ETV Bharat / sports

Kylian Mbappe | അടിച്ചാല്‍ സൂപ്പർ ലോട്ടോ (എല്ലാവർക്കും), ചാടാനിരിക്കുന്ന എംബാപ്പെയ്ക്ക് റെക്കോഡ് തുകയെറിഞ്ഞ് അല്‍ ഹിലാല്‍

author img

By

Published : Jul 24, 2023, 7:23 PM IST

Al Hilal makes record bid for Kylian Mbappe  Al Hilal  Kylian Mbappe  kylian mbappe transfer  PSG  പിഎസ്‌ജി  കിലിയന്‍ എംബാപ്പ  കിലിയന്‍ എംബാപ്പ ട്രാന്‍സ്‌ഫര്‍  അല്‍ ഹിലാല്‍
കിലിയന്‍ എംബാപ്പ

പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്കായി 300 മില്യണ്‍ യൂറോ വാഗ്ദാനം ചെയ്‌ത് സൗദി ക്ലബ് അല്‍ ഹിലാല്‍.

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായി നിലവില്‍ ഇടഞ്ഞ് നില്‍ക്കുകയാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. 2024-ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് എംബാപ്പെ നേരത്തെ പിഎസ്‌ജിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ 24-കാരനായ എംബാപ്പെയെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പിഎസ്‌ജി ഒഴിവാക്കിയിരുന്നു.

ഈ അവസരം മുതലെടുത്ത് താരത്തെ റാഞ്ചാന്‍ ഒരുങ്ങിയിരിക്കുകയാണ് സൗദി ക്ലബ് അല്‍ ഹിലാല്‍. റെക്കോഡ് തുകയായ 300 മില്യണ്‍ യൂറോയാണ് (332 മില്യണ്‍ ഡോളര്‍) എംബാപ്പെയ്‌ക്കായി അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച പിഎസ്‌ജി കിലിയന്‍ എംബാപ്പെയുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാലിന് അനുമതിന നല്‍കിയിട്ടുണ്ട്. കരാര്‍ പുതുക്കാന്‍ തയ്യാറാവതെ ഫ്രീ ഏജന്‍റായി പിഎസ്‌ജി വിടാനാണ് എംബാപ്പെ പദ്ധതിയിടുന്നത്.

എന്നാല്‍ എംബാപ്പെ ഫ്രീ ഏജന്‍റായി മാറി ക്ലബ് വിടുന്നത് സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന അനുഭവ പാഠം നേരത്തെ ലയണല്‍ മെസിയില്‍ നിന്നും ക്ലബ് പഠിച്ചിട്ടുണ്ട്. ഇതോടെ കരാര്‍ അവസാനിക്കും മുമ്പ് എംബാപ്പെയെ വിറ്റൊഴിവാക്കാനാണ് പിഎസ്‌ജി ശ്രമം നടത്തുന്നത്. ഇതിന്‍റെ ഭാഗമായിരുന്നു ജപ്പാനിലെ പ്രീ സീസൺ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കിയ പിഎസ്‌ജി നടപടി.

2017-ല്‍ 190 മില്യൺ ഡോളറിന് മൊണാക്കോയിൽ നിന്നായിരുന്നു എംബാപ്പെയെ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്‍റ്‌സിന്‍റെ ഉടമസ്ഥതയിലുള്ള പിഎസ്‌ജി സ്വന്തമാക്കിയത്. 2024-ല്‍ അവസാനിക്കുന്ന നിലവിലെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ എംബാപ്പെ തയ്യാറാവുമെന്ന കണക്ക് കൂട്ടലിലായിരുന്നു പിഎസ്‌ജി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജൂലൈ 31 വരെ താരത്തിന് സമയം അനുവദിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ വളരെ നേരത്തെ തന്നെ ലോകകപ്പ് ജേവാതായ എംബാപ്പെ തന്‍റെ തീരുമാനം ക്ലബിനെ അറിയിക്കുകയായിരുന്നു. സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കാനാണ് എംബാപ്പെ ശ്രമം നടത്തുന്നതെന്ന് പൊതുവെ സംസാരമുണ്ട്. ഇതുവഴി ചാമ്പ്യന്‍സ് ലീഗാണ് താരം ലക്ഷ്യം വയ്‌ക്കുന്നത്. അതേസമയം അല്‍ ഹിലാലുമായുള്ള കരാര്‍ സാധ്യമായാല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള താരമായും കിലിയന്‍ എംബാപ്പെ മാറും.

2017-ൽ ബാഴ്‌സലോണയിൽ നിന്നും ബ്രസീലിയൻ സ്‌ട്രൈക്കര്‍ നെയ്‌മറിനെ ടീമില്‍ എത്തിച്ചപ്പോള്‍ പിഎസ്‌ജി നല്‍കിയ 262 മില്യൺ ഡോളർ എന്ന റെക്കോഡാവും തകര്‍ക്കപ്പെടുക. ലയണല്‍ മെസിക്കായും വന്‍ തുക വാഗ്‌ദാനം ചെയ്‌ത് അല്‍ ഹിലാല്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും താരം അമേരിക്കന്‍ ക്ലബായ ഇന്‍റര്‍ മയാമി തെരഞ്ഞെടുക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി പ്രോ ലീഗിലേക്ക് എത്തിയ ആദ്യ വമ്പന്‍ താരം. കഴിഞ്ഞ ഡിസംബറിലാണ് 38-കാരന്‍ അല്‍-നസ്‌റുമായി കരാറിലെത്തിയത്. നിലവില്‍ കരിം ബെൻസെമ, എൻഗോളോ കാന്‍റെ, റോബർട്ടോ ഫിർമിനോ എന്നിവരും സൗദിയില്‍ പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്. പ്രീമിയർ ലീഗ് താരങ്ങളായ റിയാദ് മഹ്‌റസും ജോർദാൻ ഹെൻഡേഴ്സണും സൗദി ക്ലബുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: Asian Games | ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള സാധ്യത തെളിഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.