ETV Bharat / sports

ഗോൾ ഹണ്ടിങ്+റെക്കോഡ് ഹണ്ടിങ്= എർലിങ് ഹാലണ്ട്; ഇംഗ്ലീഷ് ഫുട്‌ബോൾ കാൽകീഴിലാക്കി കുതിപ്പ്

author img

By

Published : May 4, 2023, 11:31 AM IST

Haaland  Erling Haaland records  Erling Haaland goal scoring records  Premier league  എർലിങ് ഹാലണ്ട്  Premier league record  Manchester city  മാഞ്ചസ്റ്റർ സിറ്റി  Premier league golden boot  golden boot race
എർലിങ് ഹാലണ്ടിന്‍റെ പ്രകടനം അസൂയാവഹം ; ഇംഗ്ലീഷ് ഫുട്‌ബോൾ കാൽകീഴിലാക്കി കുതിക്കുന്നു

പ്രീമിയർ ലീഗിലെ അരങ്ങേറ്റ സീസണിൽ തന്നെ ഇംഗ്ലീഷ് ഫുട്‌ബോളിലെ ഒരു പിടി റെക്കോഡുകൾ സ്വന്തമാക്കിയാണ് ഹാലണ്ടിന്‍റെ കുതിപ്പ്

മാഞ്ചസ്റ്റർ : പ്രീമിയർ ലീഗ് പോലെയൊരു മത്സരാധിഷ്‌ഠിതമായ ലീഗിൽ 31 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ. ലീഗിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ റെക്കോഡുകൾ പൊളിച്ചെഴുതി കുതിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ. ഇന്നലെ വെസ്‌റ്റ്‌ ഹാം യുണൈറ്റഡിനെ തോൽപിച്ച മത്സരത്തിൽ സിറ്റിയുടെ രണ്ടാം ഗോൾ നേടിയതോടെയാണ് എർലിങ് ഹാലണ്ട് റെക്കോഡ് സ്വന്തം പേരിലാക്കിയത്.

പ്രീമിയർ ലീഗിലെ അരങ്ങേറ്റ സീസണിൽ തന്നെ ഇംഗ്ലീഷ് ഫുട്‌ബോളിലെ ഒരു പിടി റെക്കോഡുകൾ സ്വന്തമാക്കിയാണ് 22-കാരന്‍റെ കുതിപ്പ്. റെക്കോഡുകളൊക്കെ അനായാസം മറികടക്കുന്ന ഹാലണ്ട് തന്‍റെ മുൻഗാമികളെ സാധാരണക്കാരാക്കി മാറ്റി എന്നതായിരിക്കാം ഏറ്റവും ശ്രേദ്ധേയം. 1993-94 ലും 1994-95 ലും ആൻഡി കോളും അലൻ ഷിയററും ഗോളടിയിൽ റെക്കോഡുകൾ സ്വന്തമാക്കിയപ്പോൾ പ്രീമിയർ ലീഗിൽ 22 ടീമുകളാണ് അണിനിരന്നിരുന്നത്. അതായാത് 42 മത്സരങ്ങളുളള സീസണുകളിലായിരിന്നു ഇവരുടെ ഗോൾവേട്ട.

എന്നാൽ വെറും 31 മത്സരങ്ങളിൽ നിന്നും ഈ റെക്കോഡ് കാറ്റിൽ പറത്തിയ ഹാലണ്ട് ലോകത്തെ മുഴുവൻ അസൂയപ്പെടുത്തുകയാണ്. സീസണിൽ ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ കൂടെ കളത്തിലിറങ്ങാനായാൽ വരും സീസണുകളിൽ ആർക്കും എത്തിപ്പിടിക്കാനാവത്ത വിധമുള്ള റെക്കോഡ് ഹാലണ്ടിന്‍റെ മാത്രം പേരിൽ എഴുതപ്പെട്ടേക്കും. ലീഗിൽ ഇതുവരെ ഹാലണ്ടിന് നഷ്‌ടമായത് രണ്ട് മത്സരങ്ങൾ മാത്രമാണ്.

എന്നാൽ ലീഗ് കൂടുതൽ മത്സരാധിഷ്‌ഠിതമായ ഒരു കാലഘട്ടത്തിലാണ് ആൻഡി കോളും അലൻ ഷിയററും കളിച്ചിരുന്നത്. സിറ്റിയെ പോലെ ആധിപത്യമുള്ള ഒരു ടീമിൽ അവർ കളിച്ചിരുന്നില്ല. പ്രതിരോധത്തിന്‍റെ നിലവാരം മോശമായ ഒരു സമയത്താണ് അവർ കളിച്ചതെങ്കിലും പ്രീമിയർ ലീഗ് ചരിത്രത്തിലെ മികച്ച കളിക്കാരിൽ ഇവരുടെ പേരുകൾ ഇനിയും ചേർത്തുവായിക്കണം.

മികച്ച സ്‌ട്രൈക്കർമാരുടെ നിര തന്നെയുണ്ട് പ്രീമിയർ ലീഗിൽ, എന്നാൽ ഹാലണ്ടിനോളം കാര്യക്ഷമതയോടെ കളിക്കുന്ന മറ്റൊരു സ്ട്രൈക്കർ നിലവിലില്ലെന്ന് തന്നെ പറയാവുന്നതാണ്. ഈ സീസണിൽ സിറ്റി ജഴ്‌സിയിൽ 45 മത്സരങ്ങളിൽ നിന്നായി 51 ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയത്.

ലിവർപൂളിനെതിരായ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ആദ്യമായി സിറ്റി ജഴ്‌സിയിൽ അരങ്ങേറിയ ഹാലണ്ടിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഇതോടെ സ്‌ട്രൈക്കർക്ക് പ്രീമിയർ ലീഗുമായി പൊരുത്തപ്പെടാനാകില്ലെന്ന വാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനെല്ലാം തുടർന്നുള്ള മത്സരങ്ങളിൽ നേടിയ ഗോളുകളിലൂടെയാണ് ഹാലണ്ട് മറുപടി നൽകിയത്. അരങ്ങേറ്റ സീസണിൽ തന്നെ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരം ഉറപ്പിച്ച ഹാലണ്ട് യൂറോപ്യൻ ഗോൾഡൻ ബൂട്ട് പുരസ്‌കാര പട്ടികയിലും ബഹുദൂരം മുന്നിലാണ്.

കാണാൻ പോകുന്നതേയുള്ളൂ: പരിക്ക് കൂടാതെ അടുത്ത നാല് വർഷം മാഞ്ചസ്റ്റർ സിറ്റിയിൽ തുടരുകയാണെങ്കിൽ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾഡൻ ബൂട്ട് പുരസ്‌കാരം നേടിയ തിയറി ഹെൻറിയുടെ റെക്കോഡ് മറികടക്കാനുമായേക്കും. നാല് ഗോൾഡൻ ബൂട്ടുകളാണ് ഹെൻറി നേടിയിട്ടുള്ളത്. ഇത്തവണത്തെ ബാലൺ ദ്യോർ പട്ടികയിൽ മുന്നിലുള്ള മെസിക്ക് വെല്ലുവിളി സൃഷ്‌ടിക്കാനും ഈ 22-കാരന് സാധിക്കും. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന സിറ്റി ജേതാക്കളായാൽ ഒരുപക്ഷെ മെസിയെ മറികടന്ന് ബാലൺ ദ്യോറും ഈ യുവതാരത്തെ തേടിയെത്തും.

ഹാലണ്ടിനെപ്പോലെയൊരു താരത്തെ സ്വന്തമാക്കാൻ കഴിയാത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഖേദിക്കുന്നുണ്ടാകും. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ വിൻഡോയിൽ ഹാലണ്ടിനെ സ്വന്തമാക്കിയ സിറ്റിയുടെ ഏറ്റവും വലിയ എതിരാളികൾ മാഡ്രിഡായിരുന്നു. എന്നാൽ ഹാലണ്ടിന് പകരം കിലിയൻ എംബാപ്പയെ ടീമിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ റയൽ പിൻമാറി. എന്നാൽ പിഎസ്‌ജിയുമായി കരാർ പുതുക്കിയ എംബാപ്പ റയൽ മാനേജ്‌മെന്‍റിനെ ഒന്നടങ്കം ഞെട്ടിച്ചു. ഇതിനകം ഹാലണ്ട് സിറ്റിയുമായി 51 മില്യൺ യുറോയുടെ കരാറിലെത്തിയിരുന്നു.

കൗമാരപ്രായത്തിൽ തന്നെ ഹാലണ്ടിനെ ടീമിലെത്തിക്കുന്നതിൽ യൂറോപ്പിലെ പല മുൻനിര ടീമുകൾക്കും പിഴച്ചു പോയി. 17-ാം വയസിൽ ഒലെ ഗുന്നർ സോൾസ്‌ജെയറിനു കീഴിൽ മോൾഡെയിൽ കളിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ട്രാൻസ്‌ഫർ പൂർത്തിയാക്കാനായിരുന്നില്ല. 2018 ൽ ആർബി സാൽസ്‌ബർഗിലെത്തിയ താരം തൊട്ടടുത്ത വർഷം തന്നെ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ടുമുണ്ടുമായി കരാറിലെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.