ചന്ദ്രബോസ് വധം : മുഹമ്മദ് നിഷാമിന്‍റെ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

author img

By

Published : Sep 16, 2022, 12:21 PM IST

Updated : Sep 16, 2022, 12:38 PM IST

ചന്ദ്രബോസ് വധം: മുഹമ്മദ് നിഷാമിന്‍റെ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജീവപര്യന്തവും 24 വർഷം തടവുമാണ് ചന്ദ്രബോസ് വധത്തില്‍ മുഹമ്മദ് നിഷാമിനെതിരായ കോടതി വിധി. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതി അപ്പീല്‍ നല്‍കിയത്

എറണാകുളം : വ്യവസായി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെയാണ് പ്രതി കാറിടിച്ച് കൊലപ്പെടുത്തിയത്.

ഈ കേസിൽ മുഹമ്മദ് നിഷാമിന് തൃശൂർ അഡീഷണൽ സെഷൻസ് കോടതി കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം ജീവപര്യന്തവും 24 വർഷം തടവും വിധിച്ചിരുന്നു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. വിചാരണക്കോടതി വിധിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ജീവപര്യന്തം വധശിക്ഷയായി ഉയർത്തണമെന്ന സർക്കാരിന്‍റെ ആവശ്യവും കോടതി തള്ളി. തനിക്കെതിരായ കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നുമായിരുന്നു നിഷാമിന്‍റെ വാദം. നേരത്തെ ശിക്ഷാവിധി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇയാള്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

കൊല, ഗേറ്റ് തുറക്കാന്‍ വൈകിയതില്‍ : 2015 ജനുവരി 29ന് പുലർച്ചെയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. നിഷാം താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിന്‍റെ ഗേറ്റ് തുറക്കാൻ വൈകിയതിന്‍റെ പേരിലായിരുന്നു ചന്ദ്രബോസ് എന്ന സുരക്ഷ ജീവനക്കാരനെ ഇയാൾ കാറിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 19ന് ചന്ദ്രബോസ് മരിച്ചു.

2016ൽ വിചാരണ കോടതി ജീവപര്യന്തം ശിക്ഷയും എണ്‍പതുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. പുറമെ വിവിധ വകുപ്പുകൾ പ്രകാരം 24 വർഷം തടവും വിധിച്ചിരുന്നു. പിഴത്തുകയിൽ 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനുമായിരുന്നു വിചാരണ കോടതി ഉത്തരവ്.

Last Updated :Sep 16, 2022, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.