ETV Bharat / state

Kannur University PG Syllabus In WhatsApp Group 'പിജി സിലബസ് അനൗദ്യോഗികമായി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍'; സര്‍വകലാശാലക്കെതിരെ കെപിസിടിഎ

author img

By ETV Bharat Kerala Team

Published : Aug 22, 2023, 3:56 PM IST

കെപിസിടിഎ  Kannur University PG Syllabus Issue  PG Syllabus circulating in whatsapp group  Syllabus circulating in whatsapp group  Kannur University PG Syllabus circulating whatsapp
Kannur University PG Syllabus Issue

Kannur University PG Syllabus In WhatsAapp Group ഔദ്യോഗിക വെബ്സൈറ്റിൽ പിജി സിലബസ് പ്രസിദ്ധീകരിക്കാതെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത് സര്‍വകലാശാലയുടെ നിരുത്തരവാദപരമായ സമീപനമെന്നും കെപിസിടിഎ

കെപിസിടിഎ ഭാരവാഹി സംസാരിക്കുന്നു

കണ്ണൂർ: കണ്ണൂർ സർവകലാശാല പിജി സിലബസ് (Kannur university PG syllabus) അനൗദ്യോഗികമായി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുവെന്ന പരാതിയുമായി കെപിസിടിഎ (Kerala Private College Teachers Association). പഠന ബോർഡുകൾ ഇല്ലാത്തതിനാൽ നിയമപരമല്ലാത്ത അഡ്‌ഹോക്ക് കമ്മിറ്റികളിലൂടെ കെടുകാര്യസ്ഥത ഉണ്ടായി. കണ്ണൂര്‍ സര്‍വകലാശാല വെബ്സൈറ്റിൽ (Kannur university official website) സിലബസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കെപിസിടിഎ കണ്ണൂർ മേഖല പ്രസിഡന്‍റ് ഡോ. ഷിനോ പി ജോസ് ആരോപിച്ചു.

സർവകലാശാലയുടെ സീൽ, ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പ് എന്നിവ ഇല്ലാതെ വെബ്സൈറ്റിൽ വരുന്നതിന് മുന്‍പ് പിജി സിലബസ് വാട്‌സ്‌ആപ്പ് (PG Syllabus In WhatsApp Group) ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുവെന്നാണ് കെപിസിടിഎ ഉയര്‍ത്തുന്ന പരാതി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സർവകലാശാലയുടെ കെടുകാര്യസ്ഥതയുടെ അവസാന ഉദാഹരണമാണെന്നും ഡോ. ഷിനോ പി ജോസ് കുറ്റപ്പെടുത്തി. പഠന ബോർഡുകൾ ഇല്ലാതെയും, വേണ്ടത്ര പഠനം നടത്താതെയുമാണ് നിയമപരമല്ലാത്തെന്ന് തോന്നിപ്പിക്കുന്ന സിലബസ്, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നത്. അധ്യാപകരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രധാനമായും പ്രചരിപ്പിക്കുന്നതെന്നും കെപിസിടിഎ ഭാരവാഹി ആരോപിക്കുന്നു.

'സർവകലാശാലയുടേത് നിരുത്തരവാദപരമായ സമീപനം': പ്രസ്‌തുത സിലബസ് ഉപയോഗിച്ച് അധ്യാപകർ ക്ലാസ് എടുക്കാനും ആഹ്വാനമുണ്ട്. കണ്ണൂർ സർവകലാശാല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക കർത്തവ്യം നിർവഹിക്കുന്നുവെന്നത് സർവകലാശാലയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ എടുത്ത് കാണിക്കുന്നതായും ഇവർ ആരോപിക്കുന്നു. തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സർവകലാശാലയുടേത്. അനൗദ്യോഗിക സിലബസ് ഇങ്ങനെ പ്രചരിപ്പിച്ച് സർവകലാശാല ക്ലാസുകൾ ആരംഭിക്കുന്നത് ചട്ടവിരുദ്ധമാണ്. വൈസ് ചാൻസലർ പഠനാന്തരീക്ഷത്തിന്‍റെ നിലവാരം തകർന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അപ്‌ലോഡ് ചെയ്‌ത് ക്ലാസ് എടുക്കുവാൻ ആഹ്വാനം ചെയ്‌തവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അക്കാദമിക സമൂഹത്തെ വൈസ് ചാൻസലറും മനസാക്ഷി സൂക്ഷിപ്പുകാരും വെല്ലുവിളിക്കുന്നതും അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്നും മേഖല ഭാരവാഹികൾ ആവശ്യപ്പെട്ടു. പിജി ക്ലാസുകൾ തുടങ്ങി നാളിതുവരെ ഔദ്യോഗികമായി സിലബസ് രൂപീകരിക്കാത്ത സർവകലാശാലയുടെ അനാസ്ഥ അക്കാദമിക സമൂഹത്തിന് അപമാനകരമാണ് എന്ന വിലയിരുത്തലിലാണ് ഇവർ.

സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാതെ, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ക്ലാസുകൾ നടത്തിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലറുടെ നടപടി അത്യന്തം നിന്ദ്യവും അപമാനകരവുമാണ്. അധ്യാപകരോടും വിദ്യാർഥികളോടുമുള്ള വെല്ലുവിളിയായി ഇതിനെ കാണുന്നു. വൈസ് ചാൻസലർ സ്ഥാനത്തിരിക്കാന്‍ ഗോപിനാഥ് രവീന്ദ്രന് യാതൊരു അർഹതയുമില്ല എന്നതിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇതെന്നും കെപിസിടിഎ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.