾ ചെയ്‌തിട്ടുണ്ട്. ഇത്തരം മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്ന കേന്ദ്രത്തിൽ എത്തിക്കുന്നവർക്ക് മാത്രമേ നിലവിൽ ലൈസൻസ് കൊടുക്കാറുള്ളൂ എന്നും മേയർ വ്യക്‌തമാക്കി.

മട്ടന്നൂരിലാണ് ജില്ലയിലെ പ്രധാന സംസ്‌കരണ കേന്ദ്രം പ്രവർത്തിക്കുന്നത്. കോഴിമാലിന്യ സംസ്‌കരണം നടക്കുമ്പോഴും അറവുമാടുകളുടെ മാലിന്യം തള്ളാനുള്ള സംസ്‌കരണ പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. ചില ജനകീയ പ്രതിഷേധം കൊണ്ടാണ് അത് പൂർത്തിയാക്കാൻ പറ്റാത്തത്. അറവ് ശാല ഉടമകൾ നാടിന്‍റെ കൂടി ഭാവിയെ മുന്നിൽ കണ്ട് പദ്ധതികളോട് ചേർന്ന് നിൽക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.

നായ കടിച്ചാൽ മരുന്നില്ല :പേവിഷബാധയ്‌ക്കെതിരെയുള്ള ഐഡിആർവി വാക്‌സിനൊപ്പം എടുക്കുന്ന ആന്‍റിറാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ ആന്‍റിബോഡി മരുന്നിന് നിലവിൽ കണ്ണൂർ ജില്ലയിൽ ക്ഷാമം നേരിടുന്നുണ്ട്. കണ്ണൂർ ജില്ല ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ആന്‍റിറാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ ആന്‍റി ബോഡി നൽകുന്നത്.

ഇതിൽ കണ്ണൂർ ജില്ല ആശുപത്രിയിലെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെയും സ്റ്റോക്ക് തീർന്നു. അടുത്ത ദിവസങ്ങളിൽ മരുന്ന് എത്തും എന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും കൃത്യമായ തീയതി അധികൃതർ പറഞ്ഞിട്ടില്ല. എത്തുന്ന മരുന്നാകട്ടെ ദിവസങ്ങൾക്കുള്ളിൽ തീരുന്ന അവസ്ഥയാണ് ഇപ്പോൾ.

ചികിത്സയ്ക്ക്‌ എത്തിയവരിൽ ഭൂരിഭാഗം പേരും പുറത്തെ ഫാർമസികളിൽ നിന്ന് വലിയ തുക നൽകി മരുന്ന് വാങ്ങുകയാണ്. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് നിലവിൽ മരുന്ന് സ്റ്റോക്ക് ഉള്ളത്. അതും വളരെ കുറച്ച് ദിവസത്തേക്കുള്ളതേ ഉള്ളൂ. അത് തീരുന്നതിന് മുൻപ് പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ ജില്ലയിൽ മരുന്ന് ഒരു ഇടത്തും ലഭിക്കാതെയാകും.

നിലവിൽ ഐഡിആർവിയും ആശുപത്രി ഫണ്ടിൽ നിന്ന് വാങ്ങിയാണ് വിതരണം ചെയ്യുന്നത്. കാരുണ്യ ഫാർമസികളില്‍ മരുന്ന് ലഭ്യമാണെങ്കിലും ചികിത്സയ്ക്ക് എത്തുന്നവർ പണം മുടക്കിയേ തീരൂ. വാക്‌സിൻ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് മാത്രം സൗജന്യമായി നൽകിയാൽ മതിയെന്ന നിർദ്ദേശം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

അത് നടപ്പാക്കിയാൽ എപിഎൽ വിഭാഗത്തിൽപ്പെടുന്നവർ ചികിത്സ ചെലവിനൊപ്പം മരുന്നും പണവും കണ്ടെത്തേണ്ടതായി വരും. തെരുവ് നായയുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് വാക്‌സിന്‍റെ കൂടുതൽ സ്റ്റോക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ജില്ല ആരോഗ്യ വകുപ്പ് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.