പാട്ടെഴുത്തിന്‍റെ കഥ പറഞ്ഞ് കൈതപ്രം; വയലാര്‍ താമസിച്ച് മുറിയും പാവം പാവം രാജകുമാരനിലെ പാട്ടുകളും

author img

By ETV Bharat Kerala Desk

Published : Jan 17, 2024, 6:27 PM IST

Kaithapram Damodaran Namboothiri  Lyricist poet Kaithapram interview  കൈതപ്രം ദാമോദരൻ നമ്പൂതിരി  ഗാനരചയിതാവ് കൈതപ്രം അഭിമുഖം

Kaithapram Damodaran Namboothiri Interview : മലയാളത്തിന്‍റെ പ്രിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഇടിവി ഭാരതിനൊപ്പം വിശേഷങ്ങളുമായി

കൈതപ്രം ദാമോദരൻ നമ്പൂതിരി ഇടിവി ഭാരതിനോട്

1986ൽ ഫാസിൽ സംവിധാനം ചെയ്‌ത 'എന്നെന്നും കണ്ണേട്ടന്‍റെ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്‍റെ പ്രിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ചലച്ചിത്ര ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കവിതകൾ ഇഷ്‌ടപ്പെടുകയും സംഗീതം അഭ്യസിക്കുകയും ചെയ്‌തത് ഒരു ഗാനരചിതാവ് ആകുവാനുള്ള യാത്രയ്‌ക്ക് കൂടുതൽ സഹായകമായി. 1980കളുടെ പകുതി മുതൽ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം വരെ കൈതപ്രം മലയാളത്തിന് സമ്മാനിച്ചത് എത്രയോ മികച്ച ഗാനങ്ങൾ (Lyricist and poet Kaithapram Damodaran Namboothiri).

കരിയറിൽ എഴുത്തിന്‍റെ ഗ്രാഫ് ഒരിക്കലും താഴെ പോകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ് താനെന്ന് കൈതപ്രം പറയുന്നു. കാലം മാറുന്നത് അനുസരിച്ച് മനുഷ്യരുടെ അഭിരുചിയും ട്രെൻഡും കൃത്യമായി മനസിലാക്കിയാൽ മാത്രമേ ഒരു കലാകാരന് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. കാലത്തിനനുസരിച്ച് ഗാനങ്ങൾ മാറുമ്പോഴും കൈതപ്രം എന്ന കലാകാരൻ തന്‍റെ വ്യക്തിമുദ്ര ഗാനങ്ങൾക്കുള്ളിൽ എപ്പോഴും ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് കമൽ സംവിധാനം ചെയ്‌ത 'സ്വപ്‌നക്കൂട്' എന്ന ചിത്രത്തിലെ ഗാനം.

'സ്വപ്‌നക്കൂടി'ലെ വളരെ ശ്രദ്ധേയമായ ഒരു ഗാനമായിരുന്നു 'കറുപ്പിനഴക്..'. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മീരാ ജാസ്‌മിന്‍റെയും ഭാവനയുടെയും പ്രകടനത്തിലൂടെ ശ്രദ്ധേയമായ ഗാനരംഗങ്ങൾ കണ്ട് പ്രേക്ഷകർ ഒരുപക്ഷേ വിശ്വസിച്ചിരുന്നത് ആ ഗാനം സ്‌ത്രീകളെ വർണിക്കുന്ന ഒന്നാണെന്നാണ്. എന്നാൽ കൈതപ്രത്തിന് പറയാനുള്ളത് മറ്റൊരു കഥയാണ്.

'ഈ ഗാനത്തിന്‍റെ രചന നടക്കുന്ന സമയത്ത് ഭാരതപ്പുഴക്ക് സമീപമുള്ള ഒരു ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിലാണ് ഞാൻ താമസിച്ചിരുന്നത്. പ്രഭാതത്തിൽ പുഴയുടെ തീരത്ത് എത്തിയപ്പോൾ കാണുന്ന കാഴ്‌ച ആകാശത്തെ കറുത്ത മേഘങ്ങളെയും മഞ്ഞുമൂടിയ അന്തരീക്ഷവുമായിരുന്നു. അങ്ങനെയാണ് 'കറുപ്പിനഴക്...' എന്ന വരികൾ ജന്മമെടുക്കുന്നത്. സത്യത്തിൽ അത് പ്രകൃതിയെ വർണിക്കുന്ന തരത്തിലാണ് ഞാൻ എഴുതിയത്'- കൈതപ്രം വ്യക്തമാക്കി.

'വരികൾ ജനങ്ങൾക്ക് ഇഷ്‌ടമാവുകയും വേണം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഭാവന സമ്പന്നവും നിർബന്ധം തന്നെ. ജീവിതത്തിൽ വളരെയധികം ദൃഢനിശ്ചയമുള്ള ഒരാളാണ് താൻ. അതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയത്.

താര സമ്പന്നമല്ലാത്തതുകൊണ്ട് തന്‍റെ ചിത്രത്തെ ചിലർ അവഗണിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ താൻ ഒരിക്കലും തോൽവി സമ്മതിച്ചിട്ടില്ല. കാലത്തിനതീതമായ ആശയമാണ് ചിത്രത്തിന്‍റേത്. തിരിച്ചുവരുക തന്നെ ചെയ്യും, പ്രേക്ഷകർ തന്‍റെ സിനിമ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഗീത സംവിധായകൻ വിദ്യാസാഗറുമായി അടുത്ത ആത്മബന്ധം ഉണ്ടെന്നും കൈതപ്രം പറഞ്ഞു. 'ഞങ്ങൾ ആദ്യമായി ഒരുമിച്ച ഗാനത്തിന് രണ്ടുപേർക്കും സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ആ ഗാനമാലപിച്ച യേശുദാസിനും സുജാതയ്‌ക്കും ആയിരുന്നു അക്കാലത്തെ മികച്ച ഗായകർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

സംഗീത സംവിധായകൻ സലിൽ ചൗധരിക്ക് തന്നോട് വല്ലാത്തൊരു വാത്സല്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സലിൽ ചൗധരി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ച ചിത്രങ്ങൾക്ക് താനാണ് ഗാനങ്ങൾ എഴുതിയത്. അദ്ദേഹത്തിന്‍റെ സംഗീതത്തിന് മികച്ച രീതിയിൽ വരികൾ ഒരുക്കാൻ സാധിച്ചു. വയലാറിന് ശേഷം തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഗാനരചയിതാവ് കൈതപ്രമാണെന്ന് സലിൽ ചൗധരി അക്കാലത്ത് പറഞ്ഞ കാര്യവും അദ്ദേഹം ഓർത്തെടുത്തു.

ജീവിതത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിച്ച് എഴുതിയ ഗാനം ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച, കമൽ സംവിധാനം ചെയ്‌ത 'പാവം പാവം രാജകുമാരൻ' എന്ന ചിത്രത്തിലേതായിരുന്നു. സംഗീതസംവിധായകൻ 'സിന്ദൂരപൂവേ' എന്ന പദത്തിൽ വെറുതെ ഒരു ട്രാക്ക് പാടി ട്യൂൺ തന്നെ ഏൽപ്പിക്കുന്നു. പിന്നീട് എന്ത് ചിന്തിച്ചാലും 'സിന്ദൂരപൂവേ' എന്നു മാത്രമേ മനസിൽ വരുന്നുണ്ടായിരുന്നുള്ളൂ.

രാത്രികളിൽ ഉറക്കം നഷ്‌ടപ്പെട്ട് താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ ഇറങ്ങി നടന്നു. അക്കാലത്തെ ഫിലിം എഡിറ്ററായിരുന്ന താൻ അമ്പിയണ്ണൻ എന്ന് വിളിക്കുന്ന ആൾ അപ്പോൾ മുന്നിലേക്ക് വന്നു. ഉറങ്ങുന്നില്ലേ എന്ന ചോദ്യം. 'ഇല്ല ഞാൻ ഗാനരചന അവസാനിപ്പിച്ചാലോ എന്ന ചിന്തയിലായിരുന്നു' എന്ന് മറുപടി.

സമാധാനമായി ഉറങ്ങിയാൽ എല്ലാം ശരിയാകും എന്നായിരുന്നു അമ്പിയണ്ണന്‍റെ ഉപദേശം. വയലാർ കഴിഞ്ഞിരുന്ന മുറിയിലാണ് താൻ കഴിയുന്നതെന്ന് കൂടി കേട്ടപ്പോൾ ആവേശം ഇരട്ടിയായി. ശരിക്കും അമ്പിയണ്ണന്‍റെ ആ ഉപദേശം ശരിയായിരുന്നു. ഉറങ്ങി എണീറ്റ എനിക്ക് കൃത്യമായ വരികൾ കിട്ടി. ഇന്നും മലയാളികൾ മൂളുന്ന 'കണ്ണാടി കയ്യിൽ...' എന്ന ഗാനമായിരുന്നു അത്.

ALSO READ: തളരില്ല, തളർത്താൻ പറ്റുകയുമില്ല ; നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം, നിലപാടിലുറച്ച് സൂരജ് സന്തോഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.