UEFA Champions League Group F | മരണഗ്രൂപ്പിലെ മരണക്കളി; പിഎസ്‌ജിയും മിലാനും ന്യൂകാസിലും മുഖാമുഖം..

UEFA Champions League Group F | മരണഗ്രൂപ്പിലെ മരണക്കളി; പിഎസ്‌ജിയും മിലാനും ന്യൂകാസിലും മുഖാമുഖം..
UEFA Champions League Death Group | യൂറോപ്പിലെ പ്രമുഖ ലീഗുകളിലെ വമ്പൻമാരെല്ലാം നേർക്കുനേർ വരുമ്പോൾ മത്സര ഫലങ്ങൾ പ്രവചനാതീതമാണ്. എങ്കിലും കിലിയൻ എംബാപ്പെയുടെ പിഎസ്‌ജിയും സൗദി എണ്ണപ്പണത്തിന്‍റെ കരുത്തിൽ പ്രതാപം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന ന്യൂകാസിൽ യുണൈറ്റഡും ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് വിലയിരുത്തൽ
യുവേഫ ചാമ്പ്യൻസ് ലീഗിന്‍റ ഈ സീസണിലെ മരണ ഗ്രൂപ്പായി കണക്കാക്കാവുന്നതാണ് ഗ്രൂപ്പ് എഫ് (UEFA Champions League Group F). ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജി, ബൊറൂസിയ ഡോർട്‌മുണ്ട്, ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ, പ്രീമിയർ ലീഗിലെ പുത്തൻപണക്കാരായ ന്യൂകാസിൽ യൂണൈറ്റഡ് എന്നിർ തമ്മിലാണ് പോരാട്ടം. വമ്പൻമാർ തമ്മിൽ കൊമ്പുകോർക്കുന്നതോടെ ആവേശകരമായ മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഈ ഗ്രൂപ്പിൽ നിന്ന് ആരെല്ലാം അവസാന പതിനാറിൽ ഇടംപിടിക്കും എന്നത് പ്രവാചനാതീതമാണ്.
ഗ്രൂപ്പ് എഫ് : പിഎസ്‌ജി, ബൊറൂസിയ ഡോർട്‌മുണ്ട്, എസി മിലാൻ, ന്യൂകാസിൽ യൂണൈറ്റഡ്
പിഎസ്‌ജി (PSG); സൂപ്പർ താരങ്ങളായെ മെസിയും നെയ്‌മറും ടീം വിട്ടതോടെ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണയെത്തുന്നത്. നിരവധി യുവതാരങ്ങളെയാണ് ഇത്തവണ പിഎസ്‌ജി സ്വന്തമാക്കിയത്. പോർച്ചുഗൽ ക്ലബായ ബെൻഫികയിൽ നിന്ന് ഗോൺസലോ റാമോസ്, ബാഴ്‌സലോണയിൽ നിന്ന് ഒസ്‌മാൻ ഡെംബലെ, ഫ്രഞ്ച് സ്‌ട്രൈക്കര്‍ റാൻഡല്‍ കോലോ മുവാനി എന്നിവരെയാണ് മുന്നേറ്റത്തിലേക്ക് എത്തിച്ചത്. ഇവർക്കൊപ്പം സൂപ്പർ താരം എംബാപ്പെ കൂടെ ചേരുന്നതോടെ മുന്നേറ്റം സുശക്തമാകും. ബയേൺ മ്യൂണിക്കിൽ നിന്ന് ലുകാസ് ഹെർണാണ്ടസ്, സ്‌പോർടിങ് ക്ലബിൽ നിന്ന് യുറുഗ്വൻ യുവതാരം മാനുവൽ ഉഗാർത്തെ, റയലിൽ നിന്ന് മാർകോ അസെൻസിയോ അടക്കം ഒമ്പതോളം താരങ്ങളെയും ഫ്രഞ്ച് വമ്പൻമാർ ടീമിലെത്തിച്ചിട്ടുള്ളത്.
പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത ലൂയിസ് എൻറിക്വെയുടെ ശൈലിയുമായി പൊരുത്തപ്പെട്ടുവരികയാണ് പിഎസ്‌ജി. പൊസിഷൻ ഗെയിമിലൂടെ എതിരാളികൾക്ക് മേൽ മേധാവിത്വം നേടിയെടുക്കുന്നതാണ് എൻറിക്വെയുടെ ശൈലി. വമ്പൻ താരങ്ങൾക്ക് പിന്നാലെ പോയിരുന്ന പിഎസ്‌ജി ഇത്തവണ കൂടുതലും യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഈ താരങ്ങളെയെല്ലാം ഒരേ ചരടിലെന്നപോലെ കോർത്തിണക്കി മികച്ച ടീമാക്കി മാറ്റുക എന്ന വലിയ ഉത്തരവാദിത്തമാണ് സ്‌പാനിഷ് പരിശീലകന് മുന്നിലുള്ളത്. ശതകോടികൾ മുടക്കി താരങ്ങളെ ടീമിലെത്തിച്ചിട്ടും പിഎസ്‌ജിക്ക് ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ പിഎസ്‌ജിയുടെ പ്രതീക്ഷകൾ അത്രയും 2014-15 സീസണിൽ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ ട്രെബിൾ നേട്ടത്തിലേക്കു നയിച്ച എൻറിക്വെയിലാണ്.
കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് എച്ചിൽ ബെൻഫികയ്‌ക്ക് പിന്നിൽ രണ്ടാമതായാണ് പിഎസ്‌ജി ഫിനിഷ് ചെയ്‌തത്. ഇരുപാദങ്ങളിലായി നടന്ന പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ലയണൽ മെസിയും നെയ്‌മർ ജൂനിയറും കിലിയൻ എംബാപ്പെയും ചേർന്ന മുന്നേറ്റ നിരയ്‌ക്ക് ഒരു തവണ പോലും ബയേൺ വലയിൽ പന്തെത്തിക്കാനായിരുന്നില്ല.
ബൊറൂസിയ ഡോർട്‌മുണ്ട് (Borussia Dortmund): കഴിഞ്ഞ ബുന്ദസ്‌ലീഗ സീസണിന്‍റെ അവസാന മത്സരത്തിൽ കൈവിട്ട നിരാശയിലാണ് ഡോർട്‌മുണ്ട്. അതോടൊപ്പം ടീമിലെ പ്രധാന താരങ്ങളായിരുന്ന ജൂഡ് ബെല്ലിങ്ഹാം, റാഫേൽ ഗ്വിറേറോ എന്നിവർ ഈ സമ്മർ ട്രാൻസ്‌ഫറിൽ ടീം വിട്ടതും വലിയ തിരിച്ചടിയാണ്. പകരക്കാരായി ജർമൻ താരം നിക്ലാസ് ഫുൾക്രൂഗ്, മാർസൽ സാബിറ്റ്‌സർ എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്. എന്നാൽ മധ്യനിരയിൽ ബെല്ലിങ്‌ഹാമിന്‍റെ അഭാവം നികത്താൻ അവർക്കായിട്ടില്ല.
മുന്നേറ്റത്തിൽ കരിം അഡെയെമി, സെബാസ്റ്റ്യൻ ഹാളർ എന്നിവരിലാണ് പ്രതീക്ഷ. നായകൻ മാർകോ റിയൂസ്, മാർസൽ സാബിറ്റ്‌സർ എന്നിവരും പ്രതീക്ഷയ്‌ക്കെത്ത പ്രകടനം പുറത്തെടുക്കുന്നവരാണ്. ഡോർട്‌മുണ്ട് നേരിടുന്ന പ്രധാന വെല്ലുവിളി പ്രതിരോധത്തിലാണ്. പരിചയസമ്പന്നനായ ജർമൻ താരം മാറ്റ്സ് ഹമ്മൽസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ വമ്പൻ ക്ലബുകൾ പോരിനിറങ്ങുന്ന ഈ ഗ്രൂപ്പിൽ നിന്ന് മുന്നേറുക എന്നത് ഡോർട്‌മുണ്ടിന് വളരെ പ്രയാസമേറിയ കാര്യമായിരിക്കും.
എസി മിലാൻ (AC Milan): പരിശീലകൻ സ്റ്റെഫാനോ പിയോളിക്ക് കീഴിൽ മികച്ച രീതിയിൽ കളിക്കുന്ന മിലാൻ കൂടുതൽ പ്രതീക്ഷകളുമായാണ് മത്സരത്തിനെത്തുന്നത്. കഴിഞ്ഞ തവണ സെമിയിൽ നാട്ടുകാരായ ഇന്‍റർ മിലാനോട് പരാജയപ്പെട്ടാണ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത്. ഇത്തവണ മികച്ച പ്രകടനം ആവർത്തിക്കുന്നതിനായി ചെൽസിയിൽ ക്രിസ്റ്റ്യൻ പുലിസിക്, ലോഫ്‌റ്റസ്‌ചീക്, സാമുവൽ ചുക്വസെ എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പ്രകടനത്തിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട പ്രകടനമാകും ടീമിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ കിരീടങ്ങളുടെ കണക്കെടുത്താൽ ഏഴ് കിരീടങ്ങളുമായി റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാമതാണ് എസി മിലാന്‍റെ സ്ഥാനം. 1963, 1969, 1989, 1990, 1994, 2003, 2007 വർഷങ്ങളിലാണ് മിലാൻ യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്.
ന്യൂകാസിൽ യുണൈറ്റഡ് (Newcastle United): 21 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിനെത്തുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് യോഗ്യത നേടിയത്. പരിശീലകന്‍ എഡ്വി ഹോവിയുടെ തന്ത്രങ്ങളാണ് ന്യൂകാസിലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുത്തത്.
തകര്‍ച്ചയുടെ വക്കിലായിരുന്ന ടീമിനെ സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയതോടെയാണ് മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. മികച്ച താരങ്ങളെ കൊണ്ടുവന്ന ന്യൂകാസില്‍ യുണൈറ്റഡ് പതിയെ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ടീമുകളിലൊന്നായി മാറി.
2002-2003 സീസണിലാണ് ന്യൂകാസില്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കളിച്ചത്. ബാഴ്‌സലോണ, ഇന്‍റർ മിലാന്‍, ബയേണ്‍ ലെവര്‍കൂസന്‍ എന്നീ ശക്തരായ എതിരാളികള്‍ അണിനിരന്ന ഗ്രൂപ്പ് എ യിലാണ് ന്യൂകാസില്‍ മത്സരിച്ചത്. എന്നാല്‍ ടീമിന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെ നോക്കൗട്ടിലെത്താതെ പുറത്താകുകയായിരുന്നു.
