ETV Bharat / sports

Saff Cup| സാഫ് കപ്പ്: ഇന്ത്യയ്‌ക്കെതിരായ വമ്പന്‍ തോല്‍വി; വിസ, ടിക്കറ്റ് പ്രശ്‌നങ്ങള്‍ തിരിച്ചടിയായെന്ന് പാക് പരിശീലകന്‍

author img

By

Published : Jun 23, 2023, 1:54 PM IST

saff cup 2023  saff cup  Torben Witajewski  Pakistan Coach Torben Witajewski  India vs Pakistan  Sunil Chhetri  Udanta Singh  സാഫ് കപ്പ്  സുനിൽ ഛേത്രി  ഉദാന്ത സിങ്  ഇന്ത്യ vs പാകിസ്ഥാന്‍  പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം  Pakistan football team  തോര്‍ബന്‍ വിതജെവ്‌സ്‌കി
വിസ, ടിക്കറ്റ് പ്രശ്‌നങ്ങള്‍ തിരിച്ചടിയായെന്ന് പാക് പരിശീലകന്‍

സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പാകിസ്ഥാന്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു.

ബെംഗളൂരു: സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ബദ്ധവൈരികളായ ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയ പാകിസ്ഥാന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യയ്‌ക്കായി ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന് പുറമെ ഉദാന്ത സിങ്ങും ലക്ഷ്യം കണ്ടപ്പോള്‍ പാകിസ്ഥാന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റത്.

കഴിഞ്ഞ ബുധനാഴ്‌ച ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ മുഴുവന്‍ സമയവും ആധിപത്യം ഇന്ത്യക്കായിരുന്നു എന്നതിൽ തർക്കമില്ല. എന്നാല്‍ തോല്‍വിക്ക് യാത്ര പ്രശ്‌നങ്ങളെ പഴി ചാരിയിരിക്കുകയാണ് പാകിസ്ഥാന്‍ പരിശീലകന്‍ തോര്‍ബന്‍ വിതജെവ്‌സ്‌കി. ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ പ്രകടനത്തിൽ ടീമിന്‍റെ വിസ, ടിക്കറ്റ് പ്രശ്‌നങ്ങള്‍ വലിയ പങ്കുവഹിച്ചതായാണ് തോര്‍ബന്‍ വിതജെവ്‌സ്‌കി പറയുന്നത്.

"ഞങ്ങൾക്ക് ഏറെ വൈകിയായിരുന്നു വിസ ലഭിച്ചത്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് മുംബൈ എയർപോർട്ടിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി. കളിക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ് അതുണ്ടാക്കിയത്. ബുധനാഴ്‌ച ഒന്നരയോടെയാണ് അവസാന സംഘം ഹോട്ടലിലെത്തിയത്.

ഏകദേശം 16 മണിക്കൂറിന് ശേഷം. തീര്‍ത്തും ഏറെ കഠിനമായിരുന്ന സാഹചര്യം ആയിരുന്നുവത്. നിങ്ങൾ അത്തരം സാഹചര്യത്തെ നേരിടേണ്ടതുണ്ട്. അല്ലാതെ ഒന്നും മാറ്റാന്‍ കഴിയില്ല"- പാകിസ്ഥാന്‍ പരിശീലകന്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.

വിസ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പാകിസ്ഥാന്‍റെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ നാടകീയമായിരുന്നു. ദേശീയ ബോര്‍ഡിന്‍റെ എന്‍ഒസി ലഭിക്കാതിരുന്നതിനാല്‍ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ഏറെ വൈകിയായിരുന്നു വിസയ്‌ക്ക് അപേക്ഷിച്ചത്. ഇതിനിടെ വാരാന്ത്യത്തില്‍ ഇന്ത്യൻ എംബസി അടച്ചതോടെ ടീമിന്‍റെ വിസ പ്രോസസിങ്ങില്‍ കാലതാമസം നേരിട്ടു. തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രിയോടെയാണ് എല്ലാ അപേക്ഷകളും ഇന്ത്യന്‍ എംബസി തീര്‍പ്പാക്കിയത്.

ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റിനായി മൗറീഷ്യസിലായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്. ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ടീം മുംബൈയില്‍ എത്തിയത്. ഇവിടെ നിന്നും കളിക്കാരും കോച്ചിങ് സ്റ്റാഫും ഉള്‍പ്പെടെ 32 പേരടങ്ങുന്ന സംഘത്തിന് ഒരു വിമാനത്തില്‍ ബെംഗളൂരുവില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ രണ്ട് സംഘങ്ങളായാണ് പാക് ടീം ബെംഗളൂരുവില്‍ എത്തിയത്.

ആദ്യ സംഘം പുലര്‍ച്ചെ നാലിന് വിമാനം കയറി. എന്നാല്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് രാവിലെ 9.15 വരെ രണ്ടാമത്തെ സംഘത്തിന് മുംബൈ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു. ഇതോടെ മത്സരം തുടങ്ങുന്നതിന് ആറ് മണിക്കൂര്‍ മുമ്പ്‌ മാത്രമാണ് ഈ സംഘം ബെംഗളൂരുവിലെത്തിയത്.

വിസയുമായി ബന്ധപ്പെട്ട് മൗറീഷ്യസില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നുവെന്നും പാകിസ്ഥാന്‍ പരിശീലകന്‍ പറഞ്ഞു. തങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിച്ചിരുന്നുവെങ്കില്‍ പ്രകടനം വ്യത്യസ്‌തമാവുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. " വിസയുമായി ബന്ധപ്പെട്ട് മൗറീഷ്യസില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ ഈ യാത്ര എളുപ്പമായിരുന്നില്ല.

പക്ഷേ ഞങ്ങൾക്ക് കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ പ്രകടനം വ്യത്യസ്‌തമായിരിക്കും. രാത്രി മുഴുവൻ യാത്ര ചെയ്‌തതിനാല്‍ കളിക്കാർക്ക് ശരിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരു ശരിയായ തയ്യാറെടുപ്പ് നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒന്നും തന്നെ മാറ്റാന്‍ കഴിയുന്ന കാര്യങ്ങള്‍ അല്ല"- തോര്‍ബന്‍ വിതജെവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഹാട്രികുമായി സുനിൽ ഛേത്രി; സാഫ് കപ്പിൽ പാകിസ്ഥാനെതിരെ ഗോൾമഴ തീർത്ത് ഇന്ത്യ, ജയം നാലു ഗോളുകൾക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.