ETV Bharat / sports

മെസി സൗദിയിലേക്ക്... അല്‍ ഹിലാല്‍ ക്ലബിന്‍റേത് റെക്കോഡ് ഓഫർ

author img

By

Published : May 9, 2023, 4:33 PM IST

Lionel Messi Al-Hilal transfer
മെസി സൗദിയിലേക്ക്... അല്‍ ഹിലാല്‍ ക്ലബിന്‍റേത് റെക്കോഡ് ഓഫർ

400 മില്യൺ പൗണ്ടിനാണ് ലയണല്‍ മെസി സൗദി ക്ലബായ അല്‍ ഹിലാലുമായി കരാർ ഒപ്പിടുന്നതെന്നും കരാറിന്‍റെ കൂടുതല്‍ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നുമാണ് അന്തർദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്.

പാരിസ്: അർജന്‍റീനൻ സൂപ്പർ താരം ലയണല്‍ മെസി അടുത്ത സീസണില്‍ ഫ്രഞ്ച് ക്ലബായ പാരീസ് സെയിന്‍റ് ജർമനില്‍ ഉണ്ടാകില്ലെന്ന് അന്തർദേശീയ മാധ്യമമായ എഎഫ്‌പി റിപ്പോർട്ട്. ലയണല്‍ മെസി സൗദി അറേബ്യൻ ക്ലബായ അല്‍ ഹിലാലില്‍ ചേരുമെന്നാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്‌ച നടത്തിയ സൗദി സന്ദർശനത്തിലാണ് കരാറിന്‍റെ പ്രാഥമിക കാര്യങ്ങളില്‍ തീരുമാനമായത്. മെസി മിഡില്‍ ഈസ്റ്റിലേക്ക് പോകുന്നത് റെക്കോഡ് തുകയ്ക്കാണെന്നും റിപ്പോർട്ടിലുണ്ട്.

400 മില്യൺ പൗണ്ടിനാണ് മെസി അല്‍ ഹിലാലുമായി കരാർ ഒപ്പിടുന്നതെന്നും കരാറിന്‍റെ കൂടുതല്‍ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നുമാണ് അന്തർദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്. ഇതോടെ മുപ്പത്തഞ്ചുകാരനായ മെസി സൗദി അറേബ്യൻ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടുമെന്ന് ഉറപ്പായി. വീണ്ടും മെസി-റോണോ പോരാട്ടത്തിനാണ് ഫുട്ബോൾ ലോകം സാക്ഷിയാകാൻ പോകുന്നത്. ഇതോടെ മുപ്പത്തിയേഴുകാരനായ റൊണാൾഡോയേക്കാൾ കൂടുതല്‍ ശമ്പളം മെസിക്കു ലഭിക്കുമെന്നും എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

കരാർ പുതുക്കാൻ പിഎസ്‌ജി: പാരീസ് ജർമൻ ക്ലബിനെ അറിയിക്കാതെ കുടുംബവുമൊത്ത് സൗദി അറേബ്യ സന്ദർശിച്ചതിന് മെസിയെ പിഎസ്‌ജി നേരത്തെ രണ്ടാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ക്ലബില്‍ അസ്വസ്ഥനായിരുന്ന മെസി ഇതോടെ പിഎസ്‌ജി വിടുമെന്ന വാർത്തകൾ സജീവമാകുകയും ചെയ്‌തു. എന്നാല്‍ ക്ലബിനോടും സഹതാരങ്ങളോടും മാപ്പ് പറഞ്ഞ മെസി കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിരുന്നു.

മെസിയുമായി പിഎസ്‌ജി കരാർ പുതുക്കാൻ ഒരുക്കമാണെന്ന വാർത്തകൾ വന്നതിന് തൊട്ടുപിന്നാലെയാണ് സൂപ്പർ താരം സൗദി അറേബ്യൻ ക്ലബുമായി കരാർ ഒപ്പിടുകയാണെന്ന വിവരം പുറത്തുവരുന്നത്.

ബാഴ്‌സയും ആരാധകരും കാത്തിരിക്കുന്നു: മെസി പിഎസ്‌ജി വിടുകയാണെങ്കില്‍ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് ആരാധകർ കരുതിയിരുന്നത്. ബാഴ്‌സലോണയും അത് ആഗ്രഹിച്ചിരുന്നു. മെസിയെ വീണ്ടും സ്‌പെയിനിലെത്തിക്കാൻ ആവശ്യമായ വഴികളെല്ലാം തുറക്കാനിരിക്കെയാണ് മെസി സൗദിയിലേക്ക് പോകാനൊരുങ്ങുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മെസിയെ ടീമിലെത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്നാണ് വിവരം. വർഷങ്ങളോളം സ്‌പാനിഷ് ക്ലബുമായുണ്ടായിരുന്ന ആത്മബന്ധം ഉപേക്ഷിച്ചാണ് 2021ല്‍ ലയണല്‍ മെസി പാരീസ് സെയിന്‍റ് ജർമനിലെത്തിയത്. എന്നാല്‍ പിഎസ്‌ജി കുപ്പായത്തില്‍ വേണ്ട വിധം തിളങ്ങാൻ മെസിക്ക് കഴിഞ്ഞതുമില്ല. പക്ഷേ രാജ്യത്തിനായി ലോകകപ്പ് വരെ നേടിയ മെസി മൈതാനത്ത് ഇപ്പോഴും തകർപ്പൻ ഫോമിലാണെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

മെസി പിഎസ്‌ജി വിടുകയാണെങ്കില്‍ അമേരിക്കൻ സോക്കർ ലീഗിലെ പ്രമുഖ ക്ലബായ ഇന്‍റർ മിയാമിയിലേക്ക് പോകുമെന്ന വാർത്തകളും സജീവമായിരുന്നു. ഇതെല്ലാം മറികടന്നാണ് റെക്കോഡ് തുകയ്ക്ക് മെസി സൗദിയിലേക്ക് പറക്കാനൊരുങ്ങുന്നത്.

മെസി ലോക നെറുകയില്‍: ഇന്നലെയാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ കായിക താരത്തിനുള്ള പുരസ്‌കാരമായ ലോറസ് മെസിക്ക് ലഭിച്ചത്. പാരിസില്‍ നടന്ന ചടങ്ങില്‍ മെസി പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സൂപ്പർതാരം സൗദിയിലേക്ക് പോകുന്നുവെന്ന വാർത്ത വരുന്നത്. കരിയറില്‍ രണ്ടാം തവണയാണ് മെസി ലോറസ് പുരസ്‌കാരം നേടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.