ഭാരത് ജോഡോ യാത്ര: ആലപ്പുഴയില്‍ മൂന്നാം ദിനം, മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

author img

By

Published : Sep 19, 2022, 1:32 PM IST

Bharat Jodo Yatra  Rahul Gandhi interacts with fisher folk Alappuzha  Bharat Jodo Yatra Alappuzha  ഭാരത് ജോഡോ യാത്ര  രാഹുല്‍ഗാന്ധി  ആലപ്പുഴ വാടയ്‌ക്കല്‍  രാഹുല്‍ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച

മൂന്നാം ദിവസത്തെ പദയാത്ര ആരംഭിക്കുന്നതിന് മുന്‍പാണ് രാഹുല്‍ ഗാന്ധി ജില്ലയിലെ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തിയത്. ആലപ്പുഴ വാടയ്‌ക്കല്‍ ബീച്ചിലായിരുന്നു സംവാദം.

ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡേ യാത്രയുടെ ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചു. രാവിലെ ഏഴിന് അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ പദയാത്ര കലവൂരിലെ കമലോട് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അവസാനിപ്പിച്ചത്. യാത്രയ്‌ക്ക് മുന്‍പ് ജില്ലയിലെ മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചിരുന്നു.

ആലപ്പുഴ വാടയ്‌ക്കല്‍ ബീച്ചില്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തിയത്. ചര്‍ച്ചയില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. സാധാരണക്കാരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചര്‍ച്ചയ്‌ക്കിടെ ആരോപിച്ചു.

യുപിഎ സർക്കാർ സാധാരണക്കാർക്ക് കടാശ്വാസമായി 72,000 കോടി രൂപ നൽകിയിരുന്നു. എന്നാൽ മോദി സർക്കാർ സമ്പന്നരുമായി മാത്രമാണ് സൗഹൃദം പുലർത്തുന്നത്. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക സഹായം അവരുടെ കൈകളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർധിച്ചുവരുന്ന ഇന്ധനവില, സബ്‌സിഡി വെട്ടികുറയ്‌ക്കൽ, മത്സ്യസമ്പത്തിന്‍റെ കുറവ്, വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്‌തത, പാരിസ്ഥിതിക നാശം എന്നിവയെക്കുറിച്ചും വയനാട് എംപി ചർച്ച നടത്തി. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ പ്രതിപക്ഷം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴയിലെ ഇന്നത്തെ പദയാത്രയുടെ രണ്ടാം ഘട്ടം വൈകിട്ട് നാലിന് പാതിരാപ്പള്ളിയില്‍ നിന്നാണ്. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര സെപ്‌റ്റംബര്‍ 17നാണ് ജില്ലയില്‍ പ്രവേശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.