ETV Bharat / sports

നിസ്സാരം...! പിന്നില്‍ നിന്നും തിരിച്ചടിച്ചു, ലാ ലിഗയില്‍ ലാസ് പല്‍മാസിനെതിരെ ബാഴ്‌സലോണയ്‌ക്ക് ജയം

author img

By ETV Bharat Kerala Team

Published : Jan 5, 2024, 7:12 AM IST

Las Palmas vs Barcelona  La Liga Result  Barcelona La Liga Points  ബാഴ്‌സലോണ ലാ ലിഗ
Las Palmas vs Barcelona

Las Palmas vs Barcelona: സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്‌ക്ക് ലാ ലിഗ ഫുട്‌ബോളില്‍ ജയം. എവേ മത്സരത്തില്‍ ലാസ് പല്‍മാസിനെയാണ് ബാഴ്‌സ തകര്‍ത്തത്.

മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ ജയം തുടര്‍ന്ന് ബാഴ്‌സലോണ (Barcelona). സീസണിലെ 19-ാം മത്സരത്തില്‍ ലാസ് പല്‍മാസിനെയാണ് (Las Palmas) ബാഴ്‌സ തകര്‍ത്തത്. ലാസ് പല്‍മാസിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് കറ്റാലന്‍ ക്ലബിന്‍റെ ജയം (Las Palmas vs Barcelona Match Result 2024).

ഫെറാന്‍ ടോറസ് (Ferran Torres), ഇല്‍കായ് ഗുണ്ടോഗന്‍ (Ilkay Gundogan) എന്നിവരാണ് ബാഴ്‌സയ്‌ക്കായി ഗോള്‍ നേടിയത്. മുനിര്‍ എല്‍ ഹദാദി (Munir El Haddadi) ആയിരുന്നു ആതിഥേയര്‍ക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയാണ് മത്സരത്തില്‍ സന്ദര്‍ശകരായ ബാഴ്‌സലോണ ജയം പിടിച്ചത്.

ബാഴ്‌സലോണയാണ് ഗ്രാന്‍ കനേരിയ സ്റ്റേഡിയത്തില്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ പന്ത് കൈവശം വച്ച് കളിച്ച ബാഴ്‌സയ്‌ക്ക് ആതിഥേയരെ പ്രതിരോധത്തിലാക്കാന്‍ സാധിച്ചു. എന്നാല്‍, മത്സരത്തിന്‍റെ 11-ാം മിനിറ്റില്‍ തന്നെ പരിക്കിനെ തുടര്‍ന്ന് പ്രതിരോധനിര താരം ജോവോ കാന്‍സലോ പിന്‍വാങ്ങി.

മത്സരത്തില്‍ ബാഴ്‌സ ആദ്യ മാറ്റം വരുത്തിയതിന് പിന്നാലെ ലാസ് പല്‍മാസ് ലീഡും നേടി. 12-ാം മിനിറ്റില്‍ സാന്ദ്രോയുടെ അസിസ്റ്റില്‍ നിന്നും മുനിര്‍ ബാഴ്‌സയുടെ വലയില്‍ പന്തെത്തിക്കുകയായിരുന്നു. 28-ാം മിനിറ്റില്‍ ലാസ് പാല്‍മാസ് താരം മുനോസിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് പിന്നെയും നിരവധി അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

രണ്ടാം പകുതിയില്‍ ലാസ് പല്‍മാസ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബാഴ്‌സ സമനില ഗോള്‍ കണ്ടെത്തി. സെര്‍ജി റോബര്‍ട്ടോ നല്‍കിയ പാസില്‍ നിന്നാണ് ടോറസ് ബാഴ്‌സലോണയ്‌ക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ, ആതിഥേയര്‍ ആക്രമണവും പ്രതിരോധവും ഒന്ന് കൂടി കടുപ്പിച്ചു.

ഇഞ്ചുറി ടൈമില്‍ ബോക്‌സിനുള്ളില്‍ ഗുണ്ടോഗനെ ഫൗള്‍ ചെയ്‌തതിന് ലാസ് പല്‍മാസ് താരം ഡെലേ സിങ്ക്ഗ്രവന് റെഡ് കാര്‍ഡ് ലഭിച്ചു. പിന്നാലെ, ബാഴ്‌സയ്‌ക്ക് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്ത ഗുണ്ടോഗന്‍ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ച് ബാഴസലോണയുടെ വിജയം ഉറപ്പിച്ചു.

സീസണില്‍ ബാഴ്‌സലോണയുടെ 12-ാം ജയമാണിത്. നിലവില്‍ 41 പോയിന്‍റുള്ള അവര്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡും ജിറോണയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

Also Read : വിവാഹ മോതിരം തിരികെ കിട്ടി; ക്ലോപ്പാശാന്‍റെ ജീവനും തിരികെ വന്നു -വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.