ജഡ്‌ജിമാരുടെ പേരിൽ കോഴ: അന്വേഷണം വൈകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കോടതി

author img

By

Published : Apr 4, 2023, 2:46 PM IST

Complete the investigation soon  Saibi Jose Kidangur case says High court  ജഡ്‌ജിമാരുടെ പേരിൽ കോഴ  കോഴക്കേസ് അന്വേഷണം വേഗം പൂർത്തിയാക്കണം  ഹൈക്കോടതി  സൈബി ജോസ് കിടങ്ങൂർ  അഡ്വക്കേറ്റ് അസോസിയേഷന്‍

ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടും ഹൈക്കോടതി പരിശോധിച്ചു. 137 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്.

എറണാകുളം: ജഡ്‌ജിമാ‍ർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്നും അഭിഭാഷകൻ കോഴ വാങ്ങിയ കേസിലെ അന്വേഷണം വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം. അന്വേഷണം വൈകിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. അതേ സമയം മൊബൈൽ ഫോണുകളിലെ തെളിവുകൾ അടക്കമുള്ള ഇലക്ട്രോണിക് തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാനുണ്ടെന്ന് സർക്കാ‍ർ കോടതിയെ അറിയിച്ചു.

കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടും ഹൈക്കോടതി പരിശോധിച്ചു. 137 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി കോടതി വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും. പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പെടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടു കൂടി കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്.

എന്താണ് ഹൈക്കോടതി കോഴ വിവാദം: കേസുകളിൽ മുൻകൂർ ജാമ്യവും അനുകൂല വിധിയും വാങ്ങി നൽകുമെന്ന് പറഞ്ഞ് പേരിൽ കക്ഷികളുടെ കൈയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന ഗുരുതര ആരോപണമാണ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ നേരിടുന്നത്. ഇത്തരത്തിൽ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം രൂപകൈപ്പറ്റിയെന്നാണ് കേസ്. സൈബിക്ക് എതിരായി നാല് അഭിഭാഷകർ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ സൈബി വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസിന്‍റെ വാദം.

അതേസമയം ജഡ്‌ജിക്ക് കൊടുക്കാൻ എന്ന നിലയിൽ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും, കക്ഷികളുടെ കയ്യിൽ നിന്ന് വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണതെന്നുമാണ് ഹൈക്കോടതി വിജിലൻസിന് മുൻപാകെ സൈബി ജോസ് മൊഴി നൽകിയത്.

അന്വേഷണ പുരോഗതി മുദ്രവെച്ച കവറിൽ കോടതിയിൽ: അതേസമയം ഹൈക്കോടതി ജഡ്‌ജിമാർക്ക്‌ കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് സൈബി ജോസ് കിടങ്ങൂർ വൻ തുക വാങ്ങിയെന്ന കേസിലെ പൊലീസ് അന്വേഷണ പുരോഗതി മുദ്രവെച്ച കവറിൽ കോടതിയിൽ കൈമാറിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണക്കുന്ന ഈ ഘട്ടത്തിൽ കോടതി നേരിട്ട് അന്വേഷണം വിലിരുത്തുകയായിരുന്നു. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹർജി ഏപ്രിൽ നാലിന് പരിഗണിക്കാനായി മാറ്റി വയ്‌ക്കുകയും അന്വേഷണം നടക്കട്ടെ എന്ന് വാക്കാൽ അഭിപ്രായപ്പെടുകയും ചെയ്‌തു.

ഇതേസമയം സൈബി ജോസ് കിടങ്ങൂർ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച നാൾ മുത‌ല്‍ ആരോപണങ്ങൾ നേരിടുന്നതായി പറയുന്ന രാജിക്കത്ത് സെക്രട്ടറിക്ക് നൽകുകയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്‌തു.

Also Read: ട്രെയിനിലെ തീവയ്‌പ്പ് : പ്രതി ഉത്തര്‍പ്രദേശില്‍ എടിഎസിന്‍റെ പിടിയിലായെന്ന് സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.