ETV Bharat / state

'വ്യത്യസ്‌തനാമൊരു ബാര്‍ബര്‍' ; കിടപ്പുരോഗികള്‍ക്കായി നാട്ടുവഴികൾ താണ്ടിയെത്തി വിജയേട്ടൻ

author img

By ETV Bharat Kerala Team

Published : Nov 4, 2023, 10:26 PM IST

Barber Vijayan  Barber Vijayan Kannur Busy With Social Duties  Kannur News  Why Barber Shop Changing As Spas  Famous Spas In Kannur  കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍  ബാര്‍ബര്‍ അസോസിയേഷന്‍  വ്യത്യസ്‌തനാമൊരു ബാര്‍ബര്‍  കിടപ്പുരോഗികള്‍ക്കായുള്ള സഹായനിധി  ബാര്‍ബര്‍മാരുടെ പെന്‍ഷന്‍
Barber Vijayan Kannur Busy With Social Duties

സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ബാർബർ ഷോപ്പ് എന്ന സങ്കല്‍പത്തെ തന്നെ വിജയേട്ടന്‍റെ മനസിൽ നിന്ന് അകറ്റിയത്

ബാര്‍ബര്‍ ഷോപ്പുകളുടെ കാലത്തെ 'വ്യത്യസ്‌തനാമൊരു ബാര്‍ബര്‍'

കണ്ണൂർ: ഇത് വിശ്വനാഥൻ എന്ന പടപ്പയങ്ങോട്ടുകാരുടെ സ്വന്തം വിജയേട്ടൻ. സഹജീവി സ്നേഹത്തിൻ്റെ മാതൃക. കത്രികയും ചീർപ്പും സ്നേഹവും കൊണ്ടാണ് അയാൾ അത്‌ഭുതങ്ങൾ കാട്ടി ലോകത്തെ സ്നേഹം കൊണ്ട് കീഴ്പെടുത്തുന്നത്.

വിജയേട്ടന്‍റെ യാത്ര: ഒരു ദിവസം പുലർന്നാൽ ഈ 74 കാരന്‍റെ യാത്ര തുടങ്ങുകയായി. അതിരാവിലെ മുതൽ കത്രികയും എടുത്ത്‌ നാട്ടുവഴികൾ താണ്ടിയുള്ള വിജയേട്ടന്‍റെ യാത്ര തുടങ്ങിയിട്ട് വർഷങ്ങളുമായി. പ്രായാധിക്യം മൂലം അവശതനുഭവിക്കുന്നവരുടെയും കിടപ്പിലായ രോഗികളുടെയും വീട്ടിലേക്കാണ് ഈ യാത്ര. പ്രദേശത്തു വർഷങ്ങളായി ഇത്തരത്തിലുള്ളവരുടെ മുടി വെട്ടി നൽകുന്നത് നാട്ടുകാരുടെ സ്വന്തം വിജയേട്ടനാണ്.

വർഷങ്ങൾക്കു മുമ്പ് ബാർബർ ഷോപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ബാർബർ ഷോപ്പ് എന്ന സങ്കല്‍പ്പത്തെ തന്നെ വിജയേട്ടന്‍റെ മനസിൽ നിന്ന് അകറ്റിയത്. തന്‍റെ സേവനം ആവശ്യമുള്ളവർ വീടുകളിലാണ് എന്ന് മനസിലാക്കി കൊണ്ടായിരുന്നു ഇത്.

സമൂഹത്തിന്‌ നല്ലത് ചെയ്യണം എന്ന സങ്കൽപ്പത്തിൽ നിന്ന് യാത്ര തുടരുന്ന അദ്ദേഹത്തോട് പ്രതിഫലത്തെ കുറിച്ച് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. എന്തെങ്കിലും കൊടുത്താൽ അത് വാങ്ങും, അല്ലെങ്കിൽ മടങ്ങും. ധനത്തെക്കാളേറെ പ്രധാനം മനുഷ്യർ തമ്മിലുള്ള സ്നേഹ ബന്ധത്തിനാണെന്ന് വിജയേട്ടൻ പറയുന്നു. വീടുകൾ കയറിയിറങ്ങി കിട്ടുന്ന പ്രതിഫലത്തിൽ ഒരു ഭാഗം നിരാലംബർക്കും അശരണർക്കുമായാണ് വിജയൻ മാറ്റിവയ്‌ക്കുന്നത്. മാത്രമല്ല എത്ര ദൂരം നടന്നാലും കിടപ്പിലായവർക്ക് മുന്നിലേക്കും അസുഖ ബാധിതർക്ക് മുന്നിലേക്കും അദ്ദേഹം എത്തും.

യാത്ര ചെരുപ്പ് ധരിക്കാതെ: വിജയന്‍റെ ജീവിത രീതിക്കുമുണ്ട് ഏറെ പ്രത്യേകതകള്‍. ഒഴിവുസമയങ്ങളിൽ വൃദ്ധ സദനങ്ങളും അഗതി മന്ദിരങ്ങളിലുമെത്താറുള്ള വിജയൻ ജീവിതത്തിൽ തന്‍റെ കല്യാണ ദിവസം മാത്രമാണ് ചെരുപ്പ് ധരിച്ചിട്ടുള്ളത്. എന്താണ് ചെരുപ്പ് ധരിക്കാത്തത് എന്ന് ചോദിച്ചാൽ, ഭൂമിയുടെ സ്‌പന്ദനമറിഞ്ഞ് നടക്കാനാണ് തനിക്ക് ഇഷ്‌ടമെന്നാണ് വിജയന്‍റെ ഉത്തരം.

100 മുതൽ 1000 രൂപ വരെ മുടി വെട്ടാൻ ഈടാക്കുന്ന കടകൾക്കിടയിലാണ് വ്യത്യസ്‌തനായൊരു ബാർബർ വിശ്വനാഥനും ജീവിക്കുന്നത്. നീട്ടി വളർത്തിയ താടിയും കുടയും കത്രിക ഉള്‍പ്പെടുന്ന ബാഗും തൂക്കി യാത്ര തുടരുമ്പോൾ നാട്ടുകാരുടെ സ്വന്തം വിജയേട്ടൻ നടന്നുതീർക്കുന്നത് വലിയൊരു സ്നേഹത്തിന്‍റെ പാത കൂടിയാണ്.

Also Read: 'പപ്പൻ പ്രിയപ്പെട്ട പപ്പൻ'; ഇത് കുഞ്ഞിമംഗലത്തുകാരുടെ സ്വന്തം ബാർബർ പപ്പേട്ടൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.