ETV Bharat / state

തലശ്ശേരിക്കാരുടെ സ്‌പെഷൽ കോഴിക്കാലും കിഴങ്ങ് പൊരിയും; സീക്രട്ട് ചോദിക്കല്ലേയെന്ന് ഷിജിൻ ഹോട്ടൽ

author img

By ETV Bharat Kerala Team

Published : Dec 31, 2023, 4:04 PM IST

Updated : Dec 31, 2023, 7:38 PM IST

kappa fry  കോഴിക്കാൽ  തലശ്ശേരി സ്‌പെഷൽ  tea time snack Kozhikkal
Thalassery special Kozhikkal

Thalassery special Kozhikkal : ഭക്ഷണ പ്രേമികളുടെ ഇഷ്‌ട കേന്ദ്രമായി മാറുകയാണ് തലശ്ശേരിയിലെ ഷിജിൻ ഹോട്ടൽ. കോഴിക്കാലും കിഴങ്ങ് പൊരിയും കപ്പയും മാത്രമല്ല വേറെയുമുണ്ട് സ്‌പെഷലുകൾ!

ഇത് തലശ്ശേരിക്കാരുടെ വെജിറ്റേറിയൻ 'കോഴിക്കാൽ'

കണ്ണൂര്‍ : കോഴിക്കാല്‍ കടലമാവിലോ റവയിലോ മുക്കി പൊരിച്ചാല്‍ എങ്ങിനെയുണ്ടാകും? ഈ പേരും അതിന്‍റെ രൂപവും ആദ്യം കാണുന്നവരും കേള്‍ക്കുന്നവരും ശരിക്കും ഞെട്ടും. സാക്ഷാല്‍ കോഴിയുടെ കാല്‍ മുറിച്ച് ചേര്‍ത്ത് വെച്ച് മുക്കിപ്പൊരിച്ച പോലൊരു വിഭവം. എന്നാല്‍ ഇത് തനി വെജിറ്റേറിയനാണ്. മരച്ചീനി അഥവാ കപ്പ ഉപയോഗിച്ചാണ് കോഴിക്കാൽ എന്ന ഈ നാലുമണി പലഹാരം തയ്യാറാക്കുന്നത് (Thalassery special tea time snack Kozhikkal/ kappa fry).

മുക്കിപൊരിക്കാനുള്ള മാവിലാണ് ഇതിന്‍റെ രുചിയുടെ രഹസ്യം. ഒരിടത്ത് കിട്ടുന്ന രുചിയില്‍ നിന്നും വ്യത്യസ്‌തമായിരിക്കും മറ്റൊരിടത്തേത്. തലശ്ശേരിയാണ് കോഴിക്കാല്‍ പൊരിച്ചതിന്‍റെ ജന്മദേശം.

എന്നാല്‍ തലശ്ശേരിക്കടുത്ത ചിറക്കുനിയില്‍ പഴയ പത്മ ടാക്കീസ് ക്യാന്‍റീനാണ് ഇന്ന് കോഴിക്കാലിന്‍റെ പ്രശസ്‌തിയില്‍ നിലകൊള്ളുന്നത്. മുക്കിപൊരിക്കുന്ന മാവിലും അതിന്‍റെ ചേരുവകളിലും ഡയറ്റ് റോഡിലെ ഷിജിന്‍ ഹോട്ടല്‍ വേറിട്ട് നില്‍ക്കുന്നു. കപ്പ അരിയുന്നതിന്‍റെ ശൈലിയിലാണ് കോഴിക്കാലിന്‍റെ സൗന്ദര്യം മുഴുവനും.

കോലുപോലെ നീളത്തില്‍ അരിഞ്ഞെടുക്കാന്‍ ചില്ലറ കൈവഴക്കമൊന്നും പോരാ.
അഞ്ച് പതിറ്റാണ്ട് മുമ്പ് സി പി ഗോവിന്ദന്‍ ടാക്കീസ് ക്യാന്‍റീന്‍ നടത്താന്‍ തുടങ്ങിയതു മുതല്‍ ഇവിടെ കപ്പ വിഭവങ്ങള്‍ ഉണ്ടായിരുന്നു. ഗോവിന്ദന്‍റെ മരണശേഷം പിന്‍മുറക്കാര്‍ കൂട്ടായാണ് ഷിജിന്‍ ഹോട്ടല്‍ എന്ന് പേരിട്ട ഈ സ്ഥാപനം നടത്തുന്നത്.

കോഴിക്കാല്‍ കടിച്ചു തിന്നുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെ. എന്നാല്‍ അൽപം ബലമുള്ള പല്ലുകള്‍ തന്നെ വേണം എന്ന് മാത്രം. രുചിയുടെ മറ്റൊരു മായാലോകത്തേക്ക് ഈ പലഹാരം നമ്മെ എത്തിക്കുന്നു. എന്നാല്‍ എളുപ്പത്തില്‍ കഴിക്കാന്‍ കോഴിക്കാലിന്‍റെ സഹോദരസ്ഥാനത്ത് നില്‍ക്കുന്ന മറ്റൊരു പലഹാരം കൂടിയുണ്ട്. കപ്പ പൊരിച്ചതാണത്.

ഏതാണ്ട് അഞ്ച് ഇഞ്ച് നീളവും മൂന്ന് ഇഞ്ച് വീതിയുമുള്ള ഈ പലഹാരത്തിനും ഇതേ ചേരുവയാണ്. സ്ലീം മൊബൈല്‍ ഫോണിന്‍റെ കനത്തില്‍ മുറിച്ചെടുത്ത് എണ്ണയില്‍ പൊരിച്ചാണ് ഇത് ഉണ്ടാക്കുന്നത്. കിഴങ്ങ് പൊരി ആകര്‍ഷകമാവുന്നത് അതിന്‍റെ നീളവും വീതിയും തമ്മിലുള്ള സമാനതകളാണ്. എളുപ്പം കഴിക്കാന്‍ സാധിക്കുന്നതിനാല്‍ പ്രായമായവര്‍ക്ക് ഇതിനോടാണ് പഥ്യം.

മുക്കി പൊരിക്കുന്ന മാവിലും അതിന്‍റെ ചേരുവകളിലുമെല്ലാം ഷിജിന്‍ ഹോട്ടലിന് സ്വന്തം രീതികളുണ്ട്. ഉച്ചതിരിഞ്ഞ് കപ്പ മുറിച്ച് മസാല കൂട്ടി രണ്ട് മണിക്കൂറോളം വെക്കും. പച്ചമുളകും മുളകുപൊടിയോ കുരുമുളക് പൊടിയോ ചേര്‍ത്ത മാവ് തയ്യാറാക്കിയ ശേഷമാണ് മാസല പിരക്കല്‍.

വൈകീട്ട് നാല് മണികഴിഞ്ഞാല്‍ പൊരിച്ചെടുക്കലാണ്. സണ്‍ഫ്‌ളവര്‍ ഓയിലിലോ പാമോയിലിലോ ആണ് പൊരിക്കുക. എന്നാല്‍ ഈ മസാലയുടെ കൂട്ട് എന്താണെന്ന് ചോദിച്ചാല്‍ നടത്തിപ്പുകാര്‍ ആര്‍ക്കും മറുപടിയില്ല. എല്ലാം തങ്ങളുടെ സീക്രട്ടാണെന്ന് മാത്രം പറയും.

ഹോട്ടലിന് പുറത്താണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഇവിടെ പൂര്‍ണമായും സ്‌ത്രീ സംവരണമാണ്. ഹോട്ടല്‍ ഉടമകളുടെ ഭാര്യമാരാണ് അടുക്കള നിയന്ത്രിക്കുന്നത്. തലശ്ശേരിയിലെ ഭൂരിഭാഗം ചെറുകിട ഹോട്ടലുകളിലും കോഴിക്കാലും കപ്പ പൊരിച്ചതും കിട്ടുമെങ്കിലും ഷിജിന്‍ ഹോട്ടലില്‍ വൈകീട്ട് അഞ്ച് മണിയോടെ ആവശ്യക്കാരുടെ തിരക്കാണ്.

പരമാവധി ഒന്നേകാല്‍ മണിക്കൂറാണ് കോഴിക്കാലും കപ്പ പൊരിച്ചതും ലഭിക്കുക. ഈ സമയം കഴിഞ്ഞാല്‍ നിരാശരായി മടങ്ങേണ്ടി വരും. തലശ്ശേരിയുടെ പാരമ്പര്യ രുചി ഉയര്‍ത്തി പിടിക്കാന്‍ ഗോവിന്ദന്‍റെ മക്കളായ മോഹനന്‍ , മനോഹരന്‍, രവീന്ദ്രന്‍ എന്നിവരും പേരമക്കളായ അഖിലേഷ്, അനിലേഷ്, ഷിജിന്‍ എന്നിവരും രംഗത്തുണ്ട്. ഈ പലഹാരങ്ങള്‍ മാത്രമല്ല നാടന്‍ ഉച്ചയൂണും മീന്‍ , ചിക്കന്‍, ബീഫ് തുടങ്ങിയ കറികളും പുട്ടും പൊറോട്ടയും തുടങ്ങി മറ്റ് വിഭവങ്ങളും തനത് രുചിയില്‍ ഇവിടെ ലഭിക്കും.

Last Updated :Dec 31, 2023, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.